Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഅടൂർ ജനറൽ ആശുപത്രി;...

അടൂർ ജനറൽ ആശുപത്രി; കാരുണ്യ ഫാർമസി പ്രവർത്തനം നിലച്ചിട്ട് രണ്ടര വർഷം; പുനരാരംഭിക്കാൻ നടപടിയില്ല

text_fields
bookmark_border
Representation Image
cancel
camera_alt

പ്രതീകാത്മക ചിത്രം

പത്തനംതിട്ട: കുറഞ്ഞ നിരക്കിൽ മരുന്നുകൾ ലഭ്യമാക്കി ആയിരക്കണക്കിന് രോഗികൾക്ക് ആശ്വാസമായിരുന്ന അടൂർ ജനറൽ ആശുപത്രിയിലെ കാരുണ്യ ഫാർമസി പ്രവർത്തനം നിലച്ചിട്ട് രണ്ടര വർഷം പിന്നിട്ടിട്ടും പുനരാരംഭിക്കാൻ നടപടിയില്ല. പലതവണ തുറക്കുമെന്ന പ്രഖ്യാപനങ്ങൾ വന്നെങ്കിലും, എപ്പോൾ, എവിടെ, എങ്ങനെ എന്നതിൽ ഇന്നും വ്യക്തതയില്ല. അധികൃതരുടെ അനാസ്ഥയും നടപടികളിലെ കാലതാമസവും രോഗികളെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. 2023 ജൂലൈ 10നാണ് അടൂർ ജനറൽ ആശുപത്രി വളപ്പിൽ പ്രവർത്തിച്ചിരുന്ന കാരുണ്യ ഫാർമസിയിൽ തീപിടുത്തമുണ്ടായത്. ഇതോടെയാണ് ഫാർമസിയുടെ പ്രവർത്തനം പൂർണമായും നിലച്ചത്. പിന്നീട് ആശുപത്രിക്കുള്ളിൽ തന്നെ ഫാർമസിയുടെ പ്രവർത്തനം പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചെങ്കിലും അത് നടപ്പായില്ല.

നിലവിൽ ആശുപത്രി ഫാർമസി പ്രവർത്തിക്കുന്നതിന് എതിർവശത്ത് കാരുണ്യ ഫാർമസി തുടങ്ങാനാണ് പദ്ധതി ഉണ്ടായിരുന്നത്. തണുപ്പിൽ സൂക്ഷിക്കേണ്ട മരുന്നുകൾക്കായി ആശുപത്രിയുടെ നാലാം നിലയിൽ പ്രത്യേക മുറി ഒരുക്കുന്നതിനുള്ള പ്രവർത്തനങ്ങളും നടത്തിയിരുന്നു. എന്നാൽ സ്ഥലപരിമിതിയുടെ പേരിൽ പിന്നീട് ഈ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. സർക്കാർ സംവിധാനത്തിൽ കുറഞ്ഞ നിരക്കിൽ മരുന്നുകൾ ലഭ്യമാക്കുന്ന കാരുണ്യ ഫാർമസി ഒട്ടേറെ രോഗികൾക്ക് വലിയ ആശ്രയമായിരുന്നു. മാരകരോഗങ്ങൾ, ഹൃദയസംബന്ധമായ അസുഖങ്ങൾ തുടങ്ങി വിവിധ ചികിത്സകൾക്കുള്ള മരുന്നുകൾ വാങ്ങാൻ ദിവസേന നിരവധി രോഗികൾ ഇവിടെ എത്തിയിരുന്നു.

പുറത്തെ ഫാർമസികളിൽ ഏകദേശം 1000 രൂപ വിലവരുന്ന മരുന്നുകൾ കാരുണ്യയിൽ 300 രൂപയ്ക്ക് ലഭിച്ചിരുന്നതും രോഗികൾക്ക് വലിയ സഹായമായിരുന്നു. അതിനാൽ സ്ഥിരമായി നിരവധി പേർ ഇവിടത്തെ സേവനം ആശ്രയിച്ചിരുന്നു. 2025 മേയ് മാസത്തിൽ ഫാർമസി വീണ്ടും തുറക്കുമെന്ന് അധികൃതർ പ്രഖ്യാപിച്ചിരുന്നു. പിന്നീട് ജൂൺ 15ന് പ്രവർത്തനം ആരംഭിക്കുമെന്ന് അറിയിച്ചു. അതും നടക്കാതെ വന്നപ്പോൾ ആഗസ്റ്റിൽ തുറക്കുമെന്നായിരുന്നു പുതിയ പ്രഖ്യാപനം. എന്നാൽ അതും യാഥാർത്ഥ്യമായില്ല. പുതിയ അടൂർ നഗരസഭ ഭരണസമിതി അധികാരത്തിലെത്തിയ ശേഷം ജനുവരി 21ന് കാരുണ്യ ഫാർമസിയുടെ പ്രവർത്തനം ഉടൻ തുടങ്ങുമെന്ന് അറിയിച്ചെങ്കിലും നടപടികൾ മുന്നോട്ട് പോയില്ല. തുടർന്ന് 2025 ജൂൺ 15ന് കലക്ടർ അടൂർ ജനറൽ ആശുപത്രിയിലെത്തി പ്രത്യേക യോഗം വിളിക്കുകയും, ഫാർമസി പ്രവർത്തനം വേഗത്തിലാക്കാൻ ആവശ്യമായ സഹായങ്ങൾ നൽകണമെന്ന് ആശുപത്രി അധികൃതരോട് നിർദേശിക്കുകയും ചെയ്തിരുന്നു. അതിനുശേഷവും കാര്യമായ പുരോഗതിയുണ്ടായില്ല. ആശുപത്രി പരിസരത്തെ ഒരു കെട്ടിടം ഫാർമസിക്കായി പരിഗണിച്ചിട്ടുണ്ടെങ്കിലും പഴക്കമേറിയ കെട്ടിടമായതിനാൽ വിവിധ നിയമനടപടികൾ പൂർത്തിയാക്കിയ ശേഷമേ ഇവിടെ പ്രവർത്തനം ആരംഭിക്കാൻ കഴിയൂ എന്നാണ് വിവരം.

Show Full Article
TAGS:Pathanamthitta Local News Adoor general hospital karunya pharmacy 
News Summary - Adoor General Hospital; Karunya Pharmacy has been closed for two and a half years; no action has been taken to restart it
Next Story