പുലിപ്പേടിയിൽ കലഞ്ഞൂർ
text_fieldsപുലിയെ പിടിക്കാൻ കലഞ്ഞൂർ ഇഞ്ചപ്പാറയിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്
കോന്നി: കലഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ പാക്കണ്ടം, ഇഞ്ചപ്പാറ, പൂമരുതികുഴി പ്രദേശങ്ങൾ പുലിപ്പേടിയിൽ. മേഖലയിൽ വനം വകുപ്പ് സ്ഥാപിച്ച കെണിയിൽ മൂന്നു തവണയാണ് പുലി കുടുങ്ങിയത്. 2023 സെപ്റ്റംബർ 21 നാണ് ഇഞ്ചപ്പാറയിൽ വനംവകുപ്പ് സ്ഥാപിച്ച കെണിയിൽ ആദ്യം പുലി കുടുങ്ങുന്നത്.
തുടർന്ന് കലഞ്ഞൂർ പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളിൽ പുലിയുടെ സാന്നിധ്യം ഉണ്ടായതോടെ പല സ്ഥലങ്ങളിലും ഡ്രോൺ നിരീക്ഷണം അടക്കം ശക്തമാക്കി. ഇതിൽ പല തവണയായി പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. ഇഞ്ചപ്പാറയിൽ പാറപ്പുറത്ത് കയറി നിൽക്കുന്ന പുലിയുടെ ചിത്രവും നാട്ടുകാർ മൊബൈൽ കാമറയിൽ പകർത്തിയിരുന്നു. തൊട്ടടുത്ത അരുവാപ്പുലം ഗ്രാമപഞ്ചായത്തിലും പുലി ശല്യം കുറവല്ല.
രണ്ടു പഞ്ചായത്തിലുമായി ഇരുപതിലധികം ആടുകളെയും ഒട്ടേറെ മൂരി കിടാവുകളെയും പുലി കൊന്നു കഴിഞ്ഞു. പലർക്കും വനം വകുപ്പിൽനിന്ന് നഷ്ടപരിഹാരം ലഭ്യമായിട്ടില്ല. കാട് കയറി കിടക്കുന്ന സ്വകാര്യ വ്യക്തികളുടെ പറമ്പുകളാണ് പുലിയുടെ ശല്യം വർധിക്കുവാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു.


