പത്തനംതിട്ട ജില്ല സ്കൂൾ കായികമേള; പുല്ലാടും സെന്റ് ജോൺസും വിജയികൾ
text_fieldsജില്ല സ്കൂൾ കായികമേളയിൽ ചാമ്പ്യന്മാരായ പുല്ലാട് ഉപജില്ല ടീം
കൊടുമൺ: ജില്ല സ്കൂൾ കായികമേളയിൽ പുല്ലാട് ഉപജില്ല 284 പോയന്റുമായി ചാമ്പ്യൻമാരായി. 39 സ്വർണവും 20 വെള്ളിയും 16 വെങ്കലവുമാണ് പുല്ലാട് സ്വന്തമാക്കിയത്. കഴിഞ്ഞ തവണയും പുല്ലാട് ഉപജില്ലക്കായിരുന്നു കിരീടം. 137 പോയന്റുമായി പത്തനംതിട്ട ഉപജില്ല രണ്ടാമതായി. 12 സ്വർണവും 11 വെള്ളിയും 14 വെങ്കലവും പത്തനംതിട്ടക്ക് ലഭിച്ചു. 113 പോയന്റുമായി റാന്നിയാണ് മൂന്നാമത്. 11 സ്വർണവും 11 വെള്ളിയും 10 വെങ്കലവും റാന്നിക്ക് ലഭിച്ചു.
സ്കൂൾ വിഭാഗത്തിൽ പുല്ലാട് ഉപജില്ലയിലെ സെന്റ് ജോൺസ് എച്ച്.എസ്.എസ് ഇരവിപേരൂർ 158 പോയന്റുമായി തുടർച്ചായ 16ാം തവണയും ഓവറോൾ നേടി. 25 സ്വർണവും 10 വെള്ളിയും മൂന്ന് വെങ്കലവും നേടി. രണ്ടാം സ്ഥാനം 94 പോയന്റുമായി പുല്ലാട് ഉപജില്ലിയിലെതന്നെ എം.ടി.എച്ച്.എസ് കുറിയന്നൂർ കരസ്ഥമാക്കി. 11 സ്വർണവും ഒമ്പത് വെള്ളിയും 12 വെങ്കലവും കുറിയന്നൂർ നേടി. മൂന്നാമത് 46 പോയന്റുമായി എം.എസ്.എച്ച്.എസ്.എസ് റാന്നിയാണ്. ഏഴ് സ്വർണവും മൂന്ന് വെള്ളിയും രണ്ട് വെങ്കലവും അവർക്ക് ലഭിച്ചു.

സെന്റ് ജോൺസ് എച്ച്.എസ്.എസ് ഇരവിപേരൂർ, കുറിയന്നൂർ എം.ടി.എച്ച്.എസ്.എസ് എന്നീ സ്കൂളുകളുടെ കരുത്തിലാണ് പുല്ലാട് ഉപജില്ലക്ക് മികച്ച നേട്ടമുണ്ടാക്കാനായത്. സമാപന ദിവസം മഴക്കിടെയായിരുന്നു പല മത്സരങ്ങളും. സമാപന സമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശ്രീധരൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ധന്യാദേവി, എ.ജി. ശ്രീകുമാർ, അജിത് എബ്രഹാം, തോമസ് ഫിലിപ്, ഡോ. രമേശ്, ഡി. രാജേഷ്കുമാർ, വിദ്യാഭ്യാസ ഉപഡയറക്ടർ ബി.ആർ. അനില എന്നിവർ സംസാരിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം സമ്മാനദാനം നിർവഹിച്ചു.
ആര്യഭവനിലേക്ക് അഞ്ച് മെഡൽ
കൊടുമൺ: ജില്ല സ്കൂൾ കായികമേളയിൽ മിന്നുംനേട്ടവുമായി സഹോദരങ്ങൾ. കുറിയന്നൂർ എം.ടി.എച്ച്.എസ്.എസിലെ എം.എസ്. മനു, എം.എസ്. മനീഷ് എന്നിവരാണ് സ്വർണം വാരിയത്. സബ് ജൂനിയർ ഡിസ്കസ് ത്രോയിൽ സ്വർണവും 80 മീറ്റർ ഹർഡിസിൽ വെള്ളിയും 400 മീറ്ററിൽ വെങ്കലവും മനു സ്വന്തമാക്കിയപ്പോൾ, മൂത്ത സഹാദരനായ മനീഷ് നേടിയത് രണ്ട് മെഡൽ. ജൂനിയർ വിഭാഗം 5000 മീറ്റർ നടത്തത്തിലും 1500 മീറ്ററിലും വെള്ളിയാണ് മനീഷിന് ലഭിച്ചത്. മനു എട്ടാം ക്ലാസിലും മനീഷ് പത്താം ക്ലാസിലും പഠിക്കുന്നു. എൻ.ജി. ശിവശങ്കരനും അമൽ സന്തോഷുമാണ് പരിശീലകർ. നൂറനാട് ഉളവുകാട് ആര്യഭവനത്തിൽ രാജീവ്-സാന്ദ്ര ദമ്പതികളുടെ മക്കളാണ് ഇവർ. ഇവരുടെ വീട്ടിലേക്കെത്തിയത് അഞ്ച് മെഡലാണ്.
