ഈ ജീവൻ രക്ഷാപ്രവർത്തനത്തിന് ഒരു ബിഗ് സല്യൂട്ട്
text_fieldsസുഹൃത്തിന്‍റെ കുടുംബത്തെ
സഹായിക്കാൻ വലിയ കലുങ്കിൽ
ആരംഭിച്ച വ്യാപാര സ്ഥാപനം
റാന്നി: ‘പിടിയും കോഴിക്കറിയും, നാടൻ പുഴുക്കും, കട്ടൻ കാപ്പിയും’. റാന്നി വലിയകലുങ്കിന് സമീപം കനാൽ പാലത്തോട് ചേർന്ന് ഒരു ബോർഡ് കാണാം. ഒരു കൂട്ടം ചെറുപ്പക്കാർ സുഹൃത്തിന്‍റെ കുടുംബത്തെ സഹായിക്കാൻ വാഹനത്തിൽ കച്ചവടം നടത്തുകയാണിവിടെ. കോഴഞ്ചേരി കാരംവേലി സ്വദേശികളായ ഇവർ ഇവിടെ വരാനുള്ള കാരണം അന്വേഷിച്ചപ്പോൾ ആരുടെയും മനസ്സലിഞ്ഞു.
രണ്ട് വൃക്കകളും തകരാറിലായ, സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ചെറുപ്പക്കാരനെയും കുടുംബത്തെയും സഹായിക്കാനാണ് ഈ കൂട്ടായ്മ ഭക്ഷണമൊരുക്കുന്നത്.ഭാര്യയും കുഞ്ഞുമുള്ള യുവാവ് വാടക വീട്ടിലാണ് താമസം. സ്വന്തമായി വീട് വെക്കാനായി സംഭരിച്ചിരുന്ന പണമെല്ലാം ചികിത്സക്കായി മുടക്കിക്കഴിഞ്ഞു. ഡയാലിസിസിലാണ് ജീവൻ നിലനിർത്തിവരുന്നത്. വൃക്ക മാറ്റി വെക്കണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്.
ഭാര്യ വൃക്ക കൊടുക്കാൻ തയ്യാറാണ്.ഇതറിഞ്ഞ ചെറുപ്പക്കാരായ കൂട്ടുകാർ അവർ ഒരു തീരുമാനം എടുത്തു. എങ്ങനെയും പണം ഉണ്ടാക്കണം. അങ്ങനെയാണ് പുനലൂർ-മൂവാറ്റുപുഴ റോഡിൽ വലിയ കലുങ്കിന് സമീപം ഒരു സ്ഥാപനം തുടങ്ങിയത്. ഭക്ഷണം വിറ്റുകിട്ടുന്ന തുക സുഹൃത്തിനുവേണ്ടി സംഭരിക്കാൻ തുടങ്ങി.
ഈ കൂട്ടായ്മയെ ആരും ഉപദ്രവിക്കരുതെന്ന അപേക്ഷയാണ് നാട്ടുകാർക്ക്. വൃക്ക മാറ്റി വെക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട്. സഹായ നിധി സമാഹരിക്കാൻ നാട്ടുകാർ ശ്രമം തുടങ്ങിയിട്ടുണ്ട്. ഈ ജീവൻ രക്ഷാപ്രവർത്തനത്തിന് കൊടുക്കാം ഒരു ബിഗ് സല്യൂട്ട്.


