എട്ടു മാസം, നായ കടിച്ചത് 14,494 പേരെ
text_fieldsപത്തനംതിട്ട: ജില്ലയിൽ ഈ വർഷം ആഗസ്റ്റ് വരെ നായുടെ കടിയേറ്റ് ചികിത്സ തേടിയത് 14,494 പേർ. തദ്ദേശ വകുപ്പാണ് വാക്സിനേഷൻ അടക്കം ചികിത്സ തേടിയവരുടെ ജനുവരി മുതലുള്ള വിവരം പുറത്തുവിട്ടത്.
തെരുവുനായ്ക്കൾക്കൊപ്പം വളർത്തുനായ്ക്കളും ഉൾപ്പെടുന്ന കണക്കാണിത്. കടിച്ച നായ്ക്കളിൽ പലതിനും പേ ബാധയും സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം ജില്ലയിൽ തെരുവുനായുടെ കടിയേറ്റ വീട്ടമ്മ പേവിഷ ബാധയെ തുടർന്ന് മരിച്ചിരുന്നു.
ഓമല്ലൂർ മണ്ണാറമല കളര്‍നില്‍ക്കുന്നതില്‍ കെ. മോഹനന്റെ ഭാര്യ കൃഷ്ണമ്മയാണ് (57) മരിച്ചത്. സെപ്റ്റംബർ അഞ്ചിന് പുത്തൻപീടിക ഭാഗത്തുവച്ചാണ് കൃഷ്ണമ്മയെ തെരുവുനായ കടിച്ചത്. വലതു കണ്ണിന്റെ പുരികത്താണ് കടിയേറ്റത്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും നായ കടിച്ചിരുന്നു. തുടർന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിൽനിന്ന് വാക്സിനേഷനും പൂര്‍ത്തിയാക്കിയിരുന്നു. കൃഷ്ണമ്മക്കൊപ്പം നായ 13 പേരെ കൂടി കടിച്ചിരുന്നു. ഈ നായയെ പിന്നീട് ചത്ത നിലയിൽ കണ്ടെത്തി. ഇവരെല്ലാം വാക്സിൻ സ്വീകരിച്ചിരുന്നു. ദിവസങ്ങൾക്ക് മുമ്പ് പനി ബാധിച്ചതിനെ തുടര്‍ന്ന് കൃഷ്ണമ്മയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ ചികില്‍സയിലിരിക്കെ വെള്ളിയാഴ്ചയാണ് മരിച്ചത്. തുടർപരിശോധനയിലാണ് പേ ബാധിച്ചതായി കണ്ടെത്തിയത്.
കൃഷ്ണമ്മയുടെ മരണത്തോടെ വാക്സിനെടുത്തവരും ഭീതിയിലാണ്. ജില്ലയിലെ ഒരു വർഷത്തിനിടെ പേവിഷ ബാധ വാക്സിൻ എടുത്ത ശേഷം നടക്കുന്ന മൂന്നാമത്തെ മരണമാണ് കൃഷ്ണമ്മയുടേത്. മുമ്പ് രണ്ടു വിദ്യാർഥികളാണ് സമാന സാഹചര്യത്തിൽ മരിച്ചത്.
മുഖത്തും തലയിലും കടിയേൽക്കുന്നത് അപകടകരം
മുഖത്തും തലയിലും കടിയേൽക്കുന്നതാണ് വാക്സിൻ സ്വീകരിച്ചവർ പോലും മരിക്കാൻ കാരണമാകുന്നതെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. മസ്തിഷ്കത്തിന് അടുത്ത ഭാഗത്തെ കടിയും മാന്തലും ഏറെ അപകടകരമാണെന്നും ഇവർ പറയുന്നു. ഈ ഭാഗത്ത് കടിയേറ്റാൽ വിഷബാധ വേഗത്തിൽ മസ്തിഷ്കത്തിലേക്ക് വ്യാപിക്കും. ഇതാണ് വാക്സിനെടുത്താലും ചിലർ മരിക്കാൻ കാരണം. കണ്‍പോളകളിലും ചെവികളിലും കഴുത്തിലും കടിയേല്‍ക്കുന്നതും മാന്തേൽക്കുന്നതും കൂടുതല്‍ അപകടകരമാണ്. ഇതിന് ഉടൻ ചികിത്സയും അങ്ങേയറ്റം ശ്രദ്ധയും വേണം.
തലയിലും കണ്ണിന്റെ ഭാഗങ്ങളിലും ചുണ്ടിലുമൊക്കെ ആഴത്തിൽ മുറിവേറ്റാൽ വാക്സിനും ഇമ്യൂണോഗ്ലോബുലിനും നൽകിയാൽ പോലും രോഗബാധക്ക് കാരണമാകാറുണ്ട്. പ്രതിരോധ മരുന്നുകൾ പ്രവർത്തിക്കാൻ എടുക്കുന്ന സമയത്തേക്കാൾ വേഗത്തിൽ തലച്ചോറിനോടു ചേർന്ന നാഡികളിൽ വൈറസ് കയറിപ്പറ്റി തലച്ചോറിനകത്ത് പ്രവേശിച്ചാൽ രോഗസാധ്യത ഏറും.
ആക്രമിക്കാനെത്തുന്ന നായ്ക്കളെ വിരട്ടി ഓടിക്കാനുള്ള ശ്രമത്തിനിടെയാണ് പലർക്കും മുഖത്തും കടിയേൽക്കുന്നത്. ഓടിക്കാൻ വടിയോ കമ്പോ തെരയുമ്പോഴേക്കും നായ ചാടി ആക്രമിക്കുന്ന രീതിയാണ് കാണുന്നത്. കുട്ടികൾക്കും പലപ്പോഴും മുഖത്താണ് കടിയേൽക്കുന്നത്.
പത്തനംതിട്ട ജനറൽ ആശുപത്രിയുടെ വീഴ്ചയാണ് കൃഷ്ണമ്മയുടെ മരണത്തിന് കാരണമെന്നാരോപിച്ച് ബന്ധുക്കൾ കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു.
പ്രാഥമിക ശുശ്രൂഷ നൽകുന്നതിലും മുറിവുകളിൽ ക്യത്യമായി ഇമ്യൂണോഗ്ലോബുലിൻ കുത്തിവെക്കുന്നതിലും വീഴ്ച വന്നുവെന്നാണു പരാതി.