കാട്മൂടി കല്ലട ജലസേചന പദ്ധതി കനാലുകൾ
text_fieldsകാടൂമൂടിയ കല്ലട ജലസേചന പദ്ധതിയുടെ കനാൽ
അടൂർ: കോടികൾ ചെലവഴിച്ച് ജലസേചന സൗകര്യത്തിനായി നിർമിച്ച കല്ലട ജലസേചന പദ്ധതിയുടെ കനാലുകൾ കാട്മൂടിയതോടെ വേനൽക്കാലത്ത് പോലും ജനങ്ങൾക്ക് പ്രയോജനപ്പെടുന്നില്ല.കാടുപിടിച്ചും വൃക്ഷങ്ങൾ വളർന്നും മാലിന്യങ്ങൾ നിറഞ്ഞും പന്നിയും പെരുമ്പാമ്പും വിഹരിക്കുന്ന കാട്ടുപ്രദേശമായി കെ.പി റോഡരികിൽ ഏഴംകുളം ഭാഗത്ത് കനാൽ മാറിയിരിക്കുകയാണ്. ഈ ഭാഗങ്ങളിൽ കനാൽ വൃത്തിയാക്കിയിട്ട് വർഷങ്ങളായി. ഇത്തവണയും വൃത്തിയാക്കാതെ ജലം തുറന്നുവിട്ടു. പറക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലെ കലഞ്ഞൂർ, ഏനാദിമംഗലം, ഏഴംകുളം, ഏറത്ത്, കടമ്പനാട്, പള്ളിക്കൽ എന്നീ പഞ്ചായത്തുകളിലെ കനാലുകളാണ് വൃത്തിയാക്കാതെ ജലം തുറന്നുവിട്ടത്.
ജനുവരി മുതൽ മേയ് വരെയാണ് കനാലിലൂടെ ജലവിതരണം പ്രധാനമായും നടക്കുന്നത്. ഇതിന് മുമ്പ് കനാൽ ഭാഗങ്ങൾ കാട് തെളിച്ചും അറ്റകുറ്റപ്പണി നടത്തിയും ജലമൊഴുക്കിന് ക്രമീകരണം ചെയ്യേണ്ടതുണ്ട്. എന്നാൽ ഇപ്പോഴും കനാൽ കാടുകയറിയും മാലിന്യം നിറഞ്ഞും കിടക്കുകയാണ്. തൊഴിലുറപ്പ് പദ്ധതിയിലൂടെ കനാൽ വൃത്തിയാക്കൽ നല്ല രീതിയിൽ നടന്നിരുന്നു. എന്നാൽ ആവർത്തന സ്വഭാവമുള്ള പ്രവൃത്തികൾ തൊഴിലുറപ്പിന് സാധിക്കില്ലെന്ന ഘട്ടത്തിലാണ് വൃത്തിയാക്കുന്നതിൽ നിന്നും പിന്മാറിയത്.
അറ്റകുറ്റപ്പണിക്ക് തുക മതിയാകില്ല
അടൂർ സബ് ഡിവിഷന്റെ പരിധിയിൽ വലതുകര കനാലും ശാഖകളും ചെറുവിതരണ സംവിധാനങ്ങളും ഉൾപ്പെടെ 230 കിലോമീറ്റർ കനാൽ ശൃംഖലയാണ് കല്ലട ജലസേചന പദ്ധതിയിലുള്ളത്.
കഴിഞ്ഞവർഷം അടൂർ സബ് ഡിവിഷന് അനുവദിച്ചത് 60 ലക്ഷം രൂപയാണ്. കനാൽ വൃത്തിയാക്കുക, ഷട്ടറുകൾ പ്രവർത്തിപ്പിക്കുക, അഞ്ചുമാസത്തെ ജലവിതരണ സമയത്ത് ഉണ്ടാകുന്ന തടസ്സങ്ങൾ നീക്കുക എന്നിവക്ക് പുറമെ ബണ്ടുകൾ സ്ഥാപിക്കുന്നതിനും മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനും വേണ്ടിയാണ് ഈ തുക അനുവദിച്ചത്. എന്നാൽ ഈ തുക കനാലിലെ കാട് വെട്ടുന്നതിന് പോലും തികയാറില്ല.
