സ്വര്‍ണക്കൊള്ള; രാജു എബ്രഹാമും കുരുക്കിൽ; സി.പി.എം പ്രതിരോധത്തിൽ
text_fieldsരാജു എബ്രഹാം
പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന് പോറ്റിയുടെ വീട്ടില്‍ സന്ദർശനം നടത്തുന്ന ചിത്രങ്ങൾ പുറത്തുവന്നതോടെ സി.പി.എം ജില്ല സെക്രട്ടറി രാജു എബ്രഹാമും കുരുക്കിൽ. സ്വര്‍ണക്കൊള്ളയിൽ സി.പി.എം ജില്ല കമ്മിറ്റി അംഗവും ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമായ എ. പത്മകുമാർ ജയിലിൽ കഴിയുന്നതിനിടെ, രാജു എബ്രഹാമും ചിത്രത്തിലേക്ക് എത്തിയത് സി.പി.എമ്മിനെ കടുത്ത പ്രതിരോധത്തിലാഴ്ത്തുകയാണ്.
തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയിൽ ശബരിമല സ്വര്‍ണക്കൊള്ള പ്രധാനഘടകമായെന്ന് സി.പി.എം ജില്ല നേതൃത്വം വിലയിരുത്തിയിരുന്നു. പത്മകുമാറിനെതിരെ പാർട്ടി നടപടിയുണ്ടാകാത്തത് തിരിച്ചടിയായെന്നും വിലയിരുത്തലുണ്ടായിരുന്നു. സംസ്ഥാന നേതൃത്വം അനുമതി നൽകിയാൽ പത്മകുമാറിനെതിരെ നടപടിയെടുക്കുമെന്ന് രാജു എബ്രഹാമും പറഞ്ഞിരുന്നു.
ഇതിനിടെയാണ് എം.എൽ.എയായിരിക്കെ രാജു എബ്രഹാം കടകംപള്ളി സുരേന്ദ്രനൊപ്പം പോറ്റിയുടെ വീട്ടില്‍ സന്ദർശനം നടത്തുന്ന ചിത്രങ്ങൾ പുറത്തുവന്നത്. ഉണ്ണികൃഷ്ണന് പോറ്റിയുടെ അച്ഛന് ഇരുവരും സമ്മാനം നല്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പോറ്റിയുടെ കുടുംബത്തിനൊപ്പം ഇരുവരും നിൽക്കുന്ന ദൃശ്യങ്ങളുമുണ്ട്. അന്ന് കടകംപള്ളി ദേവസ്വം മന്ത്രിയും രാജു എബ്രഹാം റാന്നി എം.എൽ.എയുമായിരുന്നു. ശബരിമല സ്ഥിതി ചെയ്യുന്ന പത്തനംതിട്ട ജില്ല സെക്രട്ടറി തന്നെ പോറ്റിക്കൊപ്പം നിൽക്കുന്ന ചിത്രം പുറത്തുവന്നത് പാർട്ടിയിലും ചർച്ചയാകുന്നുണ്ട്. ഇത് വിശദീകരിക്കുന്നത് പാർട്ടിക്ക് തലവേദനയുമാകും.
അതിനിടെ, രാജു എബ്രഹാം നൽകിയ അവ്യക്തമായ വിശദീകരണവും തിരിച്ചടിയായിരിക്കുകയാണ്. ചിത്രം പുറത്തു വന്നത് അറിഞ്ഞെങ്കിലും സംഭവം ഓർമയില്ലെന്നായിരുന്നു രാജു എബ്രഹാമിന്റെ വിശദീകരണം. ദൃശ്യങ്ങളിലുള്ള വ്യക്തിയുടെ മുഖം ഓർമയുണ്ടെങ്കിലും ചടങ്ങിനെക്കുറിച്ച് വ്യക്തമായ ധാരണയില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ശബരിമല ഉൾപ്പെടുന്ന മണ്ഡലത്തിൽ 25 വർഷത്തോളം എം.എൽ.എയായിരുന്നു. ക്ഷണിക്കുന്ന പരിപാടികളിൽ പങ്കെടുക്കാറുണ്ടെന്നും രാജു എബ്രഹാം പറഞ്ഞു.
ഉണ്ണികൃഷ്ണന് പോറ്റിയുടെ വീട്ടില്‍ ഒരു തവണ പോയിട്ടുണ്ടെന്നും ചെറിയ കുട്ടിയുടെ ഒരു ചടങ്ങിനാണ് പോയതെന്നും കടകംപള്ളി സുരേന്ദ്രന് പ്രതികരിച്ചിരുന്നു. പോറ്റിയുടെ വീട്ടില്‍നിന്ന് അന്ന് ഭക്ഷണവും കഴിച്ചിട്ടുണ്ട്. പൊലീസ് അകമ്പടിയോടെയാണ് പോയത്. അവിടെനിന്ന് നേരെ ശബരിമലക്കാണ് പോയത്. അത് ഒളിച്ചുവെക്കേണ്ട കാര്യമില്ല. ഇന്നത്തെ പോറ്റിയല്ലല്ലോ അന്നത്തെ പോറ്റിയെന്നും കടകംപള്ളി പറഞ്ഞിരുന്നു


