കാപ്പ ചുമത്തി അറസ്റ്റിലായ പ്രതിക്ക് സഹായം ചെയ്ത രണ്ടുപേർകൂടി അറസ്റ്റിൽ
text_fieldsമുഹമ്മദ് അംജാദ്, സുബീഷ്
എടവണ്ണ: എടവണ്ണ പൊലീസ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്ത മുണ്ടേങ്ങര സ്വദേശി കൊളപ്പാടൻ മുഹമ്മദ് നിസ്സാമിന് ഒളിവിൽ കഴിയാൻ സഹായം ചെയ്ത രണ്ടുപേർകൂടി അറസ്റ്റിൽ. പാലക്കാട് കഞ്ചിക്കോട് സ്വദേശികളായ സുപ്രഭാലയം സുബീഷ് (34), അലിഫ് ലൈൻ വില്ലയിൽ മുഹമ്മദ് അംജാദ് (27) എന്നിവരെയാണ് എടവണ്ണ ഇൻസ്പെക്ടർ സി. ബാബു അറസ്റ്റ് ചെയ്തത്.
നിസ്സാമിന് ഒളിവിൽ പാർക്കാൻ സഹായം ചെയ്തെന്നതാണ് കുറ്റം. കഞ്ചിക്കോട് വെച്ചാണ് പൊലീസും ഡാൻസാഫ് അംഗങ്ങളും ചേർന്ന് ഇവരെ പിടികൂടിയത്. പിടിയിലായ സുബീഷ് വധശ്രമം, അടിപിടി, കവർച്ച തുടങ്ങി 12 കേസിൽ പ്രതിയാണ്. എടവണ്ണ ചെമ്പക്കുത്ത് റിദാൻബാസിൽ വധക്കേസിലെ ഏഴാം പ്രതിയായ നിസ്സാമും സുബീഷും ജയിലിൽനിന്നാണ് പരിചയപ്പെട്ടത്. ഇതേ കുറ്റത്തിന് ചെമ്പകുത്ത് സ്വദേശി പുതുക്കോടൻ വിജീഷിനെയും (25) വെള്ളിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
വധശ്രമം, സ്വർണക്കടത്ത്, അടിപിടി, കവർച്ച തുടങ്ങി 12 കേസിൽ പ്രതിയാണ് നിസ്സാം. സീനിയർ സി.പി.ഒ അബ്ദുസ്സമദ്, സി.പി.ഒ അനീഷ്, ദിനേശ്, വി. പ്രജിത്, ഡാൻസാഫ് അംഗങ്ങളായ എൻ.പി. സുനിൽ, അഭിലാഷ് കൈപ്പിനി, ആഷിഫ് അലി, നിബിൻദാസ്, ജിയോ ജേക്കബ് എന്നിവരും ചേർന്നാണ് പ്രതികളെ പിടികൂടിയത്.