കുത്തക കൈവിടാതെ സെന്റ് ജോൺസ്; തുടർച്ചയായ 16ാം തവണയും ഓവറോൾ കിരീടം
കൊടുമൺ: കായിക ജില്ലയുടെ തലപ്പത്ത് വീണ്ടും ഇരവിപേരൂർ സെന്റ് ജോൺസ്. ജില്ല സ്കൂൾ കായികമേളയിൽ തുടർച്ചയായ 16ാം തവണയും ഓവറോൾ കിരീടം സ്വന്തമാക്കി ഇവർ പുതുചരിത്രവും എഴുതി. ഇരവിപേരൂർ സെന്റ് ജോൺസ് എച്ച്.എസ്.എസിൽനിന്ന് ഇത്തവണ 36 അംഗമാണ് മത്സരിക്കാനെത്തിയത്.
ഡോ. അനീഷ് തോമസിന്റെ നേതൃത്വത്തിലുള്ള പരിശീലന സംഘവും സ്കൂളിന്റെ നേട്ടത്തിൽ കരുത്തായി. മൊത്തം നാല് പരിശീലകരാണ് ഇവിടെയുള്ളത്. റിട്ട. എസ്.ഐ ജിജു സാമുവൽ ലോങ് ജംപ്, ഹൈജംപ്, ട്രിപ്പിൾ ജംപ് എന്നിവയിലും ഒ.ആർ. ഹരീഷ് ത്രോ ഇനങ്ങളും പരിശീലിപ്പിക്കുന്നു. പെൺകുട്ടികൾക്ക് പരിശീലനം നൽകാൻ ഷേബ ഡാനിയേലുമുണ്ട്. സ്കൂളിന്റെ നിയന്ത്രണത്തിൽ സെന്റ് ജോൺസ് സ്പോർട്സ് അക്കാദമി രൂപവത്കരിച്ചതും ഇവരുടെ നേട്ടത്തിൽ നിർണായകമായി. മറ്റ് സ്കൂളുകളിലെ കുട്ടികളും അക്കാദമിൽ പരിശീലിക്കുന്നുണ്ട്.
കുട്ടികൾക്കായി സർക്കാർ ഒരു സ്പോർട്സ് ആയുർവേദ റൂമും സ്കൂളിൽ സജ്ജീകരിച്ചിട്ടുണ്ട്. ആഴ്ചയിൽ ഒരുദിവസം ഒരു ഡോക്ടറുടെ സേവനവുമുണ്ട്. സ്കൂളിലെ കായിക പ്രതിഭകളിൽ 230ഓളം പേർക്ക് ഇതിനകം വിവിധ വകുപ്പുകളിൽ ജോലിയും ലഭിച്ചിട്ടുണ്ട്.
നാലിലും പിഴക്കാതെ രേവതി രാജപ്പൻ

കൊടുമൺ: സീനിയർ വിഭാഗം നാലുകിലോ മീറ്റർ ക്രോസ് കൺട്രിയിൽ നാലാം തവണയും രേവതി രാജപ്പന് എതിരില്ല. വെണ്ണിക്കുളം സെന്റ് ബഹനാൻസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു കോമേഴ്സ് വിദ്യാർഥിനിയാണ്. സ്വന്തമായി പരിശീലിച്ചാണ് ഈ നേട്ടം. 3000 മീറ്ററിൽ രണ്ടാം സ്ഥാനവും 1500 മീറ്ററിൽ മൂന്നാം സ്ഥാനവുമുണ്ട്. പുല്ലാട് പുരയിടത്തുകാവ് ആശാരിപറമ്പിൽ രാജപ്പൻ ആചാരി-സരോജനി ദമ്പതികളുടെ മകളാണ്.


