മിന്നൽ ചുഴലിയിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വ്യാപകനാശം
text_fieldsകോന്നിയിൽ റോഡിന് കുറുകെ വീണ വൈദ്യുതി പോസ്റ്റ്
പത്തനംതിട്ട: കനത്ത മഴ തുടരുന്നതിനിടെ, വീശിയടിച്ച മിന്നൽ ചുഴലിയിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വ്യാപകനാശം. മിന്നൽ ചുഴലി റാന്നി മേഖലയിൽ കനത്ത നാശനഷ്ടം സൃഷ്ടിച്ചു. വൈകീട്ട് മൂന്നോടെയാണ് മിനിറ്റുകൾ മാത്രം നീണ്ട ശക്തമായ കാറ്റ് വീശിയത്.
നിരവധി മരങ്ങൾ കടപുഴകി വീണു.പുനലൂർ- മൂവാറ്റുപുഴ സംസ്ഥാന പാതയിലടക്കം ഗതാഗതം തടസ്സപ്പെട്ടു. 11 കെ.വി വൈദ്യൂതി തൂണുകളും തകർന്നുവീണു. വടശ്ശേരിക്കര മേഖലയിലും കാറ്റ് നാശം വിതച്ചു. കോന്നിയിലും മരങ്ങൾ വീണ് ഗതാഗതം തടസ്സപ്പെട്ടു.
തിരുവല്ലയിൽ വ്യാപക നാശം
തിരുവല്ല: ശക്തമായ മഴക്കൊപ്പം വീശിയടിച്ച കാറ്റിൽ തിരുവല്ലയിൽ വ്യാപക നാശനഷ്ടം. വെളളിയാഴ്ച ഉച്ചകഴിഞ്ഞ് വീശിയടിച്ച കാറ്റാണ് നാശം വിതച്ചത്. കുറ്റൂര്‍, പെരിങ്ങര, കടപ്ര പഞ്ചായത്തുകളിലും നഗരസഭയുടെ ചില ഭാഗങ്ങളിലും കാറ്റ് നാശം വിതച്ചു. ദീപ ജങ്ഷനില്‍ തണല്‍ മരത്തിന്റെ കൊമ്പുകള്‍ ഒടിഞ്ഞ് വൈദ്യുതി ലൈനില്‍ വീണു. കിഴക്കുംമുറി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ തിടപ്പളളിക്ക് മുകളില്‍ പാലമരം കടപുഴകി വീണു.
തിടപ്പളളിയുടെ വശവും മതിലും തകര്‍ന്നു. തിരുമൂലപുരത്ത് സ്കൂള്‍ മൈതാനത്ത് നിന്ന തേക്ക് മരം ഒടിഞ്ഞുവീണു. പെരിങ്ങര ഒന്നാം വാര്‍ഡില്‍ ചിറയില്‍ ജേക്കബ് തോമസിന്റെ വീടിന് മുകളില്‍ പുളിമരം വീണു. കുടുംബാംഗങ്ങള്‍ പുറത്തേക്ക് ഓടിയതിനാല്‍ പരിക്കേറ്റില്ല. തുണ്ടിപ്പറമ്പില്‍ ജേക്കബ് തോമസിന്റെ വീടിന് മുകളിലും മരം വീണു. പനങ്ങാട്ട് ഷൈജുവിന്റെ പെട്ടിവണ്ടിയുടെ മുകളില്‍ മാവ് ഒടിഞ്ഞുവീണു.
പനച്ചയില്‍ പി.ജെ. പോത്തന്റെ വീടിന് മുകളിലെ നൂറോളം ഓടുകള്‍ പറന്നുപോയി. കന്യാക്കോണില്‍ വീട്ടിലെ മേല്‍ക്കൂരയില്‍ നിന്ന് ഷീറ്റുകളും കാറ്റില്‍ പറന്ന് നിലത്തുവീണു. കോമങ്കരച്ചിറ യാക്കോബായ പളളിക്കുസമീപം റോഡിന് കുറുകെ മരം വീണു. കുര്യാക്കോസ് മാര്‍ കൂറിലോസ് പാരീഷ് ഹാളിന് മുകളിലെ ഷീറ്റുകള്‍ തകര്‍ന്നു.
പെരിങ്ങര നെന്മേലില് പ്രഭാകരന് പിളളയുടെ വീടിന് മുകളില്‍ മാവ് വീണു. 98ാം നമ്പര്‍ അംഗൻവാടി പ്രവര്‍ത്തിക്കുന്ന പെരിങ്ങര ദേവകി സദസനത്തില് രാജശേഖരന്റെ വീടിന് മുകളില്‍ തണല്‍ മരം വീണു. കോസ്മോസ് ജങ്ഷന് സമീപം കോൺഗ്രസ് പെരിങ്ങര ടൗൺ കമ്മിറ്റി ഓഫിസ് കെട്ടിടത്തിന് മുകളിലേക്ക് പരസ്യ ബോർഡ് മറിഞ്ഞുവീണു. കാറ്റിനെ തുടർന്ന് ഒരു ഭാഗത്തെ മേൽക്കൂര പറന്നുപോയി.
