അയച്ചത് തെറ്റി; യുവാവിന്റെ ബാങ്ക് അക്കൗണ്ടിൽ വന്നത് അരക്കോടിയിൽ അധികം രൂപ
text_fieldsപ്രതീകാത്മക ചിത്രം
അടൂർ: തന്റെ ബാങ്ക് അക്കൗണ്ടിൽ അരക്കോടിയിൽ അധികം രൂപ വന്നത് കണ്ട് അരുൺ ആദ്യം പകച്ചു. അക്കൗണ്ട് പരിശോധിച്ചപ്പോൾ അരുൺ നേരത്തെ ജോലി ചെയ്തിരുന്ന ബംഗളൂരുവിലെ സ്വകാര്യ കമ്പനിയിൽ നിന്നാണ് പണം എത്തിയതെന്ന് മനസ്സിലായി.അടൂർ നെല്ലിമുകൾ 3682-ാം നമ്പർ എസ്.എൻ.ഡി.പി ശാഖാ സെക്രട്ടറിയും ചക്കൂർച്ചിറ ക്ഷേത്ര ഭരണസമിതിയംഗവുമായ അരുൺ നിവാസിൽ അരുൺ നെല്ലിമുകളിന്റെ ഫെഡറൽ ബാങ്ക് അക്കൗണ്ടിലേക്കാണ് തുക തെറ്റി എത്തിയത്.
വെള്ളിയാഴ്ച വൈകീട്ട് അഞ്ചിനാണ് 5353891 രൂപ എത്തിയത്. കമ്പനി ഉടമ അവരുടെ മറ്റൊരു അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തപ്പോൾ അബദ്ധത്തിൽ അരുണിന്റെ അക്കൗണ്ടിലേക്ക് എത്തുകയായിരുന്നു. ഫോണിൽ മെസ്സേജ് വന്നത് ശ്രദ്ധിച്ചപ്പോഴാണ് പണം എത്തിയതറിഞ്ഞത്. അരുൺ ഉടൻ പണം അയച്ച കമ്പനിയുമായി ബന്ധപ്പെട്ടു. പണം അയച്ചത് മാറിയിട്ടുണ്ടോ എന്ന് പരിശോധിക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് കമ്പനി അധികൃതർ തിരികെ അരുണിനെ വിളിച്ച് പണം മാറി അയച്ചതായി പറഞ്ഞു.
ഇതോടെ പണം തിരികെ അയക്കാൻ വേണ്ടി തന്റെ ബാങ്കിലെ നിയമനടപടികൾക്കായി കത്ത് തരണമെന്ന് ആവശ്യപ്പെട്ടു. ഇമെയിലിൽ കത്ത് ലഭിച്ചു. തിങ്കളാഴ്ച വരെ ബാങ്ക് അവധി ആയതിനാൽ ചൊവ്വാഴ്ച അക്കൗണ്ടിലേക്ക് വന്ന മുഴുവൻ പണവും തിരികെ അയക്കുമെന്ന് അരുൺ കമ്പനി അധികൃതരെ അറിയിച്ചിട്ടുണ്ട്.


