ഓണം സീസണിൽ യാത്രക്കാരെ കൊള്ളയടിച്ച് റെയിൽവേ
text_fieldsപാലക്കാട്: ഓണത്തോടനുബന്ധിച്ചുള്ള സ്പെഷൽ ട്രയിൻ സർവീസുകളിൽ സ്പെഷൽ നിരക്ക് ഈടാക്കി റെയിൽവെ യാത്രക്കാരുടെ കീശ ചോർത്തുന്നു. സമീപ ദിവസങ്ങളിൽ കേരളത്തിലേക്ക് സാധാരണ സർവീസ് നടത്തുന്ന ട്രെയിനുകളിലെ റിസർവേഷൻ കോച്ചുകളിൽ പ്രധാന നഗരങ്ങളിൽ നിന്നും സീറ്റ് ലഭിക്കാത്ത സാഹചര്യമാണ്. ചെന്നൈ, ബെംഗളൂരു എന്നിവടങ്ങളിൽ നിന്ന് ആഗസ്റ്റ് 29 മുതൽ പുറപ്പെടുന്ന ട്രെയിനുകളിൽ സ്ലീപ്പർ ക്ലാസ് ടിക്കറ്റ് കിട്ടാനില്ല.
സെപ്റ്റംബര്‍ അഞ്ചിനാണ് തിരുവോണം. മുന്‍ വര്‍ഷങ്ങളിലെ പോലെ ഓണാവധിക്ക് ഒന്നോ രണ്ടോ ദിവസങ്ങള്‍ക്ക് മുമ്പ് സ്പെഷല്‍ ട്രെയിന്‍ പ്രഖ്യാപിക്കുന്ന രീതി മാറ്റി നേരത്തെ തന്നെ നടപടി കൈക്കൊള്ളണമെന്നാണ് മലയാളികളുടെ ആവശ്യം. നിലവിലുള്ള നിരക്കിന്റെ 1.3 ശതമാനം അധികം തുകയാണ് സ്പെഷൽ ട്രെയിനിൽ ഈടാക്കുന്നത്.
ദക്ഷിണ റെയിൽവേ ഓണത്തിരക്ക് കുറക്കാൻ ചെന്നൈയിൽ നിന്ന് കൊല്ലത്തേക്ക് മൂന്നും, മംഗളൂരുവിൽ നിന്ന് തിരുവനന്തപുരം നോർത്തിലേക്ക് ആലപ്പുഴ വഴി എട്ടും, മംഗളൂരുവിൽ നിന്ന് കൊല്ലത്തേക്ക് കോട്ടയം വഴി മൂന്നും, ബംഗളുരുവിൽ നിന്ന് തിരുവനന്തപുരം നോർത്തിലേക്കും ഒമ്പതും സ്പെഷൽ ട്രെയിൻ സർവീസ് അനുവദിച്ചിട്ടുണ്ട്. ഇവയെല്ലാം സ്പെഷൽ നിരക്കിലാണ് സർവീസ് നടത്തുന്നത്. മാത്രമല്ല, ഇവയിൽ ജനറൽ കോച്ചുകളും ഒഴിവാക്കി.
സ്റ്റോപ്പുകൾ കുറവായതിനാൽ കുടുതൽ യാത്രക്കാർക്ക് ഉപയോഗപ്പെടുത്താനും കഴിയുന്നില്ല. കോവിഡ് മുമ്പ് വരെ തിരക്കുസമയത്ത് സ്പെഷൽ ട്രെയിനുകൾ അനുവദിക്കാറുണ്ടായിരുന്നെങ്കിലും സ്പെഷൽ നിരക്ക് വാങ്ങിയിരുന്നില്ല. മലയാളികൾ ഏറെയുള്ള മുംബൈ, ഡൽഹി, കൊൽക്കത്ത എന്നിവിടങ്ങളിൽ നിന്ന് കഴിഞ്ഞ ഓണത്തിന് പ്രത്യേക ട്രെയിനുകൾ ഉണ്ടായിരുന്നില്ല. ചെന്നൈ, ബംഗളുരു എന്നിവടങ്ങളിൽ നിന്ന് മാത്രമാണ് അനുവദിച്ചത്. ഓണാവധി തുടങ്ങിയാല്‍ വന്‍ നിരക്ക് വര്ധനവാകും സ്വകാര്യ ബസുകളിലും ഉണ്ടാവുക.