ഏഴംകുളം-കൈപ്പട്ടൂർ റോഡ്; കൊടുമണ്ണിൽ കാത്തിരിപ്പ് കേന്ദ്രത്തിന്റെ മധ്യത്തിലൂടെ ഓട നിർമാണം
text_fieldsകൊടുമൺ ജങ്ഷനിലെ പഴയ ബസ് കാത്തിരിപ്പ് കേന്ദ്രം നിലനിർത്തി മധ്യത്തിലൂടെ ഓട നിർമിക്കുന്നു
കൊടുമൺ: ഏഴംകുളം-കൈപ്പട്ടൂർ റോഡ് പണിയുമായി ബന്ധപ്പെട്ട് കൊടുമണ്ണിൽ വിചിത്രമായ ഓട നിർമാണം. കൊടുമൺ ജങ്ഷനിലെ പഴയ ബസ് കാത്തിരിപ്പ് കേന്ദ്രം നിലനിർത്തി അതിന്റെ മധ്യഭാഗത്തു കൂടിയാണ് ഓട നിർമിക്കുന്നത്. ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ തൂണുകൾ നിലനിർത്തി ഓട പണി നടന്നു കൊണ്ടിരിക്കയാണ്.
പഴയ ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിക്കരുതെന്നത് സി.പി.എം പഞ്ചായത്ത് ഭരണസമിതിയുടെ നിർദേശമാണെന്നും ആരോപണം ഉയരുന്നുണ്ട്. രാഷ്ടീയ പ്രേരിതമാണിതെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. സി.പി.എം നേതാവുംപഞ്ചായത്ത് പ്രസിന്റുമായിരുന്ന എം. കൃഷ്ണൻ നായരുടെ സ്മാരകമായി പഞ്ചായത്ത് ഭരണസമിതി വർഷങ്ങൾക്ക് മുമ്പ് നിർമിച്ചതാണ് കാത്തിരിപ്പ് കേന്ദ്രം.
എന്നാൽ, ഓട പണി കഴിഞ്ഞ് പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രം ഇവിടെ പണിയണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. പഴയ ബസ് കാത്തിരിപ്പ് കേന്ദ്രം നിലനിർത്തി അതിന് മധ്യത്തിലൂടെ ഓട പണിയുന്നത് കോൺഗ്രസിനുള്ളിലും എതിർപ്പ് ശക്തമായിട്ടുണ്ട്. എന്നാൽ, ഇനിയും മറ്റൊരു ഓട വിവാദത്തിനില്ലെന്നാണ് നേതാക്കൾ പറയുന്നത്.