തൃത്താല മണ്ഡലത്തില്‍ യു.ഡി.എഫിന് പുതുജീവന്‍
text_fieldsകൂറ്റനാട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ തൃത്താല മണ്ഡലത്തില്‍ യു.ഡി.എഫിന് പുതുജീവന്‍. തൃത്താല ബ്ലോക്ക് ഡിവിഷനുകളില്‍ ഇരുവിഭാഗവും തുല്യത കൈവരിച്ചിരിക്കുകയാണ്. കഴിഞ്ഞ തവണത്തെ രണ്ടില്‍നിന്നും എട്ടിലെത്തി കോണ്‍ഗ്രസ് ശക്തി തെളിയിച്ചു. ഗ്രാമപഞ്ചായത്തുകളിലാകട്ടെ കുത്തകയെന്ന് അവകാശപെട്ടിരുന്ന നാഗലശ്ശേരി എല്‍.ഡി.എഫ് നിലനിര്‍ത്തി. ഇവിടെ യു.ഡി.എഫിന് കഴിഞ്ഞതവണത്തെ മൂന്ന് വാര്‍ഡില്‍ തന്നെ ഒതുങ്ങേണ്ടിവന്നു. ബി.ജെ.പിയുടെ ഒരുവാര്‍ഡ് കൂടി എല്‍.ഡി.എഫ് പിടിച്ചു. തിരുമിറ്റകോട് കഴിഞ്ഞതവണ 12 വാര്‍ഡാണ് എല്‍.ഡി.എഫിനുണ്ടായിരുന്നത്. വിഭജനത്തിലൂടെ 20വാര്‍ഡായെങ്കിലും 11മായി ഭരണതുടര്ച്ചയുണ്ട്. എന്നാല്‍ യു.ഡി.എഫ് ഇവിടെയും ശക്തമായ മുന്നേറ്റം നടത്തി. കഴിഞ്ഞ തവണത്തെ ആറില്‍നിന്നും ഒമ്പത് വാര്‍ഡുകളുമായി ഉയര്‍ത്തി. തൃത്താല പഞ്ചായത്തില്‍ അട്ടിമറിജയം തന്നെ നടത്തി. പഞ്ചായത്ത് രണ്ടര പതിറ്റണ്ടിന് ശേഷം യു.ഡി.എഫ് പിടിച്ചെടുത്താണ് സി.പി.എമ്മിന് കനത്ത പ്രഹരം ഏല്‍പ്പിച്ചത്. 13 സീറ്റ് യു.ഡിഎഫ് നേടിയപ്പോള്‍ കേവലം ആറ് സീറ്റാണ് സി.പി.എമ്മിന് ലഭിച്ചത്. കഴിഞ്ഞ തവണ 17ല്‍ 12എണ്ണം നേടി അധികാരത്തിലെത്തിയ എല്‍.ഡി.എഫ് ഇത്തവണ ആറില്‍ ഒതുങ്ങി. 19വാര്‍ഡില്‍ 13 നേടിയാണ് യു.ഡി.എഫ് വിജയിച്ചത്.
കപ്പൂർ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് വ്യക്തമായ മേൽക്കൈ നേടി. ആകെ 20 വാർഡുകളുള്ള പഞ്ചായത്തിൽ 13ഉം സ്വന്തമാക്കിയ യു.ഡി.എഫ് ഭരണാധികാരം ഉറപ്പിച്ചു. ഭരണകക്ഷിയായിരുന്ന എൽ.ഡി.എഫ് ആറ് വാർഡുകളിൽ മാത്രമാണ് വിജയിച്ചത്. കഴിഞ്ഞ തവണ ഇരുകൂട്ടരും തുല്യതയിലെത്തിയതോടെ നറുക്കെടുപ്പിലൂടെയാണ് ഭരണം എല്‍.ഡി.എഫിനായത്. ഇവിടെ ആദ്യമായി എസ്.ഡി.പി.ഐ ഒരു വാർഡിൽ വിജയം നേടി.ചാലിശ്ശേരി പഞ്ചായത്ത് യു.ഡി.എഫ് നിലനിർത്തി. കഴിഞ്ഞതവണത്തെ അനുപാതത്തില്‍ തന്നെയാണ് വിജയം. പട്ടിത്തറയും യു.ഡി.എഫ് നിലനിര്‍ത്തി. ഇത്തവണ പട്ടിത്തറ തിരിച്ച് പിടിക്കുമെന്ന് അവകാശപ്പെട്ടതാണ് സിപി.എം. പാര്‍ട്ടി ഏരിയ സെക്രട്ടറിയുടെ പഞ്ചായത്തുകൂടിയാണിത്. കഴിഞ്ഞ തവണ 12 സീറ്റ് നേടിയ യു.ഡി.എഫ് വാര്‍ഡ് വർധനവുകൂടി കണക്കിലെടുത്ത് ഇത്തവണ 13 സീറ്റ് നേടി ഭരണം നിലനിര്‍ത്തിയപ്പോള്‍ സി.പി.എമ്മിന് ആറ് സീറ്റീല്‍ എട്ട് സീറ്റായി ഉയര്‍ത്താന്‍ മാത്രമാണ് കഴിഞ്ഞത്. ആനക്കരയില്‍ 19 വാര്‍ഡില്‍ ഒമ്പത് എണ്ണം നേടിയ യു.ഡി.എഫ് ഭരണം നിലനിര്‍ത്തി. ഏഴ് വാര്‍ഡ് എല്‍.ഡി.എഫ് നേടിയപ്പോള്‍ ബി.ജെ.പി ഒരുവാര്‍ഡ് കരസ്ഥമാക്കി.