കടപ്ര മഹാലക്ഷ്മി ക്ഷേത്രത്തിന് സമീപം ജനാർദ്ദനന്റെ വീടിന് മുകളിലേക്ക് മരം മേൽക്കൂര തകർന്നു. കുറ്റൂര്‍ ആറാട്ടുകടവ്-ഓതറ റോഡില്‍ റെയില്‍വേ ക്രോസിന് സമീപം റോഡിന് കുറുകെ തേക്കുമരം കടപുഴകി. ഒരുമണിക്കൂര്‍ എടുത്താണ് വെട്ടി നീക്കിയത്. സെയ്ന്റ് മേരീസ് ക്നാനായ പളളിയുടെ പാരീഷ് ഹാളിന് മുകളില്‍ മരം വീണ് നാശനഷ്ടം ഉണ്ടായി.
കുറ്റൂര്‍ ചിറ്റക്കാട്ട് ശിവജ്യോതിയില്‍ വിനോദിന്റെ വീടിന് മുകളിലേക്ക് സ്വന്തം പുരയിടത്തിലെ ആഞ്ഞിലിമരം വീണു. ഏറ്റുകടവ്-കോഴിയാപുഞ്ച റോഡില്‍ പോത്തളത്ത്പടിയില് വൈദ്യുതി ലൈനില്‍ മരംവീണ് വൈദ്യുതി വിതരണം നിലച്ചു.
മുത്തൂര്‍ പല്ലാട്ട് ഉണ്ണികൃഷ്ണന് നായരുടെ വീടിന് മുകളില്‍ പ്ലാവ് കടപുഴകിവീണു. പെരിങ്ങര കിഴക്കേ മഠത്തില്‍ സന്തോഷിന്റെ വീടിന് മുകളില്‍ തേക്കുമരം വീണു. കണിയാമ്പറ -മനക്കച്ചിറ റോഡിൽ മണക്കാട്ട് മുക്കിൽ തേക്കുമരം കടപുഴകി വൈദ്യുത ലൈനിൽ വീണ് ട്രാൻസ്ഫോമറും സമീപത്തെ നിരവധി വൈദ്യുതി പോസ്റ്റുകളും നിലംപൊത്തി.
കോന്നിയിലും മഴക്കെടുതി
കോന്നി: കോന്നിയിൽ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തിന് സമീപം സ്വകാര്യ വ്യക്തിയുടെ വീട്ടുമുറ്റത്തെ തേക്ക് പിഴുത് വീണ് കോന്നി വെട്ടൂർ കുമ്പഴ റോഡിലെ ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു. മൂന്ന് വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞു.
പിന്നീട് വാഹനങ്ങൾ പയ്യനാമൺ ആമക്കുന്ന് റോഡ് വഴി തിരിച്ചുവിട്ടാണ് ഗതാഗതം നിയന്ത്രിച്ചത്. കോന്നി രാമകൃഷ്ണ വിലാസം ഉത്തമൻ നായരുടെ വീടിന് മുകളിലേക്ക് തേക്ക് മരം ഒടിഞ്ഞുവീണ് നാശനഷ്ടം ഉണ്ടായി. ഉത്തമൻ നായരും ഭാര്യ സരോജിനിയും അടുത്ത മുറിയിലായിരുന്നതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ചിറ്റാറിൽ കനത്ത മഴയിൽ വീടിന്റെ സംരക്ഷണ ഭിത്തി തകർന്നു. അട്ടച്ചാക്കൽ ആർ.എസ് ഭവൻ രമണന്റെ വീടിന് മുകളിൽ പുളിമരം വീണ് ഭാഗിക നാശനഷ്ടം സംഭവിച്ചു.
കോന്നി വില്ലേജിൽ ചൂരപ്ലാമൂട്ടിൽ അച്ചൻകുഞ്ഞിന്റെ വീടിന് മുകളിലേക്ക് മരം വീണു. സീതത്തോട് മൂന്ന്കല്ല് തട്ടേകാട്ടിൽ സുരേഷിന്റെ വീടിന് മുകളിൽ മരം വീണ് നാശമുണ്ടായി. തേക്കുതോട് ഏഴാം തല കരിങ്ങഴ വീട്ടിൽ വിജയന്റെ വീടിന് മുകളിൽ മരം വീണ് ഭാഗിക നാശനഷ്ടം ഉണ്ടായി. ഇളകൊള്ളൂർ കാഞ്ഞിരവിളയിൽ ശ്രീകുമാറിന്റെ വീടിന് മുകളിലേക്കും മരം വീണ് നാശം നേരിട്ടു.
