വാടകവീട് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന: മൂന്നുപേർ അറസ്റ്റിൽ
text_fieldsഅരുൺ, അഖിൽ, സന്തോഷ്
കൊടുമൺ: കൊടുമൺ ഐക്കാട് വാടകവീട് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന നടത്തിവന്ന മുൻ സൈനികനുൾപ്പെടെ മൂന്നുപേരെ പൊലീസ് പിടികൂടി.
സി.ആർ.പി.എഫ് മുൻ ഉദ്യോഗസ്ഥൻ പന്തളം മങ്ങാരം അരുൺ ഭവനത്തിൽ എസ്. അരുൺ (26), സഹോദരൻ അഖിൽ, പ്രമാടം പൂങ്കാവ് നെല്ലിനിൽക്കുന്നതിൽ എസ്. സന്തോഷ് (45) എന്നിവരാണ് കൊടുമൺ പൊലീസിന്റെയും ഡാൻസാഫ് സംഘത്തിന്റെയും പരിശോധനയിൽ കുടുങ്ങിയത്. അഖിൽ പന്തളം പൊലീസ് സ്റ്റേഷനിലെ രണ്ട് അടിപിടിക്കേസുകളിൽ പ്രതിയാണ്.
ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതികൾ നിരീക്ഷണത്തിലായിരുന്നു. കൊടുമൺ പൊലീസ് ഇൻസ്പെക്ടർ പി. വിനോദിന്റെ നേതൃത്വത്തിൽ വൈകീട്ടോടെ വീട് വളഞ്ഞ് പ്രതികളെ പിടികൂടുകയായിരുന്നു. ഇതിനിടെ അഖിൽ കഞ്ചാവ് ക്ലോസറ്റിൽ ഉപക്ഷിച്ചുവെങ്കിലും പൊലീസ് പിടിച്ചെടുത്തു.
ഡിവൈ.എസ്.പിമാരായ ജെ. ഉമേഷ് കുമാർ, ജി. സന്തോഷ് കുമാർ എന്നിവരുടെ മേൽനോട്ടത്തിൽ എസ്.ഐ ബിപിൻ, സി.പി.ഒമാരായ വിൻസന്റ്, അലക്സ്, മനോജ്, അനൂപ് എന്നിവരും ഡാൻസാഫ് സംഘത്തിലെ ഉദ്യോഗസ്ഥരും പരിശോധനയിൽ പങ്കെടുത്തു.