സീബ്രലൈൻ മാഞ്ഞുപോയി, റോഡിൽ വിള്ളൽ, നടപടിയില്ലാതെ അധികൃതർ; കാൽ നടയാത്ര ബുദ്ധിമുട്ടിൽ
text_fieldsഅടൂർ കെ.എസ്.ആർ.ടി ജങ്ഷനിൽ റോഡിലെ സീബ്രാലൈനുകൾ മാഞ്ഞ നിലയിൽ, അടൂർ സെൻട്രൽ ജങ്ഷനിൽ പാൽ സൊസൈറ്റിപ്പടിയിൽ സ്ലാബിനും ടാറിങ്ങിനുമിടയിൽ രൂപപ്പെട്ട വിടവ്
അടൂർ: കെ.എസ്.ആർ.ടി.സി ജങ്ഷനിലെ സീബ്രാലൈൻ മാഞ്ഞിട്ടും തെളിക്കാൻ നടപടിയില്ല. ജങ്ഷനിൽനിന്ന് സ്വകാര്യ ബസ് ബേയിലേക്ക് റോഡ് മുറിച്ച് കടക്കുന്നതിനുള്ള ഭാഗത്താണ് റോഡിലെ വരകൾ മാഞ്ഞത്. തിരക്കുള്ള ഭാഗമായ ഇവിടെ സ്കൂൾ കുട്ടികളടക്കം നൂറുകണക്കിന് ആൾക്കാരാണ് റോഡ് മുറിച്ചുകടന്ന് സ്വകാര്യബസ് ബേയിലേക്ക് പോകുന്നത്.
സ്വകാര്യ ബസിറങ്ങി ഇതുവഴി റോഡ് മുറിച്ച് കടന്ന് കെ.എസ്.ആർ ടി.സി സ്റ്റാൻഡിലേക്കും കായംകുളം ഭാഗത്തേക്കുള്ള ബസ് കടക്കുന്ന ബസ് ബേയിലേക്കും പോകുന്നവരുടെ തിരക്കാണിവിടെ. വരകൾ മാഞ്ഞതോടെ പല ഭാഗത്തുനിന്നുമാണ് ആൾക്കാർ റോഡ് മുറിച്ചുകടക്കുന്നത്. ഇത് അപകടങ്ങൾക്ക് ഇടയാക്കും. മാഞ്ഞവരകൾ തെളിക്കണമെന്ന് ട്രാഫിക് പൊലീസ് കെ.എസ്.ടി.പി അധികൃതരോടും പൊതുമരാമത്ത് അധികൃതരോടും നിരവധി തവണ ആവശ്യപ്പെട്ടിട്ടും നടപടിയില്ല.
കെ.എസ്.ആർ.ടി.സി ബസിൽ അടൂർ സ്റ്റാൻഡിൽ വന്നിറങ്ങുന്നവർ മലയാലപ്പുഴ, പത്തനംതിട്ട, കൊല്ലം, പുനലൂർ, പത്തനാപുരം, കൊല്ലം, ചവറ, മണ്ണടി എന്നിഭാഗങ്ങളിലേക്കുള്ള സ്വകാര്യ ബസുകളിൽ കയറാൻ ആളുകൾ റോഡ് മുറിച്ചുകടന്ന് ഇതുവഴിയാണ് പോകുന്നത്.
അപകട ഭീഷണിയായി റോഡിലെ വിടവ്
അടൂർ: അടൂർ സെൻട്രൽ ജങ്ഷനിൽ പാൽ സൊസൈറ്റിപ്പടിക്ക് സമീപം ഓടക്കും ടാറിങ്ങിനുമിടയിലെ വിടവ് അപകട ഭീഷണിയാകുന്നു. ഓട്ടോറിക്ഷ സ്റ്റാൻഡിന് പിന്നിലെ ഓടക്ക് മുകളിൽ ഇട്ടിരിക്കുന്ന സ്ലാബിനിടയിൽ കാൽ കുടുങ്ങി പരിക്കേൽക്കാറുണ്ട്. ഇവിടത്തെ എ.ടി.എമ്മിൽ പണം എടുക്കാൽ കയറുന്നവരാണ് അപകടത്തിൽപെടുന്നവരിലേറെയും. കാൽ സ്ലാബിനിടയിലെ വിടവിൽപെട്ട് പരിക്കേൾക്കാനുള്ള സാധ്യത ഏറെയാണ്.