വേർപാടിൽ വേദനിച്ച് വി.എസിന്റെ ‘സാരഥി’
text_fieldsനെന്മാറ: വി.എസ്. അച്യുതാനന്ദന്റെ വേർപാടിൽ തേങ്ങുകയാണ് ഒന്നര പതിറ്റാണ്ടോളം അദ്ദേഹത്തിന്റെ സന്തതസഹചാരിയായിരുന്ന അളുവശ്ശേരി സ്വദേശി സുന്ദരനും കുടുംബവും. പ്രതിപക്ഷനേതാവായിരുന്ന കാലം മുതൽ സുന്ദരൻ വി.എസിന്റെ ഡ്രൈവറായി ഒപ്പമുണ്ടായിരുന്നു. മുഖ്യമന്ത്രിയായപ്പോഴും അതു തുടർന്നു.
സുന്ദരന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങൾക്കെല്ലാം വി.എസിന്റെ സാന്നിധ്യമുണ്ടായിരുന്നതായി ബന്ധുക്കൾ ഓർക്കുന്നു. വി.എസ് മുഖ്യമന്ത്രിയായിരുന്നപ്പോൾ വിവിധ ആവശ്യങ്ങൾക്കായി സുന്ദരനെ കാണാനെത്തിയവർ അനേകമായിരുന്നു. സാധ്യമായ സഹായങ്ങൾ സുന്ദരൻ നാട്ടുകാർക്ക് ചെയ്തുകൊടുത്തിരുന്നു. വി.എസിന്റെ പി.എയായിരുന്ന എ. സുരേഷുമായുള്ള പരിചയമായിരുന്നു സുന്ദരനെ വി.എസിന്റെ ഡ്രൈവറാക്കിമാറ്റിയത്.
ഡ്രൈവർജോലി ഒഴിഞ്ഞതിനുശേഷവും ഇടക്ക് വി.എസിനെ സുന്ദരനും കുടുംബവും സന്ദർശിക്കാറുണ്ടായിരുന്നു. രോഗാവസ്ഥയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന വി.എസിനെ കാണാൻ അടുത്തിടെ സുന്ദരനും ഭാര്യ സീജയും തിരുവനന്തപുരത്ത് പോയിരുന്നു. വി.എസിന്റെ ആദർശജീവിതത്തെ ആരാധനയോടെ കണ്ടിരുന്ന സുന്ദരനും കുടുംബവും കുടുംബപരമായ വിശേഷങ്ങളെല്ലാം വി.എസിനെയും കുടുംബാംഗങ്ങളെയും അറിയിച്ചിരുന്നു.