എക്സൈസ് പരിശോധന; ഒരുമാസത്തിനിടെ 480 കേസ്, അറസ്റ്റിലായത് 458 പേർ
text_fieldsപത്തനംതിട്ട: എക്സൈസ് ജില്ലയിൽ നടത്തിയ പരിശോധനകളിൽ സെപ്റ്റംബറിൽ രജിസ്റ്റർ ചെയ്തത് 480 കേസ്. അബ്കാരി- 172, മയക്കുമരുന്ന്- 50, പുകയില ഉൽപന്നങ്ങളുടെ വിപണനം- 258 എന്നിങ്ങനെയാണ് കേസുകളുടെ എണ്ണം. മൊത്തം 760 റെയ്ഡുകളാണ് ജില്ലയിൽ നടത്തിയത്. 1630 വാഹനങ്ങളും പരിശോധിച്ചു.
വിവിധ അബ്കാരി കേസുകളിലായി 570 ലിറ്റർ കോട, 48.5 ലിറ്റർ ചാരായം, 195.4 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യം, 26.7 ലിറ്റർ ബിയർ എന്നിവ പിടിച്ചെടുത്തു. 4.108 കിലോ കഞ്ചാവ്, 4.108 ഗ്രാം എം.ഡി.എം.എ, രണ്ട് ഗ്രാം ഹാഷിഷ് ഓയിൽ എന്നിവയും കണ്ടെത്തി.
3.420 കിലോ പുകയില ഉൽപന്നങ്ങളും പിടികൂടി. രണ്ട് വാഹനങ്ങളും പിടിച്ചെടുത്തു. അബ്കാരി കേസുകളിലായി 154 പേരെയും മയക്കുമരുന്ന് കേസുകളിൽ 46 പേരെയും പുകയില കേസുകളിൽ 258 പേരെയും അറസ്റ്റും ചെയ്തു.
സെപ്റ്റംബറിൽ അന്തർ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന 14 ക്യാമ്പുകൾ പരിശോധിച്ചതായും എക്സൈസ് അറിയിച്ചു. കൂടാതെ 43 വിദേശമദ്യ ഷോപ്പും, 270 ഷാപ്പും പരിശോധിക്കുകയും 36 സാമ്പിളുകൾ ശേഖരിച്ച് രാസപരിശോധനക്ക് അയക്കുകയും ചെയ്തു. റാന്നി ഗവ. താലൂക്ക് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന വിമുക്തി ഡീ അഡിക്ഷന് സെന്ററിന്റെ സേവനം ലഭ്യമാക്കുന്നതിനായി 9188522989 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്നും ഇവർ അറിയിച്ചു.
മദ്യം, മയക്കുമരുന്ന്, പുകയില ഉൽപന്നങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പരാതികൾ പൊതുജനങ്ങൾക്ക് എക്സൈസിനെ അറിയിക്കുന്നതിനായി ജില്ലയിൽ എക്സൈസ് ഡിവിഷൻ ഓഫിസിൽ 24 മണിക്കൂറും എക്സൈസ് കൺട്രോൾ റൂം പ്രവർത്തിച്ചുവരുന്നുണ്ട്. വിവരങ്ങൾ 0468 2222873 എന്ന ജില്ല കൺട്രോൾ റൂം നമ്പറിലോ, ജില്ല നാർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് ഓഫിസിലോ (0468 2351000) അറിയിക്കാമെന്ന് പത്തനംതിട്ട ഡെപ്യൂട്ടി എക്സൈസ് കമീഷണർ എം. സൂരജ് അറിയിച്ചു.