മാത്തൂരിലെ മൾട്ടിപർപ്പസ് സ്റ്റേഡിയം എന്ന് പൂർത്തിയാവും?
text_fieldsഅഞ്ചു വർഷം മുമ്പ് പണി തുടങ്ങിയ മാത്തൂരിലെ മൾട്ടിപർപ്പസ് സ്‌റ്റേഡിയം കാടുമൂടിയ നിലയിൽ
മാത്തൂർ: നിയുക്ത പാലക്കാട് എം.എൽ.എ രമേഷ് പിഷാരടിക്കുമുന്നിൽ മാത്തൂരുകാർക്ക് അേന്വഷിക്കാനുള്ളത് അഞ്ച് വർഷം മുമ്പ് പണി തുടങ്ങി ഇന്നും പാതിവഴിയിൽ നിൽക്കുന്ന മൾട്ടിപർപ്പസ് സ്റ്റേഡിയം എന്ന് പൂർത്തീകരിക്കുമെന്നാണ്. ഷാഫി പറമ്പിൽ എം.എൽ.എ ആയിരിക്കെ കിഫ്ബിയിൽ നിന്ന് 99 ലക്ഷം രൂപ അനുവദിച്ച് അഞ്ചു വർഷം മുമ്പ് പണി തുടങ്ങിയ മാത്തൂരിലെ മൾട്ടിപർപ്പസ് സ്റ്റേഡിയം നിർമാണം പൂർത്തിയാകുന്നതും കാത്ത് പ്രതീക്ഷയോടെ കായികപ്രേമികളുടെ കാത്തിരിപ്പ് നീളുകയാണ്.
കോട്ടായി-കുഴൽമന്ദം പ്രധാന പാതയോരത്ത് മാത്തൂർ പഞ്ചായത്താഫിസിനു സമീപം മലമ്പുഴ കനാൽ പുറമ്പോക്ക് സ്ഥലത്ത് പണിയുന്ന സ്റ്റേഡിയമാണ് അഞ്ചു വർഷമായിട്ടും പകുതിപോലും പൂർത്തീകരിക്കാതെ കിടക്കുന്നത്. നിർദിഷ്ട സ്റ്റേഡിയത്തിൽ നിർമാണം നടത്തിയ കെട്ടിടവും അനുബന്ധ സംവിധാനങ്ങളും കാടുമൂടിക്കിടക്കുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പിനുശേഷം പണി പൂർത്തീകരിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും അതും പാഴ് വാക്കായി. കായികരംഗത്ത് വലിയ മുന്നേറ്റം നടക്കുന്ന മാത്തൂരിലെ വിദ്യാർഥികളും യുവജനങ്ങളും സ്റ്റേഡിയം പൂർത്തീകരണത്തിനായി ഏറെ പ്രതീക്ഷയോടെ കാത്തിരിപ്പാണ്.


