കെട്ടിടം ജീർണിച്ചു, പുസ്തകങ്ങൾ ചിതലരിച്ചു; അങ്ങാടിക്കൽ തെക്ക് ദേശസേവിനി ഗ്രന്ഥശാല പൂർണനാശത്തിലേക്ക്
text_fieldsതകർന്ന അങ്ങാടിക്കൽ തെക്ക് ദേശസേവിനി ഗ്രന്ഥശാല
കൊടുമൺ: അങ്ങാടിക്കൽ തെക്ക് ദേശ സേവിനി ഗ്രന്ഥശാല പൂർണനാശത്തിലേക്ക്. അങ്ങാടിക്കൽ മണക്കാട് ദേവീക്ഷേത്ര ഗ്രൗണ്ടിനോട് ചേർന്നാണ് ഗ്രന്ഥശാല. സ്വന്തമായുള്ള സ്ഥലത്തെ കെട്ടിടം കാലപ്പഴക്കത്താൽ ജീർണിച്ച് ഏതുസമയവും നിലംപതിക്കാവുന്ന അവസ്ഥയിലാണ്. മേൽക്കൂര മുഴുവൻ തകർന്നു. ഫർണിച്ചറുകൾ നേരത്തേ നശിച്ചു.
നാട്ടിലെ അക്ഷരസ്നേഹികളായ ഏതാനും പേർ ചേർന്ന് രൂപം നൽകിയ ഗ്രന്ഥശാലയാണിത്. ആദ്യകാലത്ത് ഗ്രന്ഥശാലയും കായിക കലാ സമിതിയും ചേർന്ന് മികച്ച പ്രവർത്തനമാണ് നടന്നിരുന്നത്. സായാഹ്നങ്ങളിൽ യുവാക്കളുടെ സംഗമവേദി കൂടിയായിരുന്നു. പുസ്തകങ്ങൾ മുഴുവൻ ചിതലരിച്ച് നശിച്ചു. അടൂർ താലൂക്ക് ലൈബ്രറി കൗൺസിൽ നേതൃത്വത്തിൽ ഗ്രന്ഥശാല പ്രവർത്തനം പുനരുജ്ജീവിപ്പിക്കാൻ കുറെ നാൾ മുമ്പ് ശ്രമം നടന്നതാണ്. രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങളും തർക്കവും തകർച്ചക്ക് ഇടയാക്കിയതായി നാട്ടുകാർ പറയുന്നു.