സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ കൂടുതലും വീട്ടിൽ തന്നെ
text_fieldsകുടുംബശ്രീ സ്നേഹിത ജൻഡർ ഹെൽപ് ഡെസ്ക്
പാലക്കാട്: സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷയും താൽക്കാലിക അഭയവും ഒരുക്കാനായി പ്രവർത്തിച്ചുവരുന്ന കുടുംബശ്രീ സ്നേഹിത ജൻഡർ ഹെൽപ് ഡെസ്കിൽ കഴിഞ്ഞ സാമ്പത്തികവർഷം രജിസ്റ്റർ ചെയ്തത് 580 കേസുകൾ. 2024 ഏപ്രിൽ ഒന്നുമുതൽ 2025 മാർച്ച് 31 വരെയാണ് ഇത്രയും കേസുകൾ രജിസ്റ്റർ ചെയ്തത്.
സ്വന്തം വീടുകളിൽനിന്നും ഭർത്താവിൽനിന്നും പങ്കാളികളിൽനിന്നും ശാരീരിക-മാനസിക-ലൈംഗിക അതിക്രമങ്ങൾ നേരിട്ട സ്ത്രീകളാണ് കൂടുതലും സ്നേഹിതയിൽ എത്തിയത്. കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങളും കുറവല്ല. ഇക്കാലയളവിൽ 47 പോക്സോ കേസുകളാണ് സ്നേഹിത വഴി രജിസ്റ്റർ ചെയ്തത്.
പൊലീസും ശിശുക്ഷേമസമിതിയും റഫർ ചെയ്യുന്ന കേസുകളാണ് സ്നേഹിതയിൽ വരാറുള്ളത്. ഇവർക്ക് ആവശ്യമായ കൗൺസിലിങ് സ്നേഹിതയിൽ നൽകാറുണ്ട്. കഴിഞ്ഞവർഷം 281 കൗൺസിലിങ് കേസുകളും രജിസ്റ്റർ ചെയ്തു. 476 പേർക്ക് കൗൺസിലിങ് നൽകി. ഇതിൽ 285 സ്ത്രീകളും 94 പുരുഷന്മാരും ഉൾപ്പെടുന്നു. 78 പെൺകുട്ടികൾക്കും 19 ആൺകുട്ടികൾക്കും കൗൺസിലിങ് നൽകി. 729 കൗൺസിലിങ് സെഷനുകളും ചെയ്തു.
2015 ഏപ്രിൽ ആറിനാണ് ജില്ലയിൽ കുടുംബശ്രീ സ്നേഹിത ജൻഡർ ഹെൽപ് ഡെസ്ക് പ്രവർത്തനം ആരഭിച്ചത്. കഴിഞ്ഞ 10 വർഷത്തിനിടെ 4772 കേസുകൾ രജിസ്റ്റർ ചെയ്തു. 1700 ഓളം പേർക്ക് താൽക്കാലിക അഭയം നൽകി. ഗുരുതര കേസുകൾ പൊലീസ് സ്റ്റേഷനിലേക്ക് കൈമാറും.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ലിംഗസമത്വം കൊണ്ടുവരാനായി ജൻഡർ ക്ലബ്, പരീക്ഷാപേടി അകറ്റാനും സമ്മർദം കുറക്കാനുമായി ബി കോൺഫിഡന്റ്, ഈസി എക്സാം, ലഹരിക്കെതിരെ നമ്മത്ത് ഉസ്റ് (നമ്മുടെ ജീവൻ), വേനലവധിയിൽ ബാലസഭ അംഗങ്ങൾക്കായുള്ള ശിൽപശാല കളിക്കൂട്ട്, സ്വയരക്ഷക്കായി സ്വയം പ്രതിരോധം എന്നിങ്ങനെ വിവിധ പദ്ധതികൾ സ്നേഹിതയുടെ കീഴിൽ നടപ്പാക്കി വരുന്നുണ്ട്.
പാലക്കാട് സിവിൽ സ്റ്റേഷന് പുറകിൽ ജില്ല വ്യവസായ കേന്ദ്രത്തിനു മുന്നിലെ കെട്ടിടത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്നേഹിതയിൽ 11 ജീവനക്കാരാണുള്ളത്. അഞ്ചുപേർ സേവനദാതാക്കളാണ്. രണ്ട് പ്രഫഷനൽ കൗൺസിലർമാർ. മറ്റ് നാലുപേർ വിവിധ ചുമതലകൾ നിർവഹിക്കുന്നു.
ജില്ലയിൽ 119 സ്കൂളുകളിലും 19 കോളജുകളിലും ജൻഡർ ക്ലബുകൾ ആരംഭിച്ചിട്ടുണ്ട്. സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള താൽക്കാലിക അഭയം, യാത്രക്കിടയിൽ ഒറ്റപ്പെടുന്ന സ്ത്രീകൾക്കും കുട്ടികൾക്കും താൽക്കാലിക ആശ്രയം, 24 മണിക്കൂർ സൗജന്യ കൗൺസിലിങ്, പൊലീസ് നിയമ കൗൺസിലിങ്, അത്യാവശ്യഘട്ടങ്ങളിൽ വൈദ്യസഹായം, സുരക്ഷ അതിജീവനം, ഉപജീവനം, ബോധവത്കരണം, ലീഗൽ സർവിസ് അതോറിറ്റിയുടെ സൗജന്യ നിയമസഹായം, എല്ലാ ആഴ്ചയും പ്രത്യേക നിയമസഹായ ക്ലിനിക്കുകൾ എന്നിവ സ്നേഹിത ഉറപ്പു നൽകുന്നു.
കൂടാതെ ജില്ലയിലെ ഡിവൈ.എസ്.പി ഓഫിസുകളിൽ സ്നേഹിത എക്സ്റ്റൻഷൻ സെന്ററുകളും പ്രവർത്തിക്കുന്നുണ്ട്. ഏതെങ്കിലും തരത്തിലുള്ള അതിക്രമങ്ങൾക്ക് വിധേയരാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും അടിയന്തര സഹായത്തിനായി 0491 2505111, 9605423474, 1800 425 2018 എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്ന് കുടുംബശ്രീ ജില്ല മിഷൻ കോഓഡിനേറ്റർ കെ.കെ. ചന്ദ്രദാസ് അറിയിച്ചു. 11-ാം വർഷത്തിലേക്ക് കടക്കുമ്പോൾ സ്നേഹിതയുടെ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജജസ്വലമാക്കാനുള്ള തയാറെടുപ്പിലാണ് കുടുംബശ്രീ ജില്ല മിഷൻ.