റാന്നിയിലും ദുരിതം
റാന്നി: താലൂക്കിലെ മലയോര മേഖലകളിൽ പ്രതീക്ഷിക്കാതെയെത്തിയ മിന്നല്‍ ചുഴലിക്കാറ്റില്‍ വ്യാപക നാശം .വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെ വീശിയടിച്ച കാറ്റിലാണ് വ്യാപക നാശനഷ്ടം ഉണ്ടായത്. അങ്ങാടി മാര്‍ത്തോമ ജങ്ഷനില്‍ എസ്.ബി.ഐയുടെ മുന്‍വശത്ത് തേക്കുമരം കടപുഴകി വീണു.
സമീപത്തെ കടകള്‍ക്കും വാഹന ഷോറൂമിനും നാശം നേരിട്ടു. മുക്കട ഇടമണ്‍ റോഡില്‍ മരം വീണ് വൈദ്യുതി തൂണുകള്‍ തകര്‍ന്ന് ഗതാഗതം മുടങ്ങി. വെച്ചൂച്ചിറ നവോദയ സ്കൂള്‍ കോമ്പൗണ്ടില്‍ നിന്ന മരങ്ങള്‍ പരുവ റോഡിലേക്ക് കടപുഴകി വീണ് വൈദ്യുതി ലൈന്‍ തകര്‍ന്നു. ഇവിടുത്തെ ഓട്ടോറിക്ഷ സ്റ്റാന്‍ഡിലേക്കും മരം വീണു. മരം ആടിയുലയുന്നത് കണ്ടയുടനെ വാഹനങ്ങള്‍ മാറ്റിയതിനാല്‍ അപകടമൊഴിവായി.
അത്തിക്കയം-പെരുനാട് റോഡിലും, അത്തിക്കയം-മടന്തമണ്‍ റോഡിലും മരംവീണ് വൈദ്യുതി തൂണ് ഒടിഞ്ഞ് ഗതാഗതം മുടങ്ങി. കൊച്ചുകുളം, കുടമുരട്ടി മേഖലയിലും കാറ്റ് വ്യാപക നാശം വിതച്ചു.
നാട്ടുകാര്‍ ഇടപെട്ട് മരങ്ങള്‍ മുറിച്ചുനീക്കി ഗതാഗതം സുഗമമാക്കിയെങ്കിലും ഉൾപ്രദേശങ്ങളിൽ വൈദ്യുതിയെത്താൻ വൈകി. രാത്രി ഏഴ് മണിയോടെ റാന്നി ടൗണിലും ഇട്ടിയപ്പാറ ഭാഗങ്ങളിലും വൈദ്യുതിയെത്തി.
മല്ലപ്പള്ളിയിൽ വ്യാപകനാശം
മല്ലപ്പള്ളി: കോട്ടാങ്ങൽ പഞ്ചായത്ത് പ്രദേശങ്ങളായ നിർമല പുരം, മാരങ്കുളം, ചുങ്കപ്പാറ, തോട്ടത്തുംങ്കുഴി, കോട്ടാങ്ങൽ, വഞ്ചികപ്പാറ, കുളത്തൂർമൂഴി വായ്പ്പൂര്, ആലപ്രക്കാട് പ്രദേശങ്ങളിൽ നിരവധി വീടുകൾക്കും സ്ഥാപനങ്ങൾക്കും കേടുപാട് സംഭവിച്ചു. വിവിധ സ്ഥലങ്ങളിൽ നിരവധി പോസ്റ്റുകളും മരങ്ങൾ ഒടിഞ്ഞുവീണും വൈദ്യുതി കമ്പികൾ പൊട്ടിവീണതോടെ വൈദ്യുതി ബന്ധം പൂർണമായി തകർന്നു. ചുങ്കപ്പാറ - ചാലാപ്പള്ളി ബാസ്റ്റോ റോഡ്, ചുങ്കപ്പാറ - കോട്ടാങ്ങൽ ബാസ്റ്റോ റോഡ്, ആലപ്രക്കാട് റോഡ്, കോട്ടാങ്ങൽ വന്നില റോഡ്, മലമ്പാറ എന്നിവിടങ്ങളിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു.
ചുങ്കപ്പാറയിൽ കാറ്റിൽ മരങ്ങൾ ഒടിഞ്ഞുവീണ് നിരവധി വീടുകൾക്കുംവ്യാപാരസ്ഥാപനങ്ങൾക്കും നാശം ഉണ്ടായി. ചുങ്കപ്പാറ തുണ്ടു മുറിയിൽ അസീസിന്റെ വീടിന് മുകളിൽ മരം വീണ് നാശനഷ്ടം സംഭവിച്ചു.