ഭക്ഷണം ഉറപ്പാക്കിയത് 724 വീടുകളിൽ; 1839 കുടുംബങ്ങൾക്ക് ദാരിദ്ര്യമുക്തി
text_fieldsപത്തനംതിട്ട: ജില്ലയിൽ അതിദരിദ്രരെന്ന് കണ്ടെത്തിയവരിൽ 1839 കുടുംബങ്ങൾക്ക് ആശ്വാസം. 2206 കുടുംബങ്ങളാണ് അതിദരിദ്രരുടെ അന്തിമപട്ടികയിൽ ജില്ലയിൽ ഇടംപിടിച്ചിരുന്നത്. ഇതിൽ 1839 കുടുംബങ്ങളെ വിവിധ സേവനങ്ങൾ ഒരുക്കി അതിദാരിദ്ര്യത്തിൽനിന്ന് മോചിപ്പിച്ചതായാണ് തദ്ദേശ വകുപ്പിന്റെ കണക്ക്. 724 കുടുംബങ്ങൾക്ക് ഭക്ഷണവും 91 കുടുംബങ്ങൾക്ക് വരുമാന ഉപാധികളും ഒരുക്കിനൽകിയാണ് പടുദാരിദ്ര്യത്തിൽനിന്ന് ഉയർത്തിയത്. 50 പേർക്ക് വീടും നൽകി. 10 പേർക്ക് വീടും വസ്തുവും ലഭ്യമാക്കിയതായും തദ്ദേശ വകുപ്പ് അധികൃതർ വ്യക്തമാക്കുന്നു.
ഭക്ഷണ ലഭ്യത, ആരോഗ്യപരമായ കാരണങ്ങൾ, വരുമാനശേഷി ഇല്ലാത്തവർ, വാസസ്ഥലം ഇല്ലാത്തവർ, പ്രത്യേക സാമൂഹിക വിഭാഗത്തിൽപെട്ടവർ, സാമൂഹിക ദുർബലത അനുഭവിക്കുന്ന കുടുംബം എന്നിങ്ങനെ തരംതിരിച്ചാണ് അതിദരിദ്ര്യരുടെ അന്തിമ പട്ടിക തയാറാക്കിയത്. ജില്ലയിലെ 53 പഞ്ചായത്തിലും നാല് മുനിസിപ്പാലിറ്റിയിലും സർവേ നടത്തിയാണ് അതിദരിദ്ര്യരെ കണ്ടെത്തിയത്. ജില്ലയിൽ വരുമാനമില്ലാത്തതുമൂലം പട്ടികയിൽപെട്ടവരാണ് അധികവും.
ഇവരിൽനിന്ന് മരിച്ചവർ, അലഞ്ഞുതിരിഞ്ഞ് നടക്കുന്നതുകാരണം സേവനം നൽകാൻ കഴിയാത്തവർ, സ്വന്തം നിലക്ക് അതിദാരിദ്ര്യ മുക്തരായവർ എന്നിവരെ ഒഴിവാക്കിയപ്പോൾ പട്ടിക 1976 കുടുംബങ്ങളായി ചുരുങ്ങിയിരുന്നു. ഇവരിൽ 1839 കുടുംബങ്ങളെയാണ് തദ്ദേശ വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുമായി സഹകരിച്ച് ദാരിദ്ര്യത്തിൽനിന്ന് മോചിപ്പിക്കാനുള്ള നടപടി സ്വീകരിച്ചത്. അവശേഷിക്കുന്നവരുടെ കാര്യത്തിൽ വിവിധ നടപടികൾ പുരോഗമിക്കുകയാണെന്നും അധികൃതർ പറയുന്നു.
ജില്ലയിൽ വീട് നിർമാണത്തിന് റവന്യൂ ഭൂമി കണ്ടെത്തേണ്ടിയിരുന്നത് 18 പേർക്കായിരുന്നു. ഇതിൽ പത്തുപേർക്ക് സ്ഥലം കണ്ടെത്തി. അവശേഷിക്കുന്നവർക്ക് സ്ഥലം ലഭ്യമാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. 924 കുടുംബങ്ങൾക്ക് ആരോഗ്യ സേവനവും ലഭ്യമാക്കി. 157 കിടപ്പുരോഗികൾക്കുള്ള പരിപാലനവും ആറുപേർക്ക് ചികിത്സ ഉപകരണങ്ങളും തദ്ദേശസ്ഥാപനങ്ങൾ ഉറപ്പാക്കി. അവകാശം അതിവേഗം പദ്ധതിയിലുൾപ്പെടുത്തി 808 കുടുംബങ്ങൾക്ക് വിവിധ രേഖകളും അനുവദിച്ചു.
റേഷൻ കാർഡ്, ആധാർ, വോട്ടർ ഐ.ഡി, ആരോഗ്യ ഇൻഷുറൻസ്, സാമൂഹിക സുരക്ഷ പെൻഷൻ, കുടുംബശ്രീ അംഗത്വം, ബാങ്ക് അക്കൗണ്ട്, ഭിന്നശേഷി തിരിച്ചറിയൽ കാർഡ്, തൊഴിൽ കാർഡ് എന്നീ രേഖകളാണ് വിതരണം ചെയ്തത്. ഗുണഭോക്താക്കളിൽ ചികിത്സ, ശസ്ത്രക്രിയ, ആരോഗ്യസേവനം തുടങ്ങിയവ ആവശ്യമുള്ളവർക്കായി വാതിൽപടി സേവനവും നൽകിത്തുടങ്ങി.
അതിദരിദ്ര്യരില്ലാത്ത സംസ്ഥാനമാക്കി കേരളത്തെമാറ്റാൻ ലക്ഷ്യമിട്ട് സെപ്റ്റംബർ ഒന്നുമുതൽ ഒക്ടോബർ 28 വരെ നീളുന്ന കാമ്പയിനാണ് നടക്കുന്നത്. അവശേഷിക്കുന്നവരെ കൂടി അതിദരിദ്രരെ നവംബർ ഒന്നിന് അതിദാരിദ്രമുക്ത സംസ്ഥാനമായ പ്രഖ്യാപിക്കാനുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്. പദ്ധതി ഫലപ്രദമാണോയെന്ന് പരിശോധിക്കാനുള്ള സോഷ്യൽ ഓഡിറ്റിങ്ങും നടത്തുന്നുണ്ട്.