ടാറിങ്ങിന് പകരം കോൺക്രീറ്റ്; മംഗലം ലിങ്ക് റോഡിൽ ഒരു മാസത്തേക്ക് ഗതാഗത തടസ്സം
text_fieldsപ്രതീകാത്മക ചിത്രം
വടക്കഞ്ചേരി: വെറും ഒരു ദിവസം കൊണ്ട് ടാർ ചെയ്ത് തീർക്കാവുന്ന പണിക്കായി ഒരു മാസത്തേക്ക് പ്രധാന പാത അടച്ചിട്ട് പൊതുമരാമത്ത് വകുപ്പിന്റെ ‘പരിഷ്കാരം’. വടക്കഞ്ചേരി ബസാർ റോഡിൽ നിന്നും മംഗലം ലിങ്ക് റോഡ് ചേരുന്ന ജങ്ഷനിലെ അമ്പത് മീറ്ററോളം ഭാഗമാണ് ടാർ ചെയ്യുന്നതിന് പകരം കോൺക്രീറ്റ് ചെയ്ത് നവീകരിക്കാൻ ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി തിങ്കളാഴ്ച മുതൽ ഒരു മാസത്തേക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
മൂന്ന് വർഷം മുമ്പ് ടാർ ചെയ്ത റോഡിലെ നിർമാണ അപാകതകൾ മൂടിവെക്കാനാണ് പത്തിരട്ടി തുക ചെലവാക്കി ഇപ്പോൾ കോൺക്രീറ്റ് ചെയ്യുന്നതെന്ന് ആക്ഷേപമുണ്ട്. റോഡിന്റെ രണ്ട് അറ്റങ്ങളിലും ടാർ റോഡുകളായിരിക്കെ ഈ ചെറിയദൂരം മാത്രം കോൺക്രീറ്റ് ചെയ്യുന്നതിന്റെ യുക്തി യാത്രക്കാർക്ക് മനസ്സിലാകുന്നില്ല. അറ്റകുറ്റപ്പണി നടത്താതെ ക്വാറി വേസ്റ്റ് മാത്രം ഇട്ട് റോഡ് നശിപ്പിച്ച ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണം വേണമെന്ന് പൊതുപ്രവർത്തകർ ആവശ്യപ്പെട്ടു. മുമ്പ് നടത്തിയ കലുങ്ക് നിർമാണവും ടാറിങ്ങും പരാജയപ്പെട്ട ഇടത്താണ് വീണ്ടും ലക്ഷങ്ങൾ പാഴാക്കുന്നത്.
ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതോടെ വാഹനങ്ങൾ കിലോമീറ്ററുകളോളം ചുറ്റി സഞ്ചരിക്കേണ്ട അവസ്ഥയിലാണ്. പൊള്ളാച്ചി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ വടക്കഞ്ചേരി ടൗണിൽ നിന്നും റോയൽ ജങ്ഷൻ വഴി മംഗലം ഓവർ ബ്രിഡ്ജിന് അടിയിലൂടെ മംഗലം ജങ്ഷനിലെത്താൻ നാലു കിലോമീറ്റർ അധികം സഞ്ചരിക്കണം. ഇതിനായി പതിനഞ്ച് മിനിറ്റോളം സമയം നഷ്ടപ്പെടുന്നു.
പാലക്കാട് ഭാഗത്തുനിന്ന് ടൗണിലേക്ക് വരുന്ന വാഹനങ്ങൾ തങ്കം ജങ്ഷനിൽ നിന്ന് തിരിച്ചുവിടുന്നത് വടക്കഞ്ചേരി ടൗണിലും റോയൽ ജങ്ഷനിലും രൂക്ഷമായ ഗതാഗതക്കുരുക്കിന് കാരണമാകുന്നു. മുടപ്പല്ലൂർ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ അഞ്ചുമൂർത്തി മംഗലം വഴി ദേശീയപാതയിൽ പ്രവേശിക്കേണ്ട അവസ്ഥയാണ്. കഴിഞ്ഞ മൂന്ന് വർഷമായി മംഗലം ജങ്ഷൻ പൊതുമരാമത്ത് വകുപ്പിന്റെ പരീക്ഷണശാലയായി മാറിയിരിക്കുകയാണ്.
പത്ത് മാസം മുമ്പ് നിർമിച്ച വില്ലേജ് ഓഫിസ് ജങ്ഷനിലെ കലുങ്ക് തകർന്ന് വീണ്ടും പൊളിച്ചു പണിതിരുന്നു. നേരത്തെ നടത്തിയ ടാറിങ്ങും പരാജയപ്പെട്ടതിന് പിന്നാലെയാണ് പുതിയ പരീക്ഷണം. തുടർച്ചയായുണ്ടാകുന്ന ഇത്തരം നിർമാണങ്ങളും റോഡ് അടച്ചിടലും ദേശീയപാതയിൽ ഉൾപ്പെടെ അപകടസാധ്യത വർധിപ്പിക്കുകയാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.


