ഇന്ന് ലോക പുസ്തക ദിനം; ഡിജിറ്റൽ വായനയുടെ ലോകം തുറന്ന് പാലക്കാട് ഐ.ഐ.ടി ലൈബ്രറി
text_fieldsപാലക്കാട് ഐ.ഐ.ടി ലൈബ്രറി
പാലക്കാട്: അച്ചടിച്ച പുസ്തകങ്ങൾക്ക് പുറമേ ഓൺലൈനായും പുസ്തകങ്ങൾ സജ്ജീകരിച്ച് വായനയുടെ ഡിജിറ്റൽ ലോകം തുറന്ന് വ്യത്യസ്തമാവുകയാണ് പാലക്കാട് ഐ.ഐ.ടി ലൈബ്രറി. അക്കാദമിക രംഗത്ത് മികച്ച നേട്ടം കൊയ്യുന്ന ഐ.ഐ.ടിയിൽ വിദ്യാർഥികൾക്കായി ആയിരക്കണക്കിന് പുസ്തകങ്ങളാണ് ലൈബ്രറിയിൽ ഒരുക്കിയിരിക്കുന്നത്.
അയ്യായിരത്തിലധികം പുസ്തകങ്ങൾ ഓൺലൈനായും എണ്ണായിരത്തിലധികം അച്ചടി പുസ്തകങ്ങളും ലൈബ്രറിയിൽ ലഭ്യമാണ്. ലൈബ്രറിയിൽ രജിസ്റ്റർ ചെയ്ത വിദ്യാർഥികൾക്ക് ലോകത്തിന്റെ ഏത് കോണിലിരുന്നും ആമസോൺ കിൻഡൽ പ്ലാറ്റ്ഫോമിലൂടെ പുസ്തകങ്ങൾ വായിക്കാം. പഠന പുസ്തകങ്ങൾക്ക് പുറമേ നോവലുകൾ, ഇ-ബുക്കുകൾ, ഇ-മാഗസിനുകൾ, ഇ-പേപ്പറുകൾ തുടങ്ങിയവയും ലഭ്യമാണ്.
ഹിന്ദി, ഇംഗ്ലീഷ് പുസ്തകങ്ങളാണ് കൂടുതലുമുള്ളത്. എഴുത്തുകാർ സമ്മാനിച്ച ചുരുക്കം ചില മലയാളം പുസ്തകങ്ങളുമുണ്ട്. കൂടുതൽ മലയാളം പുസ്തകങ്ങൾ വാങ്ങാനുള്ള തയാറെടുപ്പിലാണെന്ന് ലൈബ്രേറിയൻ ശൈലേഷ് കുമാർ പറഞ്ഞു.
ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഇൻഫോർമാറ്റിക്സ് കേന്ദ്രമെന്ന നിലയിൽ സെൻട്രൽ ലൈബ്രറി ശ്രദ്ധാപൂർവം വികസിപ്പിച്ചെടുത്ത പുസ്തകങ്ങൾ, ജേർണലുകൾ, മാനദണ്ഡങ്ങൾ, മാഗസിനുകൾ, പത്രങ്ങൾ എന്നിവയുടെ ശേഖരം, സിഡി-റോം, ശാസ്ത്രീയ കിറ്റുകൾ തുടങ്ങിയ ഓഡിയോ-വിഷ്വൽ മെറ്റീരിയലുകളുടെ ശേഖരം എന്നിവയും ലൈബ്രറിയിൽ സൂക്ഷിക്കുന്നു. 1500ഓളം വിദ്യാർഥികളാണ് കോളജിൽ പഠിക്കുന്നത്. 2015ൽ ആണ് ലൈബ്രറി വിദ്യാർഥികൾക്കും ജീവനക്കാർക്കുമായി തുറന്നുകൊടുത്തത്.
ലൈബ്രറിയുടെ പ്രവർത്തനം പൂർണമായും കമ്പ്യൂട്ടറൈസ്ഡ് ആണ്. ഏത് സമയത്തും ലൈബ്രറിയുടെ ഓൺലൈൻ സൗകര്യങ്ങൾ പ്രയോജനപ്പെടുത്താം. ഉപയോക്താക്കൾക്ക് എപ്പോൾ വേണമെങ്കിലും ഓൺലൈൻ പബ്ലിക് ആക്സസ് കാറ്റലോഗ് വഴി പുസ്തകങ്ങൾ പുതുക്കാനും റിസർവ് ചെയ്യാനും കഴിയും.
റഫറൻസ്, കൺസൽട്ടേഷൻ തുടങ്ങിയ സേവനങ്ങളും ലൈബ്രറി നൽകുന്നുണ്ട്. നാഷണൽ ഡിജിറ്റൽ ലൈബ്രറിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഐ.ഐ.ടി ലൈബ്രറിയിൽ അക്വിസിഷൻ വിഭാഗം, ടെക്നിക്കൽ പ്രോസസ്സിങ് വിഭാഗം, സർക്കുലേഷൻ വിഭാഗം, റഫറൻസ് വിഭാഗം, ഡിജിറ്റൽ ലൈബ്രറി വിഭാഗം, ഓട്ടോമേഷൻ വിഭാഗം എന്നിങ്ങനെ വിവിധ വിഭാഗങ്ങൾ പ്രവർത്തിക്കുന്നുണ്ട്.