നിർമാണ മേഖല സജീവമായിട്ടും പ്രതാപം നഷ്ടപ്പെട്ട് മരമില്ലുകൾ
text_fieldsഒറ്റപ്പാലം: നിർമാണ മേഖല സജീവമാകുമ്പോഴും പ്രൗഢിയുടെ അടയാളങ്ങളായിരുന്ന മരമില്ലുകൾക്ക് ശനിദശ. കെട്ടിട നിർമാണത്തിന് ആവശ്യമായ കട്ടില, ജനൽ തുടങ്ങിയ മര നിർമിത വസ്തുക്കൾക്ക് ആവശ്യക്കാർ കുറയുന്നതാണ് മരമില്ലുകളുടെ നിലനിൽപ്പിന് ഭീഷണിയാകുന്നത്.
നാട്ടിൻപുറങ്ങളിൽ സദാ ശബ്ദമുഖരിതമായിരുന്ന മരമില്ലുകളിൽ പലതും ഇന്ന് നിശ്ചലാവസ്ഥയിലാണ്. ഇരുമ്പ്, അലുമിനിയം, സ്റ്റീൽ നിർമിത ബദൽ വസ്തുക്കൾക്ക് പ്രചാരമേറിയതും വിപണികളിൽ സുലഭമായതും മരമില്ലുകളുടെ പ്രതാപത്തിന് മങ്ങലേൽപ്പിച്ചു. മര നിർമിത വസ്തുക്കളോട് അഭിമുഖ്യമുള്ളവർക്ക് പോലും അടുക്കാൻ കഴിയാത്ത അവസ്ഥയിലാണ് മരത്തിന്റെ അമിത വിലയും കൂടിയ പണിക്കൂലിയും.
എന്നാൽ, ഇരുമ്പ്, സ്റ്റീൽ തുടങ്ങിയ ലോഹ നിർമിത വസ്തുക്കൾക്ക് മരത്തിന്റെ അത്രയും വില നൽകേണ്ടതില്ലാത്തതിനാൽ ആളുകൾക്ക് എളുപ്പത്തിൽ ആശ്രയിക്കാനാവുന്നത് ഇവയാണ്. ലോഹ നിർമിത വസ്തുക്കളുടെ ദീർഘായുസ്സും കുറഞ്ഞ പരിപാലന ചെലവും ഇവയെ ആകർഷണീയമാക്കുന്നു. ആവശ്യക്കാരുടെ അഭിരുചികൾക്ക് ഇണങ്ങും വിധം മോടികൂടിയ നിലയിലാണ് ലോഹ നിർമിത വസ്തുക്കൾ ഇപ്പോൾ വിപണികളിൽ മത്സരിക്കുന്നത്. ആരെയും ആകർഷിക്കും വിധത്തിൽ നവീന ശൈലികളിലാണ് ഇപ്പോൾ ഇവ നിർമിച്ചുനൽകുന്നത്.
തുരുമ്പെടുക്കാത്ത തരത്തിലുള്ള കട്ടിളയും വാതിലും ജനലും കൂടാതെ പെയിന്റ് ചെയ്ത അലൂമിനിയം ഫ്രെയിമുകൾ, സ്റ്റീൽ ജനലുകൾ, മോഡുലാർ ഡിസൈനുകൾ എന്നിവ ഇഷ്ടാനുസരണം തെരഞ്ഞെടുക്കാനാവും. വീട്ടി, തേക്ക്, അഞ്ഞിലി പോലുള്ള മരങ്ങൾ മുറിക്കുന്നതിലും കൊണ്ടുപോകുന്നതിലുമുള്ള കടുത്ത നിയന്ത്രണങ്ങൾ മരവ്യവസായത്തെ സാരമായി ബാധിച്ചിട്ടുമുണ്ട്.
മരം ലഭ്യമാണെകിലും ഇത്തരം കടുത്ത നിയന്ത്രണങ്ങൾ മൂലം മരക്കച്ചവടത്തിൽനിന്നും മാറി നിൽക്കുന്നവർ ഏറെയാണ്. മരത്തിന്റെ ക്യൂബിക് അടി കണക്കുകൂട്ടി വീട്ടുകാർ പറയുന്ന വിലക്ക് മരം വാങ്ങേണ്ട അവസ്ഥയാണ് നിലവിലെന്നും അമിതമായ വെട്ടുകൂലിയും കടത്തുകൂലിയും അനുബന്ധ ചെലവുകളും നൽകി മരം വിറ്റാൽ പണത്തിന് പലകുറി നടക്കേണ്ടി വരുന്നതായും കച്ചവടക്കാർ പറയുന്നു.


