തച്ചമ്പാറ ചെന്തുണ്ടിൽ പുലിയിറങ്ങി; പശുക്കിടാവിനെ കൊന്നു
text_fields1. തച്ചമ്പാറ ചെന്തുണ്ടിൽ പുലി പശുക്കിടാവിനെ കൊന്ന സ്ഥലം ജനപ്രതിനിധികളും വനപാലകരും സന്ദർശിക്കുന്നു. 2. ചെന്തുണ്ടിൽ സ്ഥാപിച്ച കൂട്
തച്ചമ്പാറ: പുലി പശുകിടാവിനെ കൊന്നു. തച്ചമ്പാറ ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡിലെ ചെന്തുണ്ട് ഭാഗത്തെ ഈറ്റത്തോട്ടത്തിൽ റജിയുടെ പശുക്കുട്ടിയെയാണ് പുലി കൊന്നത്. കൂട്ടിനടുത്ത് കെട്ടിയിട്ട പശുക്കിടാവിനെയാണ് പാതി തിന്ന ശേഷം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. വീട്ടുകാർ പശുവിന്റെ നിലവിളി കേട്ടപ്പോഴാണ് സംഭവമറിയുന്നത്. രണ്ട് മാസങ്ങൾക്ക് മുമ്പ് ഇയാളുടെ മറ്റൊരു പശുക്കുട്ടിയെ പുലി പിടികൂടിയിരുന്നു.
പാലക്കയം സ്റ്റേഷനിലെ വനപാലകരും ദ്രുത പ്രതികരണ സേനയും സ്ഥലത്തെത്തി പരിശോധിച്ചു. പുലിയുടേതെന്ന് കരുതുന്ന കാൽപാടുകൾ കണ്ടെത്തി. തച്ചമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേരി, മണ്ണാർക്കാട് വനം ഡെപ്യൂട്ടി റെയിഞ്ച് ഓഫിസർ കെ. മനോജ്, വനം ഓഫിസർമാരായ കെ.എസ്. ലക്ഷ്മി ദാസ്, ടി. വേണുഗോപാൽ, സഹജീവനക്കാർ എന്നിവർ സ്ഥലം സന്ദർശിച്ചു.
പുലിയുടെ ആക്രമണത്തിനിരയായ പശുക്കിടാവിനെ വെറ്ററിനറി സർജൻ പോസ്റ്റ്മോർട്ടം നടത്തി. ഇതേ സ്ഥലത്ത് പുലിയെ പിടികൂടാൻ കൂട് സ്ഥാപിച്ചു. ചെന്തുണ്ടിലും പരിസര പ്രദേശങ്ങളിലും മുമ്പ് പുലി ഇറങ്ങിയ പ്രദേശത്ത് കൂട് സ്ഥാപിച്ച് പുലിയെ പിടികൂടിയിരുന്നു. മാസങ്ങളുടെ ഇടവേളക്ക് ശേഷം വീണ്ടും ജനവാസ മേഖലയിൽ പുലി ഇറങ്ങിയത് പ്രദേശവാസികളിൽ പുലി ഭീതി ഇരട്ടിപ്പിച്ചു.


