ജില്ല ജൂനിയർ അത്ലറ്റിക്സ് മീറ്റ്; മേള ഇന്ന് സമാപിക്കും
text_fieldsജില്ല ജൂനിയർ അത്ലറ്റിക് മീറ്റ് കൊടുമൺ ഇ.എം.എസ് സ്റ്റേഡിയത്തിൽ ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ. അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു
കൊടുമൺ: കായിക മികവിന് ഊർജമേകി ജില്ല ജൂനിയർ അത്ലറ്റിക് മീറ്റിൽ മികച്ച പ്രകടനം പുറത്തെടുത്ത് കുട്ടികൾ.
കൊടുമൺ ഇ.എം.എസ് സ്റ്റേഡിയത്തിൽ നടക്കുന്ന മേള തിങ്കളാഴ്ച സമാപിക്കും. നാല് വിഭാഗങ്ങളിലായാണ് മത്സരം നടക്കുന്നത്. 14, 18, 19, 20 വയസ്സിന് താഴെയുള്ളവരുടെ വിഭാഗങ്ങളിലായി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക മത്സരത്തിൽ വാശിയേറിയ പോരാട്ടം നടന്നു.
സ്കൂൾ, കോളജ് വിദ്യാർഥികളും സ്പോർട്സ് ക്ലബുകളും മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ തവണ പത്തനംതിട്ട ബേസിക് അക്കാദമിയായിരുന്നു
ക്ലബ് വിഭാഗത്തിൽ ജേതാക്കൾ. സ്കൂൾ വിഭാഗത്തിൽ ഇരവിപേരൂർ സെന്റ് ജോൺസ് സ്കൂളായിരുന്നു.
അത്ലറ്റിക് മീറ്റ് ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. അത്ലറ്റിക് അസോസിയേഷൻ പ്രസിഡന്റ് കെ. മോഹനൻ നായർ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി എബ്രഹാം ജോസഫ്, മാത്യു ടി. ജോർജ്, ജോർജ് ബിനു രാജ് എന്നിവർ സംസാരിച്ചു.
മികച്ച പ്രകടനവുമായി എച്ച്. അമാനിക
കൊടുമൺ: കൊടുമണ്ണിൽ നടക്കുന്ന ജില്ല ജൂനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച് പത്തനംതിട്ട ബേസിക് അത്ലറ്റിക്സ് ക്ലബിലെ എച്ച്. അമാനിക. അണ്ടർ 18 വിഭാഗം 100 മീറ്റർ ഓട്ടത്തിൽ അമാനികക്കാണ് ഒന്നാം സ്ഥാനം. കഴിഞ്ഞ ദേശീയതല മത്സരത്തിൽ അണ്ടർ 19 വിഭാഗം റിലേയിൽ കേരളത്തിന് വേണ്ടി ഒന്നാം സ്ഥാനം നേടിയിരുന്നു. സംസ്ഥാനതലത്തിൽ ലോങ് ജംപ്, 100 മീറ്റർ ഇനങ്ങളിൽ വെള്ളി മെഡൽ നേടിയിരുന്നു.
അടൂർ സെന്റ് മേരീസ് ഹയർ സെക്കൻഡറിയിൽ പ്ലസ് ടു വിദ്യാർഥിനിയാണ്. കോന്നിയിലാണ് വീട്. സ്കൂളിലെ കായിക അധ്യാപിക സിമി മറിയം ജോസ്, ബേസിക് അത്ലറ്റിക്സ് ക്ലബിലെ റിജുൻ മാത്യു എബ്രഹാം എന്നിവരാണ് പരിശീലകർ.