മാട്ടായ വനിത ബാങ്ക് തട്ടിപ്പ്; പ്രതിഷേധത്തിനൊടുവിൽ കേസെടുത്ത് പൊലീസ്
text_fieldsതൃത്താല: സ്ഥിര നിക്ഷേപ പദ്ധതിയില്‍ പണം നഷ്ടപ്പെട്ട ഇടപാടുകാരുടെ പരാതികളില്‍ തൃത്താല പൊലീസ് കേസെടുത്തു തുടങ്ങി. ഞാങ്ങാട്ടിരി മാട്ടായ വനിത കോഓപറേറ്റിവ് സഹകരണ സംഘം സ്ഥാപനത്തിനെതിരെയും അതിലെ പ്രസിഡന്റ്, സെക്രട്ടറി എന്നിവരെയും പ്രതി ചേര്‍ത്താണ് കേസ്. സംഭവം പുറത്തറിയാതിരുന്ന സാഹചര്യത്തിലും ഉന്നതങ്ങളിലെ സമ്മര്‍ദവും മൂലം പൊലീസ് കേസെടുക്കാതെ ഒഴിഞ്ഞുമാറുകയായിരുന്നു.
എന്നാല്‍ കഴിഞ്ഞ ദിവസം ഇടപാടുകാരുടെ സങ്കടം ‘മാധ്യമം’വാര്‍ത്തയാക്കിയതിനു പിന്നാലെ പരാതിക്കാര്‍ സ്റ്റേഷനിലെത്തി പ്രതിഷേധിച്ചിരുന്നു. തുടര്‍ന്ന് ഒരുദിവസം രണ്ട് പരാതികള്‍ എന്ന കണക്കെയാണ് എഫ്.ഐ.ആര് ഇടുന്നത്.നിലവില്‍ 14 ഓളം പേരാണ് പരാതിയുമായി രംഗത്തെത്തിയത്. അതേസമയം, ലക്ഷങ്ങളുടെ ബാധ്യതക്ക് പുറമെ നിരവധി പേരുടെ പണയ സ്വര്‍ണവും നഷ്ടപ്പെട്ടിട്ടുണ്ട്.
നാലുപവന് സ്വർണമാല അരലക്ഷത്തിന് പണയം വെക്കുകയും തിരിച്ചെടുക്കാന്‍ പാകത്തില്‍ 10,000 രൂപ പ്രകാരം അടച്ചുവന്ന വീട്ടമ്മക്ക് മാല തിരിച്ചുകിട്ടിയിട്ടില്ലെന്ന് പരാതിയുണ്ട്.
കൂടാതെ ബാലസംഘം വഴി കുട്ടികളുടെ ചെറിയ സമ്പാദ്യപദ്ധതിയിലൂടെ സ്വരൂപിച്ച പണവും നഷ്ടപ്പെട്ടവയില്‍ ഉള്‍പ്പെടും. ഇതുമായി ബന്ധപെട്ട് ബാലാവകാശ കമീഷനും ഭിന്നശേഷിക്കാരായ കുട്ടികളുടെ പണം നഷ്ടപെട്ടതിന് വികലാംഗ കമീഷനും പരാതി നൽകാനിരിക്കുകയാണ് രക്ഷിതാക്കള്‍. കോണ്‍ഗ്രസ് സമരം ഏറ്റെടുക്കാനുള്ള അണിയറ നീക്കവും നടക്കുന്നുണ്ട്. സ്ഥാപനം ഏറെയായി അടഞ്ഞുകിടക്കുകയാണ്.