കാർ വൈദ്യുതി കാലിലേക്ക് ഇടിച്ചുകയറി അപകടം; തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന ഉദ്യോഗസ്ഥനാണ് അപകടത്തിൽ പെട്ടത്
text_fieldsഅകമലയിൽ അപകടത്തിൽപെട്ട കാർ
വടക്കാഞ്ചേരി: തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന പ്രിസൈഡിങ് ഓഫിസറുടെ കാർ നിയന്ത്രണം വീട്ട് വൈദ്യുതി കാലിലേക്കും സമീപത്തെ വഴിവാണിഭ കേന്ദ്രത്തിലേക്കും ഇടിച്ചുകയറി. ഷൊർണൂർ-കൊടുങ്ങല്ലൂർ സംസ്ഥാന പാതയിൽ അകമല പത്മനാഭ ഹോട്ടലിന് സമീപം വെള്ളിയാഴ്ച പുലർച്ച രണ്ടോടെയാണ് അപകടം.
പാലക്കാട് മുണ്ടൂരിൽ പ്രിസൈഡിങ് ഓഫിസറായി തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന അത്താണി സ്വദേശി ബിജു ജോർജ് ഓടിച്ച കാർ നിയന്ത്രണം വിട്ടാണ് അപകടം. അപകടത്തിൽ കെ.എസ്.ഇ.ബിയുടെ രണ്ട് വൈദ്യുതി കാലുകളും സമീപത്തെ മതിലും തകർന്നു. പുലർച്ചയായതിനാൽ വലിയ ദുരന്തം ഒഴിവായി.
അപകടത്തെ തുടർന്ന് മേഖലയിൽ വൈദ്യുതി ബന്ധം പൂർണമായി തടസ്സപ്പെട്ടു.
വടക്കാഞ്ചേരി എസ്.ഐ ഹുസൈനാറുടെ നേതൃത്വത്തിൽ ഹൈവേ പൊലീസും ചെറുതുരുത്തി സി.ഐയും സ്ഥലത്തെത്തി. നിസ്സാര പരിക്കേറ്റ ബിജു ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


