കനത്ത മഴ; ജില്ലയിൽ 99.17 ലക്ഷത്തിന്റെ കൃഷി നാശം, കെ.എസ്.ഇ.ബിക്ക് 41.46 ലക്ഷത്തിന്റെ നഷ്ടം
text_fieldsപത്തനംതിട്ട: മഴയിൽ ജില്ലയിൽ നാശനഷ്ടങ്ങൾ തുടരുന്നു. മഴക്കൊപ്പം വീശിയടിക്കുന്ന കാറ്റാണ് വ്യാപക നാശം വിതക്കുന്നത്. കാറ്റിൽ മഴങ്ങൾ വീണ് ജില്ലയിൽ 72 വീട് തകർന്നു. ഒരു വീട് പൂര്‍ണമായും മറ്റ് വീടുകൾക്ക് ഭാഗികമായുമാണ് തകർച്ച. റാന്നി താലൂക്കിലാണ് വീട് പൂര്‍ണമായി തകര്‍ന്നത്. റാന്നി -17, കോന്നി -16, മല്ലപ്പള്ളി -12, തിരുവല്ല -10, കോഴഞ്ചേരി, അടൂര്‍ -എട്ടു വീതം എന്നിങ്ങനെയാണ് വിവിധ താലൂക്കുകളിൽ ഭാഗികമായി തകർന്ന വീടുകളുടെ കണക്ക്.
വെള്ളിയാഴ്ച കാറ്റില്‍ മരം വീണ് മല്ലപ്പള്ളി താലൂക്കില്‍ കോട്ടാങ്ങല്‍ സ്വദേശി ബേബി ജോസഫ് (62) മരണമടഞ്ഞിരുന്നു. തിരുവല്ല താലൂക്കില്‍ രണ്ട് ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്നുണ്ട്. കനത്ത മഴയിലും കാറ്റിലും വലിയതോതിൽ കൃഷിയും നശിച്ചു. 473 കര്‍ഷകരുടെ 25.82 ഹെക്ടര്‍ സ്ഥലത്തെ കൃഷിക്കാണ് നാശം. 99.17 ലക്ഷം രൂപയുടെതാണ് നഷ്ടം. റബര്‍, വാഴ, അടയ്ക്ക, കുരുമുളക് എന്നിവയെയാണ് കൂടുതലായി ബാധിച്ചത്. കെ.എസ്.ഇ.ബിക്ക് 41.46 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി.
മൂന്ന് ദുരിതാശ്വാസ ക്യാമ്പ് തുറന്നു
പത്തനംതിട്ട: ജില്ലയില്‍ മൂന്ന് ദുരിതാശ്വാസ ക്യാമ്പ് തുറന്നു. തിരുവല്ല താലൂക്കിലാണ് ക്യാമ്പുകള്‍. തിരുമൂലപുരം എസ്.എന്‍.വി സ്കൂൾ, മുത്തൂര്‍ ഗവ. എൽ.പി.എസ്, കവിയൂര്‍ പടിഞ്ഞാറ്റുംശേരി സര്‍ക്കാര്‍ എല്‍.പി.എസാണ് എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ. 14 കുടുംബങ്ങളിലായി 20 പുരുഷന്മാരും 22 സ്ത്രീകളും 11 കുട്ടികളും ഉള്‍പ്പെടെ 53 പേര് ക്യാമ്പിലുണ്ട്.