പത്തനംതിട്ട കലക്ടറേറ്റിലെ കാർഗിൽ യുദ്ധസ്മാരകം കാണാനില്ല
text_fieldsപത്തനംതിട്ട കലക്ടറേറ്റ് പരിസരത്ത് പ്ലാനിങ് ഡയറക്ടറേറ്റിന്റെ നിർമാണത്തിനിടെ കാർഗിൽ സ്മാരക സ്തൂപം നിലനിന്ന പ്രദേശം ഉഴുതുമറിച്ചിട്ടിരിക്കുന്നു. ഇവിടെ കാണുന്ന മരങ്ങൾക്കിടയിലായിരുന്നു സ്മാരകം
പത്തനംതിട്ട: കാർഗിലിൽ ജീവൻ വെടിഞ്ഞ ധീര രക്തസാക്ഷികളായ സൈനികരെ സ്മരിക്കാൻ പത്തനംതിട്ട കലക്ടറേറ്റിൽ സ്ഥാപിച്ച കാർഗിൽ യുദ്ധസ്മാരകം കാണാനില്ല. കാർഗിൽ യുദ്ധവിജയത്തിന് കാൽനൂറ്റാണ്ട് തികയുകയാണ് ജൂലൈ 26. കലക്ടറേറ്റിലെ യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിക്കാനെത്തിയ സൈനികരുൾപ്പെടെയുള്ളവർക്ക് മൺകൂനയാണ് കാണാൻ സാധിച്ചത്. പി.ഡബ്ല്യു.ഡി ഓഫിസ് കെട്ടിടത്തിന് എതിർവശത്തായി രണ്ട് മരങ്ങൾക്കിടയിലായിരുന്നു യുദ്ധസ്മാരകം.
നിർമാണം അവസാന ഘട്ടത്തിൽ എത്തിയ പ്ലാനിങ് ഡയറക്ടറേറ്റിന്റെ സമീപത്തായി നിലനിന്ന സ്മാരകം, ഒരു മാസം മുമ്പ് എക്സ്കവേറ്റർ ഉപയോഗിച്ച് പിഴുതുമാറ്റി. എന്നാൽ, ഇത് ഇപ്പോൾ എവിടെയാണെന്ന് ആർക്കും അറിയില്ല. ആറ് നിലയുള്ള പ്ലാനിങ് ഡയറക്ടറേറ്റിന്റെ നിർമാണഭാഗമായി സ്മാരക സ്തൂപം നിലനിന്ന സ്ഥലം ഉഴുതുമറിച്ചിട്ടിരിക്കുകയാണ്.
നെഹ്റു യുവകേന്ദ്രയാണ് പത്തനംതിട്ട കലക്ടറേറ്റിലും 2003ൽ സ്മാരകം പണിതത്. യുവജനകാര്യ വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് നെഹ്റു യുവകേന്ദ്ര മുൻകൈയെടുത്ത് അന്ന് രാജ്യമാകമാനം പൊതു ഇടങ്ങളിലും കലക്ടറേറ്റുകളിലും 620 സ്മാരകങ്ങളാണ് സ്ഥാപിച്ചത്. കേരളത്തിൽ 14 ജില്ല ആസ്ഥാനത്തും സ്മാരകം ഉയർന്നു. ഗ്രാനൈറ്റിൽ നിർമിച്ച സ്തൂപത്തിന്റെ ചുറ്റും കമ്പിയിട്ട് സുരക്ഷിതമാക്കിയിരുന്നു. 2003ൽ അന്നത്തെ കലക്ടറാണ് ഉദ്ഘാടനം ചെയ്തത്. സ്മാരക സ്തൂപം കാണാതായ സംഭവത്തിൽ സൈനികർക്കിടയിൽനിന്ന് വലിയ പ്രതിഷേധം ഉയരുന്നുണ്ട്.