ശബരി വിമാനത്താവളം കൊടുമണ്ണിൽ വേണം; സി.വി. ശാന്തകുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്ക് നിവേദനം നൽകി
text_fieldsപ്രതീകാത്മക ചിത്രം
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവളം കൊടുമൺ പ്ലാന്റേഷൻ സർക്കാർ റവന്യൂ ഭൂമിയിൽ സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള നിവേദനം ശബരി വിമാനത്താവള ആക്ഷൻ കമ്മിറ്റി മുഖ്യമന്ത്രി വി.ഡി. സതീശന് നൽകി. പരിസ്ഥിതിക്ക് ദോഷം സംഭവിക്കാത്ത, ജില്ലയിൽ ഏറ്റവും കൂടുതൽ യാത്രാ സൗകര്യമുള്ള, വന്യജീവികൾക്ക് അപകടമില്ലാത്ത കൊടുമണ്ണിലെ സർക്കാർ റവന്യൂ ഭൂമി വിമാനത്താവളത്തിന് ഏറ്റവും ഉചിതമാണെന്ന് നിവേദനത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. ശബരിമലയിൽനിന്ന് അധികം ദൂരമില്ലാത്ത സ്ഥലവുമാണിത്.
ശബരി വിമാനത്താവളവുമായി ബന്ധപ്പെട്ട് 2015 മുതൽ കഴിഞ്ഞ സർക്കാറുകൾ പദ്ധതി ആവിഷ്കരിക്കുകയാണ്. എന്നാൽ, ഇതുവരെയും പദ്ധതിയുമായി ബന്ധപ്പെടുത്തി പ്രാഥമിക നടപടി പോലും പൂർത്തിയാക്കാൻ സർക്കാറിന് കഴിഞ്ഞിട്ടില്ല. എരുമേലി ചെറുവള്ളി പദ്ധതി നിയമക്കുരുക്കിൽ അകപ്പെട്ടതോടെ ഇനിയും അത് നടപ്പാക്കാൻ സാധ്യത വളരെ കുറവാണ്. ആറന്മുളയിൽ കഴിഞ്ഞ കനത്ത മഴ സമയത്തുപോലും വെള്ളം കയറി ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടായ കാര്യം ഏവർക്കും അറിവുള്ളതാണ്.
ഈ രണ്ട് സ്ഥലങ്ങളിലും ഈ പദ്ധതി നടപ്പാക്കാൻ സാധിക്കില്ലെന്ന് ഇതിനാൽ ജനപ്രതിനിധികൾ ഉൾപ്പെടെ വ്യക്തമാക്കിയിട്ടുള്ളതാണ്. അതിനാൽ ഇനിയും ജില്ലയിൽ ഉചിതമായ സ്ഥലം കൊടുമണ്ണിലെ സർക്കാർ ഭൂമി മാത്രമാണ്. പ്ലാന്റേഷൻ മേഖല സർക്കാർ റവന്യു ഭൂമി ആയതു കൊണ്ട് സർക്കാറിന് സാമ്പത്തിക ബാധ്യതയും ഭൂമി സംബന്ധിച്ച നിയമക്കുരുക്കും ഉണ്ടാകുന്നില്ല. വിദേശ മലയാളികളുടെ സഹായവും പദ്ധതിക്ക് വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പ്ലാന്റേഷൻ മേഖല വനഭൂമിയാണെന്നുള്ള വാദം തെറ്റാണെന്നുള്ള രേഖകൾ പുറത്തുവന്നിട്ടുള്ളതാണ്.
ഇതുമായി ബന്ധപ്പെട്ട രേഖകൾ അടക്കമുള്ള നിവേദനമാണ് സി.വി. ശാന്തകുമാർ എം.എൽ.എയുടെ നേതൃത്വത്തിലുള്ള സംഘം മുഖ്യമന്ത്രിക്ക് സമർപ്പിച്ചത്. ആക്ഷൻ കൗൺസിൽ പ്രസിഡന്റ് ഡോ. വർഗീസ് പേരയിൽ, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അജികുമാർ രണ്ടാംകുറ്റി, കൗൺസിൽ വൈസ് പ്രസിഡന്റ് ജോൺസൺ കുളത്തുംകരോട്ട്, ടി. തുളസീധരൻ, വിനോദ് വാസുക്കുറുപ്പ് എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം സമർപ്പിച്ചത്.


