‘ആരോഗ്യം ആനന്ദം പത്തനംതിട്ട ഫെസ്റ്റ്’; ആരോഗ്യ സെമിനാർ സംഘടിപ്പിച്ചു
text_fieldsപത്തനംതിട്ട: സംസ്ഥാന സർക്കാർ ആർദ്രം മിഷനിലൂടെ ആവിഷ്കരിച്ച ഓരോ പദ്ധതിയും നടപ്പാക്കാനായതിൽ ചാരിതാർത്ഥ്യമെന്ന് മന്ത്രി വീണ ജോർജ്. പത്തനംതിട്ടയിൽൽ നടക്കുന്ന ആരോഗ്യം ആനന്ദം പത്തനംതിട്ട ഫെസ്റ്റ് 2026 പരിപാടിയുടെ ഭാഗമായി ആരോഗ്യവകുപ്പ് സംഘടിപ്പിച്ച ആരോഗ്യ സെമിനാറിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. നാല് ജില്ലകളിൽ പൂർത്തിയാക്കിയ 438 കോടി രൂപയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നടന്നതായും മന്ത്രി അറിയിച്ചു.
‘കേരളത്തിലെ മാറുന്ന ജീവിതശൈലികളും അതിലൂടെ സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്നങ്ങളും' സെമിനാറിൽ ആരോഗ്യവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. ബിബിൻ ഗോപാൽ മോഡറേറ്ററായി. തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ. റീത്ത ഐസക്, ആർദ്രം മിഷൻ സ്റ്റേറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ. മാത്യൂസ് നമ്പേലി,ചെങ്ങന്നൂർ ഡോ. കെ. എം ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ മെഡിക്കൽ ഡയറക്ടറും കൺസൾട്ടന്റ് ഓങ്കോളജിസ്റ്റുമായ ഡോ. സാറ ജെ. ഈശോ എന്നിവർ പാനലിസ്റ്റ് ചർച്ചയിൽ പങ്കെടുത്തു.
തുടർന്ന് സാംക്രമിക രോഗങ്ങൾ കേരളം നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ കേരള വൺ ഹെൽത്ത് സെന്റർ ഫോർ നിപ്പാ റിസർച്ച് ആൻഡ് റെസിലിയൻസിലെ കമ്യൂണിറ്റി മെഡിസിൻ വകുപ്പ് നോഡൽ ഓഫിസർ ഡോ. ടി.എസ്. അനീഷ് മോഡറേറ്ററായി. കേരള സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷൻ സ്റ്റേറ്റ് പ്രോജക്ട് മേധാവി. എ. നവീൻ, നിർണയ ഹബ് ആൻസ് സ്പോക്ക് ലാബ് നെറ്റ്വർക്കിലെ ഡോ. ആർ നിഖിലേഷ് മേനോൻ, തിരുവല്ല ബിലിവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ഹോസ്പിറ്റലിലെ കമ്യൂണിറ്റി മെഡിസിൻ വൈസ് ഡീൻ (റിസർച്ച്) നോഡൽ ഓഫിസർ, ഡോ. സംഗീത മെറിൻ വർഗീസ് എന്നിവർ പങ്കെടുത്തു.


