‘മര്യാദക്ക് ഇരുന്നോണം ഇല്ലെങ്കിൽ മര്യാദ പഠിപ്പിക്കും...’; പന്തളം നഗരസഭയിൽ കൊമ്പുകോർത്ത് ചെയർമാനും മുൻ ചെയർപേഴ്സണും
text_fieldsപന്തളം: പന്തളം നഗരസഭയിൽ കൊമ്പു കോർത്ത് ചെയർമാനും മുൻ ചെയർപേഴ്സണും. സുശീല സന്തോഷ് ചെയർമാൻ അച്ഛൻ കുഞ്ഞ് ജോണിനെ കൗൺസിൽ ഹാളിൽ വെച്ചാണ് അസഭ്യം പറഞ്ഞത്. ഇതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ചൊവ്വാഴ്ച പന്തളം നഗരസഭയിൽ നടന്ന കൗൺസിൽ യോഗത്തിലാണ് ബി.ജെ.പിയിലെ മുൻ ചെയർപേഴ്സൺ സുശീല സന്തോഷ്, അച്ഛൻ കുഞ്ഞിനെ ഭീഷണിപ്പെടുത്തി അസഭ്യം പറഞ്ഞത്. ബി.ജെ.പി ഭരിക്കുന്ന പന്തളം നഗരസഭയിൽ തുടക്കം മുതൽ വിവാദങ്ങളായിരുന്നു. ബി.ജെ.പിയിലെ കെ.വി. പ്രഭയും അന്നത്തെ ചെയർപേഴ്സൺ സുശീല സന്തോഷുമായി കോൺഫറൻസ് ഹാളിൽ അസഭ്യം പറയുന്നതിന്‍റെ വിഡിയോ മറ്റൊരു ബി.ജെ.പി കൗൺസിലർ മൊബൈലിൽ പകർത്തി നവമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത് ഏറെ വിവാദമായിരുന്നു.
അന്ന് ഏറെ കോളിളക്കം സൃഷ്ടിച്ച തെറിവിളി നഗരസഭയിൽ ഭരണ പ്രതിപക്ഷങ്ങൾ ഏറ്റെടുത്തതോടെ, പാർട്ടി ജില്ലാ നേതൃത്വം ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്. പിന്നാലെ പ്രഭ പ്രതിപക്ഷത്തിനൊപ്പം ചേർന്ന് അവിശ്വാസപ്രമേയം കൊണ്ടുവരികയും തുടർന്ന് സുശീല സന്തോഷ് രാജിവെക്കുകയുമായിരുന്നു. കഴിഞ്ഞ ഡിസംബറിൽ അച്ഛൻ കുഞ്ഞ് ജോണിനെ ചെയർമാനാക്കി നഗരസഭയിൽ, പാർട്ടി സംസ്ഥാന നേതൃത്വം പ്രശ്നങ്ങൾ പരിഹരിച്ചതാണ്. ഇതിനിടയിലാണ് വീണ്ടും മുൻ ചെയർപേഴ്സൺ ചെയർമാനെ പരസ്യമായി തെറി വിളിക്കുന്നത്.