യുവതിയെയും മകളെയും ആക്രമിച്ച യുവാവ് പിടിയിൽ
text_fieldsഫഹറുദ്ദീൻ
അടൂർ: യുവതിയെയും പ്രായപൂർത്തിയാകാത്ത മകളെയും വീട്ടിൽ കയറി ആക്രമിച്ച പ്രതി പിടിയിൽ. അടൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ തിരുവനന്തപുരം വിഴിഞ്ഞം ഹാർബർ ടൗൺഷിപ്, ഹൌസ് നമ്പർ 177ൽ ഫഹറുദ്ദീൻ (49) ആണ് പിടിയിലായത്. വ്യാഴാഴ്ച രാവിലെ 6.30ഓടെ ഫഹറുദ്ദീന്റെ ഭാര്യാ സഹോദരിയായ അടൂർ കോട്ടമുകൾ റഷീദ മൻസിലിൽ ബിസ്മിയുടെ വീട്ടിലെത്തിയ പ്രതി കതക് ചവിട്ടിത്തുറന്ന് ബിസ്മിയെയും 12 വയസ്സുള്ള മകളെയും തൂമ്പ കൊണ്ട് ക്രൂരമായി ആക്രമിക്കുകയായിരുന്നു.
തലക്കും മുഖത്തും ഗുരുതരമായി പരിക്കേറ്റ ബിസ്മിയെ അടൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കേസെടുത്ത അടൂർ പോലീസ് ഉടൻ തന്നെ സംഭവസ്ഥലത്ത് നിന്നും പ്രതിയെ കസ്റ്റഡിയിലെടുത്തു. ഇൻസ്പെക്ടർ എസ്.എച്ച്.ഒ ശ്രീകുമാർ, എസ്.ഐമാരായ അനീഷ് എബ്രഹാം, അനൂപ് രാഘവൻ, എ.എസ്.ഐ പ്രമോദ് ജി. കുമാർ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


