ഓർമകൾ നെഞ്ചേറ്റി ചാലിശ്ശേരി ഗ്രാമം
text_fieldsകൂറ്റനാട്: പ്രതിപക്ഷനേതാവായിരിക്കെ രണ്ട് പതിറ്റാണ്ടിന് മുമ്പ് വി.എസ്. അച്യുതാനന്ദൻ ഉദ്ഘാടനത്തിനെത്തിയതും തുടര്‍ന്ന് പ്രദേശവാസികൾക്കൊപ്പമുള്ള ഉച്ചയൂണും സൗഹൃദസംഭാഷണങ്ങളും കുശലാന്വേഷണവും വേദനയോടെ ഓര്‍ത്തെടുക്കുകയാണ് ചാലിശ്ശേരിക്കാര്. അന്തരിച്ച വിപ്ലവനേതാവിന്റെ അക്കാലത്തെ സാന്നിധ്യം വലിയൊരു ആത്മബന്ധത്തിന്റെ ആഴങ്ങളിലേക്ക് എത്തിയ സന്തോഷവും പങ്കിടുകയാണവർ. ചാലിശ്ശേരി പഞ്ചായത്തിന്റെ വികസന യാത്രയിൽ പുതുതായി പണി തീർത്ത കമ്യൂണിറ്റി ഹാൾ നിർമിച്ചതിന്റെ ഉദ്ഘാടനം നിര്‍വഹിക്കാനാണ് 2006 ജനുവരി 19ന് വി.എസ് ചാലിശേരിയിലെത്തിയത്.
രാവിലെ 11.30ന് ഉദ്ഘാടന വേദിയിൽ അച്യുതാനന്ദൻ പതിവ് ശൈലിയിൽ ജനങ്ങളെ അഭിസംബോധന ചെയ്തു. നേരുളള, തർക്കങ്ങളൊഴിഞ്ഞ, മനസ്സിൽ ഇടം പിടിക്കാവുന്ന സരസഭാഷയിൽ സംസാരിച്ചു തുടങ്ങി. ദേശീയ തലത്തിൽ നടക്കുന്ന കാര്യങ്ങൾ മുതൽ ഗ്രാമീണ ജനങ്ങളുടെ പ്രശ്നങ്ങൾ വരെ എടുത്ത് പറഞ്ഞത് സദസ്സിന് ശക്തിയും ആത്മവിശ്വാസവും പകരുന്നതായിരുന്നു. വേദിയിൽ നിന്നിറങ്ങിയ അദ്ദേഹം വിശ്രമിക്കാനെത്തിയത് പാർട്ടി കുടുംബമായ പൊട്ടകുളങ്ങര ഭാസ്കരന്റെ വീട്ടിലായിരുന്നു. അന്ന് തൃത്താലയിലെ മുതിർന്ന സി.പി.എം നേതാക്കളായ കെ.ടി. ഗോപി, ടി.പി. കുഞ്ഞുണ്ണി, എസ്. അജയ്കുമാർ, പഞ്ചായത്ത് പ്രസിഡന്റ് ടി.എം. കുഞ്ഞുകുട്ടൻ, പി.ആർ. കുഞ്ഞുണ്ണി ഉൾപ്പെടെ മുതിർന്ന നേതാക്കളും വീട്ടിലെത്തി.
ഭാസ്കരന്റെ മകനും ലോക്കൽ കമ്മിറ്റിയംഗവുമായ സുനിൽ, മാതാവ് ശോഭന, സുനിലിന്റെ ഭാര്യ സന്ധ്യ, ഇവരുടെ മാതാവ് ശാരദ തുടങ്ങി മറ്റു കുടുംബക്കാരും ചേർന്ന് സമൃദ്ധമായ സദ്യയൊരുക്കി. രണ്ട് മണിക്കൂർ നേരം വിശ്രമിച്ച വി.എസ് വീട്ടിൽ വാർത്തസമ്മേളനം നടത്തി കുടുംബവുമായി ഗ്രൂപ് ഫോട്ടോയുമെടുത്താണ് മടങ്ങിയത്. ഗ്രാമത്തിലെത്തി രണ്ട് പതിറ്റാണ്ട് പിന്നിടുന്ന വി.എസിന്റെ ഓർമകൾക്ക് മുന്നിൽ അന്ത്യാഞ്ജലി അർപ്പിക്കുകയാണ് ചാലിശേരി ഗ്രാമം.