പാസ്റ്റിക് മാലിന്യം കുമിയുന്നു; നോക്കുകുത്തിയായി ആർ.ആർ.എഫ് സെന്റർ
text_fieldsകൊടുമൺ വാഴവിള വലിയതോടിന്റ കരയിലെ റിസോഴ്സ് റിക്കവറി ഫെസിലിറ്റി സെന്റർ കെട്ടിടം
കൊടുമൺ: പ്ലാസ്റ്റിക് അടക്കമുള്ള അജൈവ പാഴ്വസ്തുക്കൾ ശേഖരിച്ച് പൊടിക്കാൻ നിർമിച്ച റിസോഴ്സ് റിക്കവറി ഫെസിലിറ്റി സെന്റർ (ആർ.ആർ.എഫ്) പ്രവർത്തനം വൈകുന്നു. കൊടുമൺ വാഴവിള കരുവിലാക്കോട് റോഡിനു സമീപം വലിയതോടിന്റ കരയിൽ രണ്ടുവർഷം മുമ്പാണ് കെട്ടിടം നിർമിച്ചത്.
പറക്കോട് ബ്ലോക്ക് പഞ്ചായത്താണ് തുക അനുവദിച്ചത്. ഇവിടെ സ്ഥാപിച്ച മോട്ടോറിന്റെ ക്ഷമത പരിശോധന നടന്നിട്ടില്ല. കലക്ടറുടെ അനുമതി ലഭിച്ചിട്ടുമില്ല. കൊടുമൺ ജങ്ഷനു സമീപം വാടകക്കെട്ടിടത്തിലായിരുന്നു ആർ.ആർ.എഫ് ആദ്യം പ്രവർത്തിച്ചിരുന്നത്. കരുവിലാക്കോട് പുതിയ കെട്ടിടം നിർമിച്ചപ്പോൾ ത്രീഫേസ് വൈദ്യുതി കണക്ഷൻ ലഭിക്കാൻ കാലതാമസമുണ്ടായി. അടുത്തിടെ കണക്ഷൻ ലഭിച്ചതായി ബ്ലോക്ക് പഞ്ചായത്ത് അധികൃതർ പറഞ്ഞു.
പാഴ്വസ്തുക്കൾ പൊടിക്കാ ആർ.ആർ.എഫിൽ സ്ഥാപിച്ച യന്ത്രങ്ങൾ തുരുമ്പെടുത്തു നശിച്ചു. വിവിധ പഞ്ചായത്തുകളിൽനിന്ന് സംഭരിക്കുന്ന അജൈവ മാലിന്യം ഇവിടെയെത്തിച്ച് സംസ്കരിച്ച് റോഡ് നിർമാണത്തിനും മറ്റും ഉപയോഗിക്കാനായിരുന്നു പദ്ധതി.
ക്ലീൻ കേരള കമ്പനി തദ്ദേശ സ്ഥാപനങ്ങളിൽനിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക്കാണ് ബ്ലോക്ക് തലത്തിലുള്ള ആർ.ആർ.സിയിൽ കൊണ്ടുവരുന്നത്. അവിടെ യന്ത്ര സഹായത്താൽ പുനഃചംക്രമണ സാധ്യതയുള്ളവയാക്കി മാറ്റും. യോഗ്യമല്ലാത്ത മൾട്ടി ലെയർ പ്ലാസ്റ്റിക് യന്ത്രസഹായത്താൽ അരിഞ്ഞ് സൂക്ഷിക്കും. ഇത് റോഡ് ടാറിങ്ങിന് ഉപയോഗിക്കണം. തദ്ദേശസ്ഥാപനങ്ങളും പൊതുമരാമത്തും ടാറിങ് 20 ശതമാനം റോഡുകളിൽ ഇത്തരം പ്ലാസ്റ്റിക് ഉപയോഗിക്കണമെന്ന് സർക്കാർ നിർദേശമുണ്ട്.
മോട്ടോറിന്റെ പരിശോധന നടത്തേണ്ടതുണ്ടന്നും കലക്ടറുടെ അനുമതി ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. തുളസീധരൻ പിള്ള പറഞ്ഞു. ആർ.ആർ.എഫ് പ്രവർത്തനം ഈമാസം ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.