ദേവപ്രിയക്ക് സ്നേഹസമ്മാനമായി സ്നേഹവീട്; താക്കോൽ പ്രതിപക്ഷ നേതാവ് കൈമാറി
text_fieldsദേവപ്രിയക്ക് നിർമിച്ചുനൽകിയ വീടിന്റെ താക്കോൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കൈമാറുന്നു
ചെറുതോണി: സ്കൂൾ കായികമേളയിലെ സുവർണ നേട്ടത്തിന് സമ്മാനമായി പ്രഖ്യാപിച്ച ‘സ്നേഹവീട്’ ദേവപ്രിയക്ക് കൈമാറി. പ്രതിപക്ഷ നേതാവ് പിണറായി വിജയനാണ് വീടിന്റെ താക്കോൽ കൈമാറിയത്. ചടങ്ങിൽ സി.പി.എം ജില്ല സെക്രട്ടറി സി.വി. വർഗീസ് അധ്യക്ഷത വഹിച്ചു. മുൻ മന്ത്രി എം.എം. മണി മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ ജോയിസ് ജോർജ്, കെ.പി. മേരി, റോമിയോ സെബാസ്റ്റ്യൻ, എം.ജെ. മാത്യു, പി.ബി. സബീഷ് എന്നിവർ സംസാരിച്ചു.
സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ 38 വർഷം പഴക്കമുള്ള റെക്കോഡ് തിരുത്തിക്കുറിച്ച ‘കാൽവരി എക്സ്പ്രസ്’ ദേവപ്രിയ ഷൈബുവിനും കുടുംബത്തിനുമായി സി.പി.എം നിർമിച്ച് നൽകിയ വീടിന്റെ താക്കോൽദാനമാണ് നിർവഹിച്ചത്. 25 ലക്ഷം ചെലവിൽ എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടിയാണ് കാൽവരിമൗണ്ട് കൂട്ടക്കല്ലിൽ സ്നേഹവീട് പൂർത്തിയാക്കിയത്.
തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ സബ് ജൂനിയർ 100 മീറ്റർ ഓട്ടത്തിൽ 38 വർഷം പഴക്കമുള്ള റെക്കോഡ് തിരുത്തിക്കുറിച്ചയുടൻ തന്നെ സി.പി.എം ജില്ല സെക്രട്ടറി സി.വി. വർഗീസ് വീട് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ഒക്ടോബർ 29ന് തറക്കല്ലിട്ട വീടിന്റെ നിർമാണം അതിവേഗത്തിലാണ് പൂർത്തിയാക്കിയത്. വീട്ടിലേക്ക് ആവശ്യമായ മുഴുവൻ ഫർണിച്ചറും ഡി.വൈ.എഫ്.ഐ, ജനാധിപത്യ മഹിള അസോസിയേഷൻ ജില്ല കമ്മിറ്റികളാണ് നൽകിയത്. ചടങ്ങിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു.


