കൗമാരം ഇനി ആവേശ ട്രാക്കിൽ
text_fieldsകൊടുമൺ: കൊടുമൺ ഇ.എം.എസ് സ്റ്റേഡിയത്തിൽ ഇനി മൂന്നുനാൾ ആവേശം അലതല്ലും. ചൊവ്വാഴ്ച മുതൽ ആരംഭിക്കുന്ന ജില്ലതല സ്കൂൾ കായിക മേളയിൽ ട്രാക്കിലും ഫീൽഡിലൂം പുതിയ റെക്കോഡുകൾ വിരിയിക്കാൻ കൗമാരം കളത്തിലിറങ്ങും. മൊത്തം 138 ഇനങ്ങളിലാണ് മത്സരം. ജില്ലയിലെ 11 ഉപജില്ലകളിൽ നിന്നുള്ള 2000ത്തോളം കായിക താരങ്ങൾ പങ്കെടുക്കും.
ട്രാക്കിലെ മത്സരങ്ങളിൽ സമയം അടിസ്ഥാനമാക്കിയായിരിക്കും വിജയികളെ നിശ്ചയിക്കുക. കായിക താരങ്ങൾക്ക് ചികിത്സാ- ഭക്ഷണ സൗകര്യങ്ങളും ക്രമീകരിച്ചിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ 8.30ന് 1500 മീറ്റർ ഓട്ടത്തോടെ കായികമേളക്ക് തുടക്കമാകും. രാവിലെ 10ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം നിർവഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശ്രീധരൻ അധ്യക്ഷത വഹിക്കും. വ്യാഴാഴ്ച വൈകീട്ട് നാലിന് സമാപന സമ്മേളനം ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്യും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് രാജി പി. രാജപ്പൻ സമ്മാനദാനം നിർവഹിക്കും.
മേളക്കാലത്തിന്റെ തുടക്കം
പത്തനംതിട്ട: ജില്ലതല സ്കൂൾ കായികമേളക്ക് ഇന്ന് തുടക്കമാകുന്നതോടെ ഇനി ജില്ലയിൽ മേളക്കാലത്തിന്റെ വരവാണ്. 24ന് കായികമേള സമാപിക്കുന്നതിന് പിന്നാലെ 28, 29 തീയതികളിൽ വൊക്കേഷനൽ എക്സ്പോ, ഐ.ടി മേള, ശാസ്ത്രമേള, പ്രവൃത്തിപരിചയമേള, ഗണിതശാസ്ത്രമേള, സോഷ്യൽ സയൻസ് മേള എന്നിവ നടക്കും. വിവിധ മേളകൾക്കായുള്ള സംഘാടക സമിതികളും രൂപവത്കരിച്ചു. 28, 29 ദിവസങ്ങളിൽ വൊക്കേഷനൽ എക്സ്പോ ഗവ.എച്ച്.എസ്.എസ് ആൻഡ് വി.എച്ച്.എസ്.എസ് കൈപ്പട്ടൂരിലും ഐ.ടി മേള എസ്.സി.എസ്.എച്ച്.എസ്.എസ് തിരുവല്ലയിലും നടക്കും. 29ന് ഗണിത ശാസ്ത്രമേള പത്തനംതിട്ട മാർത്തോമ എച്ച്.എസ്.എസിലും പ്രവൃത്തിപരിചയമേള പത്തനംതിട്ട കാത്തോലിക്കേറ്റ് എച്ച്.എസ്.എസിലും, സോഷ്യൽ സയൻസ് മേള ഓമല്ലൂർ ജി.എച്ച്.എസ്.എസിലും സയൻസ് മേള ഓമല്ലൂർ ആര്യഭാരതി എച്ച്.എസ്.എസ് വേദികളിലുമായാണ് നടക്കുന്നത്. തുടർന്ന് നവംബർ 26, 27, 28, 29 തീയതികളിൽ സ്കൂൾ കലോത്സവങ്ങളും അരങ്ങേറും. തിരുവല്ലയിലാണ് ഇത്തവണത്തെ സ്കൂൾ കലോത്സവങ്ങൾ. എസ്.എൻ.വി.എച്ച്.എസ് തിരുമൂലപുരം, സെന്റ് തോമസ് എച്ച്.എസ്.എസ് ഇരുവള്ളിപ്ര, ബാലികാമഠം എച്ച്.എസ്.എസ്, തിരുമൂലവിലാസം യു.പി.എസ് എന്നീ വേദികളിലായാണ് മത്സരങ്ങൾ നടക്കുക.
സ്ഥിരം വേദിയായി കൊടുമൺ
ജില്ലയിലെ മറ്റ് സ്റ്റേഡിയങ്ങളുടെ ശോച്യാവസ്ഥ കാരണം തുടർച്ചയായി കൊടുമണ്ണിലാണ് ജില്ലതല കായികമേളകൾ നടക്കുന്നത്. വർഷങ്ങളായി പത്തനംതിട്ട ജില്ല സ്റ്റേഡിയം, തിരുവല്ല നഗരസഭ സ്റ്റേഡിയം എന്നിവിടങ്ങളിലായിരുന്നു കായിക മേളകൾ നടന്നിരുന്നത്. പത്തനംതിട്ട ജില്ല സ്റ്റേഡിയത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചതേയുള്ളൂ. 400 മീറ്റർ സിന്തറ്റിക് ട്രാക്ക്, ത്രോ ഇനങ്ങൾക്കുള്ള പ്രത്യേക സെക്ടറുകൾ, ലോങ് ജംപ് പിറ്റ്, ശുചിമുറി സൗകര്യങ്ങൾ എന്നിവ കൊടുമണ്ണിലുണ്ട്. എന്നാൽമേൽക്കൂരയോടുകൂടിയ പവിലിയൻ ഇല്ലാത്തത് പ്രധാന പ്രശ്നമാണ്. ത്രോ ഇനങ്ങളുടെ സുരക്ഷക്കായി പ്രത്യേകം നെറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. ജില്ലയിൽ സിന്തറ്റിക് ട്രാക്കുള്ള പബ്ലിക് സ്റ്റേഡിയം കൊടുമണ്ണിൽ മാത്രമാണുള്ളത്.
മേളയുടെ ചെലവ് ‘താങ്ങൂല്ലാ’...
കായികമേളയുടെ ചെലവിനായി ഏഴ് ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്. എന്നാൽ തുക വർധിപ്പിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. ഓരോ ജില്ല കായികമേള കഴിയുമ്പോഴും ചുമതലപ്പെട്ടവർ കടക്കെണിയിലാകുന്നതായി ഭാരവാഹികൾ പറഞ്ഞു. അതിനാൽ ഉത്തരവാദിത്വം ഏറ്റെടുക്കാൻ അധ്യാപകർക്ക് മടിയാണ്. 40ഓളം വരുന്ന ഒഫീഷ്യൽസിന് പ്രതിഫലം നൽകാൻ മാത്രം വലിയ തുക വേണ്ടിവരുന്നു. മൂന്ന് ദിവസത്തെ ഭക്ഷണം, പന്തൽ, ഉച്ചഭാഷിണി ഇവക്കെല്ലാം വലിയ ചെലവുണ്ട്.