ആനന്ദപ്പള്ളി മരമടിക്ക് സാധ്യതയേറി
text_fieldsആന്ദനപ്പള്ളി മരമടി (ഫയൽ ചിത്രം)
കൊടുമൺ: മരമടി നടത്തുന്നതിനുള്ള കരടുബിൽ നിയമസഭയിൽ അവതരിപ്പിക്കുന്നതിന് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതോടെ ആനന്ദപ്പള്ളി മരമടിക്ക് സാധ്യതയേറി. ആനന്ദപ്പള്ളി കർഷക സമിതിയുടെ വർഷങ്ങളായുള്ള പോരാട്ടവിജയം കൂടിയാണിത്. നിയമസഭയിൽ ബിൽ പാസായാൽ സീസണ് കാത്തിരിക്കാതെ മരമടി നടത്താനുള്ള തയാറെടുപ്പിലാണ് കർഷക സമിതി.
എല്ലാ വർഷവും ആഗസ്റ്റ് 15 നായിരുന്നു ആനന്ദപ്പള്ളി മരമടി നടന്നിരുന്നത്. 2008ലാണ് നിലച്ചത്. 17 വർഷമായി കർഷക സമിതി ബന്ധപ്പെട്ടവർക്ക് നിവേദനങ്ങൾ നൽകി കാത്തിരിപ്പാണ്. തമിഴ്നാട്ടിലെ ജെല്ലിക്കെട്ടിന് നിരോധനം വന്നതോടെയാണ് ആനന്ദപ്പള്ളി മരമടിയും നിലച്ചത്. ജെല്ലിക്കെട്ട് നിയമനിർമാണം നടത്തി പുനരാരംഭിച്ചു.
2017 ജനുവരിയിൽ കേന്ദ്രസർക്കാർ അതത് സംസ്ഥാനങ്ങൾ അവരുടെ നിയമസഭകളിൽ ബിൽ പാസാക്കി ജെല്ലിക്കെട്ട്, മരമടി, കാളപൂട്ട്, ഉഴവ് മത്സരങ്ങൾ നടത്തുന്നതിനു അനുമതി കൊടുത്തു. തമിഴ്നാടും കർണാടകയും പ്രത്യേകനിയമസഭ സമ്മേളനം വിളിച്ച് അവരുടെ സഭകളിൽ ബിൽ പാസാക്കി പ്രസിഡന്റിന്റെ അനുമതി വാങ്ങി മുടങ്ങിയ ഉത്സവങ്ങൾ പുനരാരംഭിച്ചു.
ആ സമയം തന്നെ ആനന്ദപ്പള്ളി കർഷക സമിതിയും സംസ്ഥാനത്തും ബിൽ പാസാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. പല ജില്ലകളിലെ കർഷകരും ബില്ലിനുവേണ്ടി കാത്തിരിക്കാതെ മരമടികൾ മറ്റു പല പേരിൽ നടത്തിയപ്പോഴും അനന്ദപ്പള്ളി കർഷക സമിതി ബില്ലിനായി പോരാട്ടം തുടർന്നു. അടൂർ എം.എൽ.എ ചിറ്റയം ഗോപകുമാർ മൂന്നുതവണ നിയമസഭയിൽ വിഷയം അവതരിപ്പിച്ചു.
കർഷക സമിതി മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാർക്കും വിവിധ കക്ഷിരാഷ്ട്രീയ നേതാക്കൾക്കും പ്രതിപക്ഷ നേതാവിനും നിരവധി നിവേദനങ്ങൾ നൽകി. നിരവധി ധർണ നടത്തി. ഇപ്പോൾ മന്ത്രിസഭ ഇത് പരിഗണിച്ചത് കർഷക സമിതിയുടെ പോരാട്ടവിജയമാണ്. ബിൽ ഉടൻ പാസായാൽ അടുത്ത സീസണുവേണ്ടി കാത്തിരിക്കാതെ തന്നെ മരമടി നടത്താൻ തീരുമാനിച്ചിരിക്കുകയാണ് കർഷക സമിതി.