കോവിഡ് കാലം നഴ്സിന് സമ്മാനിച്ചത് ചെടികളുടെ വർണലോകം
text_fieldsനഴ്സ് നിഷ വീട്ടിൽ ചെടിയുമായി
പന്തളം: കോവിഡ് കാലത്തെ നിയന്ത്രണങ്ങൾക്കിടയിൽ ആരോഗ്യവകുപ്പിലെ നഴ്സിെൻറ പരിചരണത്തിൽ ആരോഗ്യത്തോടെ വളരുകയാണ് ഒരുകൂട്ടം ചെടികളും വൃക്ഷങ്ങളും. പന്തളം മങ്ങാരം മുത്തൂണിയിൽ ഷാനവാസിെൻറ ഭാര്യ നിഷയാണ് വീട് പരിസരം പരിസ്ഥിതി സൗഹൃദമാക്കിയത്.
കിളിമാനൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലാണു നിഷ ജോലി ചെയ്യുന്നത്. ലോക്ഡൗൺ കാരണം കെ.എസ്.ആർ.ടി.സി സർവിസ് നിർത്തിയതോടെ ഭർത്താവിെൻറ ബൈക്കിലായിരുന്ന ജോലിക്ക് പോയിരുന്നത്. ഈ യാത്രയിൽ വഴിയരിയരികിൽനിന്ന് ചെടിച്ചട്ടി വാങ്ങിയാണ് ചെടികൾ നട്ടു തുടങ്ങിയത്. കഴിഞ്ഞ വർഷം മാർച്ച് മുതൽ നീണ്ട കോവിഡ് കാലത്ത് ലോക്ഡൗണുകൾ എത്തിയെങ്കിലും ദിവസവും ജോലിക്കു പോകേണ്ടിയിരുന്നു. ചില ചെടികൾ തൂക്കിയിടുന്നതിന് അനുയോജ്യമായ വള്ളി കിട്ടിയില്ല. ഒടുവിൽ യൂട്യൂബിൽ തിരഞ്ഞ് തൃശൂർ മണ്ണുത്തിയിൽപോയി ചട്ടികളും വള്ളിയും വാങ്ങി. ഇതിനിടെ പുതിയൊരും സംരംഭം തുടങ്ങാൻ ദമ്പതികൾ തീരുമാനിച്ചു.
പലയിടത്തുനിന്നും ചെടികൾ കൊണ്ടുവന്നു വീട്ടിൽ നട്ടുവളർത്തി. ജോലിത്തിരക്കിനിടെ ഒഴിവ് സമയം കിട്ടാറില്ലെങ്കിലും ഭർത്താവിെൻറയും മക്കളുടെയും പൂർണ സഹകരണമാണ് വിജയത്തിലേക്കെത്തിച്ചത്. ഭർത്താവിനാണ് ഇപ്പോൾ തന്നേക്കാളും ചെടികളോടു കമ്പമെന്നും നിഷ പറയുന്നു. അഗ്ലോണിമ, എവർ ഗ്രീൻ ടർട്ടിൽ വൈൻ, പെറ്റൂണിയ, ചൈനീസ് ബോൾസം, ആന്തൂറിയം, അഡീനിയം, കലാഞ്ചി, ബോഗൻ വില്ല, പിങ്ക് ലേഡി ടർട്ടിൽ, ഡായന്തസ്, ബിഗോണിയ ബട്ടർ ഫ്ലൈ, എപ്പീഷ, സ്പൈഡർ പ്ലാൻറ്, സാൻസി വേറിയ, റോയ്യോ, സ്നേക് പ്ലാൻറ്, പൈനാപ്പിൾ പ്ലാൻറ്, റോസ്, ആയുർ ജാക് പ്ലാവിൻ തൈ, മലേഷ്യൻ കുള്ളൻ തെങ്ങ്, മൂന്നാം വർഷം കായ്ക്കുന്ന മാവ്, റമ്പുട്ടാൻ, വേപ്പ്, കണിക്കൊന്ന, ലക്കി ബാംബൂ തുടങ്ങി നിരവധി ചെടികൾ ഇവരുടെ വീട്ടിൽ സുലഭമാണ്.