എടത്തനാട്ടുകര ഡിവിഷനിൽ നാരീപോര്
text_fieldsസറീന, സൈനബ
അലനല്ലൂർ: സാമൂഹ്യ രംഗത്ത് മികവാർന്ന സേവനങ്ങൾ ചെയ്യുന്ന രണ്ട് വനിതകളാണ് മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് എടത്തനാട്ടുകര ഡിവിഷനിൽനിന്ന് മത്സരിക്കുന്നത്. മുൻകാലങ്ങളിലെല്ലാം യു.ഡി.എഫിന് വൻ ഭൂരിപക്ഷം നൽകുന്ന ഡിവിഷനാണിത്. ഇത്തവണ പിടിച്ചെടുക്കാനുള്ള പോരാട്ടത്തിലാണ് എൽ.ഡി.എഫ്. യു.ഡി.എഫ് സ്ഥാനാർഥിയായി ടി.പി. സൈനബ, എൽ.ഡി.എഫ് സ്ഥാനാർഥിയായി സറീന മുജീബ് എന്നിവരാണ് പോർകളത്തിലുള്ളത്.
ലീഗ് സ്ഥാനാർത്ഥിയായ ടി.പി. സൈനബ അലനല്ലൂർ ഗ്രാമ പഞ്ചായത്ത് സി.ഡി എസ് അംഗം, തൊഴിലുറപ്പ് പദ്ധതി മേറ്റ്, ആശാവർക്കർ, പാലിയേറ്റീവ് വളന്റിയർ, വനിത ലീഗ് മേഖല ജനറൽ സെക്രട്ടറി, ആശാ വർക്കേഴ്സ് യൂനിയൻ എസ്.ടി.യു. സംസ്ഥാന വൈസ് പ്രസിഡൻറ്, ജി.ഒ.എച്ച്.എസ് സ്കൂൾ എം.പി. ടി. എ പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. കോവിഡ് സമയത്ത് വിഷിഷ്ഠ സേവനത്തിന് 25000 രൂപയും പ്രശസ്തി പത്രവും നൽകി ജനകീയ കമ്മറ്റി ആദരവ് നൽകിയിട്ടുണ്ട്.
സറീന മുജീബ് അലനല്ലൂർ സർവിസ് സഹകരണ ബാങ്ക് ഡയറക്ടർ, എടത്തനാട്ടുകര ചാരിറ്റി വനിത വിങ് സെക്രട്ടറി, പാലിയേറ്റീവ് വളന്റിയർ, എടത്തനാട്ടുകര യുവജന കൂട്ടായ്മ എക്സിക്യൂട്ടീവ് അംഗം, എടത്തനാട്ടുകര ടി.എ.എം.യു.പി സ്കൂൾ, ജി.ഒ.എച്ച്.എസ് എന്നിവിടങ്ങളിൽ എം.പി.ടി.എ പ്രസിഡൻറ്, വെള്ളിയഞ്ചേരി സ്കൂൾ, മണ്ണാർക്കാട് എം.ഇ.എസ് സ്കൂൾ പി.ടി.എ. എക്സിക്യൂട്ടീവ് അംഗം എന്നി നിലകളിൽ സേവനം ചെയ്തിട്ടുണ്ട്. വെൽഫെയർ പാർട്ടി സ്ഥാനാർഥിയായി ടി.കെ. പ്രസന്നയും, ബി.ജെ.പി. സ്ഥാനാർഘിയായി അശ്വതിയും മത്സര രംഗത്തുണ്ട്.


