മദ്യപിച്ച് വാഹനമോടിച്ച സ്വകാര്യ ബസ് ഡ്രൈവർ പിടിയിൽ
text_fieldsഅപകടമുണ്ടാക്കിയ ബസ്
അടൂർ: സ്കൂട്ടർ യാത്രക്കാരന്റെ ദേഹത്ത് സ്വകാര്യ ബസ് തട്ടിയ സംഭവത്തിൽ മദ്യപിച്ച് വാഹനം ഓടിച്ച കേസിൽ സ്വകാര്യ ബസ് ഡ്രൈവറെ അടൂർ ട്രാഫിക് പൊലീസ് അറസ്റ്റ് ചെയ്തു. നൂറനാട് രാജീവ് ഭവനം രാജേഷി (36)നെയാണ് അടൂർ ട്രാഫിക് യൂനിറ്റ് എസ്.ഐമാരായ ജി. സുരേഷ് കുമാർ, അയൂബ്, സി.പി.ഒ തമീം എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ബുധനാഴ്ച 9.45ന് അടൂർ സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപംവെച്ച് ബൈക്കുകാരനെ ചെറിയ രീതിയിൽ തട്ടിയതോടെ അവിടെ ഉണ്ടായിരുന്നവർ പൊലീസിനെ വിവരം അറിയിക്കുകയകയിരുന്നു. തുടർന്ന് പൊലീസെത്തി ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനക്ക് വിധേയനാക്കുകയായിരുന്നു. അടൂർ-കായംകുളം റൂട്ടിൽ സർവിസ് നടത്തുന്ന അനീഷ മോൾ എന്ന സ്വകാര്യ ബസിലെ ഡ്രൈവറെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഓടിച്ച സ്വകാര്യ ബസും കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കാൻ നിയമനടപടി സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.


