അടൂരിൽ ശ്മശാനം; കാത്തിരിപ്പിന് വിരാമമാവുന്നു
text_fieldsഅടൂര്‍ : വര്‍ഷങ്ങളായി കാത്തിരിക്കുന്ന അടൂര്‍ നഗരസഭ ശ്മശാനത്തിന്റെ നിര്‍മാണത്തിന് വഴി തെളിയുന്നു. ഇതിന്റെ ഭാഗമായുള്ള 3.20 കോടി രൂപയുടെ ടെന്‍ഡറിന് അന്തിമ അനുമതിയായി. പ്രാഥമിക ടെന്‍ഡറിങ് നോട്ടീസിന്മേല് ആരും പങ്കെടുക്കാത്തതിനാല്‍ പുനര്ടെന്ഡറിങ് ക്രമീകരിക്കുകയായിരുന്നുവെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു.
ആദ്യം നടന്ന ടെന്‍ഡറില്‍ ഒരാൾ മാത്രമാണ് പങ്കെടുത്തത് എന്നതിനാല്‍ ടെന്‍ഡറിങ് സാധ്യതക്കായി എല്‍.എസ്.ജി.ഡി ടെന്‍ഡറിങ് കമ്മിറ്റിയുടെ പ്രത്യേക അംഗീകാരം ആവശ്യമായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ ജനുവരി 31ന് എല്‍.എസ്.ജി.ഡി സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഉന്നത സാങ്കേതിക ഉദ്യോഗസ്ഥരുടെ കമ്മിറ്റിയാണ് അനുമതി നല്‍കിയത്. ഇംപാക്ട് കേരളക്കാണ് ശ്മശാനത്തിന്റെ നിര്‍വഹണച്ചുമതല. 2023 അവസാനം ശ്മശാനത്തിന്റെ ടെന്‍ഡര്‍ നടപടികള്‍ തുടങ്ങിയെങ്കിലും ആരും എത്താത്തതിനാല്‍ മൂന്നാംതവണയാണ് ടെന്‍ഡര്‍ വിളിച്ചത്.
അടൂര്‍ മിത്രപുരം നാല്പതിനായിരം പടിക്ക് സമീപം നഗരസഭയുടെ ഒന്നരയേക്കര്‍ സ്ഥലത്തിന്റെ ഒരുഭാഗത്താണ് ശ്മശാനം നിര്‍മിക്കുന്നത്. പദ്ധതിക്കായി രൂപരേഖ വരെ തയ്യാറാക്കിയെങ്കിലും വൈകുകയായിരുന്നു.
ഒടുവില്‍ കിഫ്ബിയുടെ സഹായം വേണ്ടിവന്നു പദ്ധതി നടപ്പാക്കാന്‍.
2010-2013 വര്‍ഷങ്ങളില്‍ നഗരസഭ അഞ്ചുലക്ഷം രൂപ ബജറ്റില്‍ വകയിരുത്തി. പിന്നീടുള്ള വർഷങ്ങളിൽ 50 ലക്ഷം, 25 ലക്ഷം, 30 ലക്ഷം, 25 ലക്ഷം, 70 ലക്ഷം, 10 ലക്ഷം, 2021-’22ല്‍ 50 ലക്ഷം എന്നിങ്ങനെയുള്ള തുകകളാണ് നഗരസഭ പലപ്പോഴായി ശ്മശാനത്തിനായി വകയിരുത്തിയത്.
രണ്ട് ചേംബർ, പ്രകൃതിസൗഹൃദം
ഗ്യാസില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് ചേംബറോടുകൂടിയതാണ് ശ്മശാനം. നിര്‍മാണം തികച്ചും പ്രകൃതിസൗഹൃദവും ആധുനികരീതിയിലും ആയിരിക്കും.
അവസാനിക്കുന്നത് കാലങ്ങളായുള്ള ദുരിതം
അടൂര്‍ നഗരസഭയില്‍ സ്വന്തമായി സ്ഥലമില്ലാത്തവരും സ്ഥലമുണ്ടായിട്ടും സംസ്കാരത്തിന് സൗകര്യമില്ലാത്തവരും ശ്മശാനമില്ലാത്തതിന്റെ പ്രയാസം അനുഭവിക്കുകയായിരുന്നു. നിലവില്‍ സ്ഥലമില്ലാത്തവര്‍ സംസ്കാരത്തിനായി തിരുവല്ല, പത്തനംതിട്ട നഗരസഭകളിലെ ശ്മശാനത്തെയാണ് നാളിതുവരെ ആശ്രയിച്ചിരുന്നത്. അടുത്തിടെ ഏറത്ത് ഗ്രാമപ്പഞ്ചായത്തില്‍ അത്യാധുനിക ശ്മശാനം നിര്‍മിച്ചത് പ്രതിസന്ധി അല്പം കുറച്ചു.
അടൂര്‍ നഗരസഭയിലെ പല കോളനികളിലും സ്ഥലമില്ലാത്തതിനാല്‍ മുമ്പ് വീടുപൊളിച്ച് മൃതദേഹം അടക്കംചെയ്ത സംഭവം ഉണ്ടായിട്ടുണ്ട്. ഇത്തരം പ്രദേശങ്ങളില്‍ മൂന്ന് സെന്റ് സ്ഥലം മാത്രമാണ് ഓരോ കുടുംബത്തിനുമുള്ളത്. ഇത്തരം പ്രശ്നങ്ങള്‍ സംബന്ധിച്ച് ഒട്ടേറെ പരാതികള്‍ വിവിധ പട്ടികജാതി സംഘടനകള്‍ നഗരസഭക്ക് നല്‍കിയിരുന്നു.
ശ്മശാനത്തിന്റെ നിര്‍മാണം എത്രയും വേഗം നടത്താനാണ് ഉദ്ദേശിക്കുന്നത്. ഇതുസംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു.