‘കതിർ ആപ്’; രജിസ്ട്രേഷൻ 37,000 കടന്നു
text_fieldsപത്തനംതിട്ട: കാർഷികസേവനങ്ങൾ വേഗത്തിലാക്കാൻ ലക്ഷ്യമിട്ട് കൃഷി വകുപ്പ് തയാറാക്കിയ ‘കതിർ ആപ്പി’ൽ ജില്ലയിൽ രജിസ്റ്റർ ചെയ്ത കർഷകരുടെ എണ്ണം 37,000 കടന്നു. വെള്ളിയാഴ്ച വരെ 37,089 കർഷകരാണ് രജിസ്റ്റർ ചെയ്തത്. 1,115 കൃഷിക്കൂട്ടങ്ങളും ആപ്പിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 20കർഷകർ അടങ്ങുന്ന കൃഷിക്കൂട്ടങ്ങൾക്കാണ് രജിസ്ട്രേഷൻ.
കാലാവസ്ഥ മുന്നറിയിപ്പ്, കീടങ്ങളും രോഗങ്ങളുംസംബന്ധിച്ച മുന്നറിയിപ്പുകൾ, മണ്ണ് പരിശോധന, സബ്സിഡി സംബന്ധിച്ച അറിയിപ്പുകൾ, വിപണി സംബന്ധിച്ച വിവരങ്ങൾ അടക്കമുള്ള കർഷകർക്ക് ലഭ്യമാക്കാനായി കഴിഞ്ഞ ആഗസ്റ്റ് 17നാണ് ആപ്പിന് തുടക്കമിട്ടത്. എളുപ്പത്തിലും വേഗത്തിലും വിവിധ സേവനങ്ങൾ ലഭ്യമാക്കുക, കൃത്യസമയത്തുള്ള വിവര ശേഖരണം എന്നിവയാണ് ആപ്പ് ലക്ഷ്യമിടുന്നത്. രജിസ്റ്റർ ചെയ്യുന്നവർക്ക് കർഷക ഐ.ഡി കാർഡും നൽകും.
ഇതുവരെ 17,967 പേരുടെ ഐ.ഡി കാർഡ് അപേക്ഷകളും അംഗീകരിച്ചിട്ടുണ്ട്. അതിനിടെ, ചില ഭാഗങ്ങളിൽ രജിസ്ട്രേഷൻ നടത്താൻ കഴിയുന്നില്ലെന്ന പരാതിയുമുണ്ട്. വിവരങ്ങളും കൃഷിയിടത്തിന്റെ മാപ്പും അടക്കം നൽകിയുള്ള രജിസ്ട്രേഷൻ പൂർത്തിയാക്കാൻ ഏറെ സമയം വേണമെന്ന് ഇവർ പറയുന്നു. ഇതിനിടെ പലപ്പോഴും നെറ്റ് നഷ്ടപ്പെടുന്നതുമൂലം പാതിവഴിയിൽ ഉപേക്ഷിക്കേണ്ട സ്ഥിതിയാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
കർഷക ഐ.ഡി കാർഡ് സ്വന്തമാക്കാം
ഐ.ഡി. കാർഡ് സ്വന്തമാക്കാൾ ഗൂഗിൾ പ്ലേ സ്റ്റോർ, ആപ് സ്റ്റോറിൽനിന്ന് കതിർ ആപ് ഫോണിൽ ഇൻസ്റ്റാൾ ചെയ്യണം. ആപ്പിൽ നൽകുന്ന മൊബൈൽ നമ്പറിലേക്ക് ലഭിക്കുന്ന ഒ.ടി.പി ഉപയോഗിച്ച് ലോഗിൻ ചെയ്യാം. കർഷകന്റെ പേര്, വിലാസം, കൃഷിഭവൻ, വാർഡ് തുടങ്ങിയ വിവരങ്ങൾ നൽകി വ്യക്തിഗത രജിസ്ട്രേഷൻ പൂർത്തിയാക്കാം.
തുടർന്ന് കൃഷി സ്ഥലം രജിസ്റ്റർ ചെയ്യാൻ ആപ്പിലെ സാറ്റ്ലൈറ്റ് മാപ്പിൽനിന്ന് കൃഷിയിടം തെരഞ്ഞെടുത്ത് ആവശ്യമായ വിവരങ്ങൾ കൃഷിയിടത്തിന്റെ ഫോട്ടോ സഹിതം സമർപ്പിക്കണം. കാർഷികമേഖല തെരഞ്ഞെടുത്ത് കൃഷി സംബന്ധിച്ച വിവരങ്ങള് കൃത്യതയോടെ നൽകണം. പാട്ടത്തിന് കൃഷി ചെയ്യുന്നവർക്കും അപേക്ഷിക്കാം.
കതിർ ആപ്പിലെ പ്രധാന പേജിൽ കാണുന്ന കർഷക ഐ.ഡി കാർഡിന് അപേക്ഷിക്കുകയെന്ന ഭാഗത്ത് ക്ലിക് ചെയ്ത് രജിസ്ട്രേഷൻ സമയത്ത് നൽകിയ വിവരങ്ങൾ അടങ്ങിയ പേജിലേക്ക് കടക്കാം. ഈ പേജിലെ എല്ലാ വിവരങ്ങളും ശരിയാണെന്ന് ഉറപ്പാക്കിയ ശേഷം കർഷകന്റെ ബാങ്ക് വിവരങ്ങൾ ബാങ്ക് പാസ് ബുക്കിന്റെ ഫോട്ടോ, കർഷകന്റെ ഫോട്ടോ എന്നിവ നൽകണം. എല്ലാ വിവരങ്ങളും പരിശോധിച്ച് സാക്ഷ്യപത്രം നൽകിയശേഷം അപ്ലൈ ചെയ്യുക. ഇതോടെ വിജയകരമെന്ന മെസേജ് ലഭിക്കും.
കർഷകർ സമർപ്പിക്കുന്ന പൂർണമായ അപേക്ഷകൾ പരിശോധിച്ച് കൃഷി അസിസ്റ്റന്റുമാർ കൃഷി ഓഫിസറുടെ ലോഗിനിലേക്ക് അയക്കും. ഇവിടെ നിന്ന് അപ്രൂവ് ചെയ്താൽ ഐ.ഡി കാർഡ് ലഭിക്കും. കതിർ പേജിൽ കാണുന്ന കതിർ ഐ.ഡി കാർഡ് ഡൗൺലോഡ് ബട്ടണിൽ അമർത്തി ഡൗൺലോഡ് ചെയ്യാം. അഞ്ച് വർഷമാണ് കാർഡിന്റെ കാലാവധി.