അറ്റകുറ്റപ്പണികൾക്ക് ഏറ്റവും കുറഞ്ഞത് മൂന്ന് കോടി രൂപയെങ്കിലും വേണ്ടിവരുമെന്നാണ് അധികൃതർ പറയുന്നത്. ജില്ല വികസന പദ്ധതിയിലേക്ക് 75 കോടി രൂപയാണ് കനാൽ അറ്റകുറ്റപ്പണികൾക്കായി ശിപാർശ ചെയ്തിരിക്കുന്നത്.
ആയിരം കി.മീ. ശൃംഖല; 45 വർഷം പഴക്കം
കല്ലട ജലസേചന വിതരണ പദ്ധതിയുടെ ആയിരം കിലോമീറ്ററോളം വരുന്ന കനാൽ ശൃംഖല 45 വർഷം മുമ്പാണ് നിർമാണം പൂർത്തിയാക്കി ജലവിതരണം ആരംഭിച്ചത്. കാലപ്പഴക്കം മൂലം കനാലിന്റെ കോൺക്രീറ്റ് തകർന്നു. ചെളി അടിഞ്ഞുകൂടിയതോടെ തുറന്നുവിടുന്ന ജലത്തിന്റെ നല്ലൊരു ഭാഗവും നഷ്ടമായി.
ഇതോടെ കൃഷിയിടങ്ങളിൽ ആവശ്യാനുസരണം ജലം കിട്ടാതെയായി. ചോർന്നൊലിക്കുന്ന ജലം കനാലിന്റെ സമീപ വീടുകളിലേക്ക് ഇറങ്ങി ബുദ്ധിമുട്ട് ഉണ്ടാക്കുന്നത് ജലവിതരണ സമയത്ത് നേരിടുന്ന വലിയ വെല്ലുവിളിയാണ്. കുറഞ്ഞത് 15 കോടി രൂപ ലഭിച്ചങ്കിൽ മാത്രമേ അറ്റകുറ്റപ്പണി നടക്കൂ.
മാലിന്യം തള്ളലിനും കുറവില്ല
കെ.ഐ.പി കനാലിലേക്ക് വ്യാപകമായാണ് മാലിന്യം തള്ളുന്നത്. കാടുപിടിച്ച് കിടക്കുന്ന കനാലിലേക്ക് റോഡിലൂടെ എത്തുന്ന വാഹനങ്ങളിൽ നിന്ന് വൻതോതിൽ മാലിന്യം വലിച്ചെറിയാറുണ്ട്. അറവുശാല മാലിന്യങ്ങൾ അടക്കം യാതൊരു കൂസലുമില്ലാതെ കനാലിലേക്ക് തള്ളുന്നു.
സമീപവാസികൾ ബുദ്ധിമുട്ടിൽ
കനാലിലുള്ള അവശിഷ്ടങ്ങളുടെ ദുർഗന്ധം കാരണം സമീപവാസികൾ കടുത്ത ബുദ്ധിമുട്ടിലാണ്. കനാലിൽ മാലിന്യങ്ങൾ വലിച്ചെറിയുന്നവർക്കെതിരേ കർശന നടപടിയെടുക്കുമെന്ന് പ്രഖ്യാപനങ്ങൾ വരാറുണ്ടെങ്കിലും തുടർനീക്കങ്ങളുണ്ടാകാറില്ല. മാലിന്യം തള്ളുന്നത് തടയേണ്ട തദ്ദേശ സ്ഥാപനങ്ങളും ശുചിത്വ മിഷൻ അടക്കമുള്ള ഏജൻസികളും നടപടി സ്വീകരിക്കുന്നില്ലെന്നാണ് പ്രദേശവാസികളുടെ പരാതി.