മംഗലം-ഗോവിന്ദാപുരം റോഡ് തകർന്ന നിലയിൽ
text_fieldsതകർന്നു കിടക്കുന്ന മംഗലം-ഗോവിന്ദാപുരം പാതയിൽ വള്ളിയോട് ഭാഗത്തെ കുഴികൾ
വടക്കഞ്ചേരി: മംഗലം-ഗോവിന്ദാപുരം അന്തർസംസ്ഥാന പാതയുടെ നവീകരണം വൈകുന്നതിനാൽ യാത്രക്കാർ ദുരിതത്തിൽ. തമിഴ്നാട്ടിലെ പ്രധാന വ്യാപാര, വിനോദസഞ്ചാര, തീർഥാടന കേന്ദ്രങ്ങളിലേക്കുള്ള പ്രധാന പാതയാണിത്. ഒരു വർഷം മുമ്പ് ടെൻഡർ നടപടികൾ പൂർത്തിയാക്കിയെങ്കിലും കരാറുകാരൻ പണി തുടങ്ങിയിട്ടില്ല.
വടക്കഞ്ചേരിയിൽ മംഗലം പാലം മുതൽ ചിറ്റിലംചേരി വരെയുള്ള ഭാഗം ഇരുചക്രവാഹനങ്ങൾക്ക് പോലും സഞ്ചരിക്കാനാവാത്ത വിധം തകർന്ന നിലയിലാണ്. ഇതേ പാതയിലെ മുടപ്പല്ലൂർ-പന്തപ്പറമ്പ്-കാത്താംപൊറ്റ മേഖലകളിലും സ്ഥിതി അതീവ ഗുരുതരമാണ്. വലിയ കുഴികളിൽ വീണ് ദിവസേന അപകടങ്ങൾ സംഭവിക്കുന്നുണ്ട്. ഈ റോഡിലൂടെയുള്ള യാത്ര വാഹനങ്ങൾക്ക് സ്ഥിരം തകരാറുകൾ വരുത്തുന്നു.
നവീകരണത്തിന് ടെൻഡർ ലഭിച്ച കരാറുകാരൻ റോഡ് പരിപാലിക്കാൻ ബാധ്യസ്ഥനാണ്. എന്നിട്ടും വലിയ കുഴികളിൽ താൽക്കാലികമായി മിശ്രിതം നിറച്ച് ഒഴിഞ്ഞുമാറുകയാണ്. ഈ പരിഹാരങ്ങൾ ദിവസങ്ങൾക്കകം വീണ്ടും തകരുന്ന സ്ഥിതിയാണ്.
മഴയുടെ പേരുപറഞ്ഞ് പണി വൈകിപ്പിക്കുന്നതിന് പിന്നിൽ പുതിയ നിരക്കിൽ എസ്റ്റിമേറ്റ് തയാറാക്കി അധിക തുക ഈടാക്കാനുള്ള കരാറുകാരന്റെ തന്ത്രമാണെന്ന് വാഹന ഉടമകൾ ആരോപിക്കുന്നു. ഇത് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് അധികൃതർ മൗനം പാലിക്കുകയാണ്.
പരാതികൾ ലഭിക്കുമ്പോൾ പിഴ ചുമത്തിയെന്ന് പറഞ്ഞ് അധികൃതർ ഒഴിഞ്ഞുമാറുന്നു. എന്നാൽ കരാറുകാരനെതിരെ നിയമനടപടി സ്വീകരിക്കാനോ പണി വേഗത്തിൽ പൂർത്തിയാക്കാൻ നിർദേശിക്കാനോ അവർ തയാറാകുന്നില്ല.
ദിവസേന നൂറുകണക്കിന് ബസുകൾ സർവിസ് നടത്തുന്ന ഈ റൂട്ടിൽ സമയക്രമം തെറ്റുന്നത് പാലക്കാട്-തൃശൂർ റൂട്ടിലെ ബസ്സുകളുമായി തർക്കങ്ങൾക്ക് കാരണമാവുന്നുണ്ട്. ചിലയിടങ്ങളിൽ ഓട്ടോറിക്ഷ തൊഴിലാളികളും വ്യാപാരികളും പണം പിരിച്ച് ക്വാറി മാലിന്യം പോലുള്ളവ ഉപയോഗിച്ച് കുഴികൾ അടക്കുന്നുണ്ട്. അധികൃതരുടെ നിസ്സഹായത മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങൾ, ടെൻഡർ നടപടികൾ പൂർത്തിയായിട്ടും പണി ആരംഭിക്കാത്തതിൽ പ്രതിഷേധത്തിന് ഒരുങ്ങുകയാണ്.