ശബരിമല തീർഥാടകർക്കായി നിലയ്ക്കലിൽ ആശുപത്രി വരുന്നു
text_fieldsനിലയ്ക്കലിലെ സ്‌പെഷാലിറ്റി ആശുപത്രി കെട്ടിടത്തിന്റെ രൂപരേഖ
പത്തനംതിട്ട: നിലയ്ക്കലില്‍ അത്യാധുനിക സംവിധാനങ്ങളുള്ള സ്‌പെഷാലിറ്റി ആശുപത്രി യാഥാർഥ്യത്തിലേക്ക്. ശബരിമല തീർഥാടകര്‍ക്കൊപ്പം നാട്ടുകാര്‍ക്കും പ്രയോജനപ്പെടുത്താവുന്ന വിധം രൂപകൽപന ചെയ്തിട്ടുള്ള ആശുപത്രി 6.12 കോടി ചെലവിട്ടാണ് സജ്ജമാക്കുന്നത്. നിലയ്ക്കലില്‍ ദേവസ്വം ബോര്‍ഡ് അനുവദിച്ച ഭൂമിയിലാണ് ആശുപത്രി. ഇതിന്‍റെ നിർമാണോദ്ഘാടനം ചൊവ്വാഴ്ച ആരോഗ്യമന്ത്രി വീണ ജോര്‍ജ് നിര്‍വഹിക്കും.
10700 ചതുരശ്ര വിസ്തീര്‍ണത്തില്‍ നിർമിക്കുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയിൽ റിസപ്ഷന്‍, പൊലീസ് ഹെല്‍പ് ഡെസ്‌ക്, മൂന്ന് ഒ.പി മുറികള്‍, അത്യാഹിത വിഭാഗം, നഴ്‌സസ് സ്റ്റേഷന്‍, ഇ.സി.ജി റൂം, ഐ.സി.യു, ഫാര്‍മസി, സ്റ്റോര്‍ ഡ്രസിങ് റൂം, പ്ലാസ്റ്റര്‍ റൂം, ലാബ്, സാമ്പിള്‍ കലക്ഷന്‍ ഏരിയ, ഇ-ഹെല്‍ത്ത് റൂം, ഇലക്ട്രിക്കല്‍ പാനല്‍ റൂം, ലിഫ്റ്റ് റൂം, ടോയ്‌ലറ്റ് എന്നിവ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഒന്നാം നിലയില്‍ എക്‌സ്-റേ റൂം, ഓഫിസ് റൂം, ഡോക്ടേഴ്‌സ് റൂം, മൈനര്‍ ഓപറേഷന്‍ തിയേറ്റര്‍, ഡ്രസിങ് റൂം, സ്റ്റോര്‍ റൂം എന്നിവയുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
നിലയ്ക്കല്‍ ക്ഷേത്രത്തിന് മുന്‍വശം നടപ്പന്തലില്‍ നടത്തുന്ന നിർമാണോദ്ഘാടന ചടങ്ങില്‍ പ്രമോദ് നാരായണ്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് തുടങ്ങിയവര്‍ പങ്കെടുക്കും.


