സ്വരാജ് ട്രോഫി, മഹാത്മാ പുരസ്കാരങ്ങൾ
text_fieldsകൊടുമൺ പഞ്ചായത്തിന്പുരസ്കാരം
കൊടുമൺ: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ മികച്ച പ്രവർത്തനം നടത്തിയ പഞ്ചായത്തുകൾക്കുള്ള മഹാത്മാ പുരസ്കാരത്തിന് കൊടുമൺ പഞ്ചായത്തിനെ തെരെഞ്ഞെടുത്തു. തൊഴിലുറപ്പ് പദ്ധതി കാര്യക്ഷമമായി നടപ്പാക്കുന്ന ജില്ലയിലെ മികച്ച പഞ്ചായത്തുകൾക്കുള്ള രണ്ടാം സ്ഥാനമാണ് കൊടുമണ്ണിനു ലഭിച്ചത്. 2023-24 സാമ്പത്തിക വർഷം 6.82 കോടിയുടെ പദ്ധതികളാണ് പഞ്ചായത്ത് ഏറ്റെടുത്ത് നടപ്പാക്കിയത്. പഞ്ചായത്തിൽ സജീവമായി പണിയെടുക്കുന്ന 2532 തൊഴിലാളികളാണുള്ളത്. അതിൽ 1104 തൊഴിലാളികൾക്ക് 100 ദിവസം തൊഴിൽ ലഭിച്ചു. 2023-24 സാമ്പത്തിക വർഷത്തിൽ 1,54,116 തൊഴിൽ ദിനങ്ങളും സൃഷിച്ചു.
കൊടുമൺ പഞ്ചായത്തിൽ മണ്ണൊലിപ്പ് തടയുന്നതിനുള്ള മൺ കയ്യാല നിർമാണം (ഫയൽ ചിത്രം)
മണ്ണുജല സംരക്ഷണ പ്രവർത്തനങ്ങൾക്കാണ് പദ്ധതിയിൽ മുൻഗണന നൽകിയത്. ഭൂമി തട്ടുതിരിക്കൽ, മഴക്കുഴികൾ, മണ്ണൊലിപ്പ് തടയുന്നതിനുള്ള മൺകയ്യാലകൾ, കുളം നിർമാണം, തോട് നവീകരണം, കിണർ നിർമ്മാണം കിണർ റീചാർജിങ് തുടങ്ങിയ പ്രവർത്തനങ്ങൾ നടപ്പാക്കി. ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട പ്രോജക്ടുകളായ സോക്പിറ്റ് നിർമാണം, കമ്പോസ്റ്റ് പിറ്റ് എന്നിവയും നടപ്പാക്കി.
മഹാത്മാ പുരസ്കാരം: ഒന്നാമത് ഓമല്ലൂർ പഞ്ചായത്ത്
പത്തനംതിട്ട: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ജില്ലയിൽ മികച്ച പ്രവർത്തനം കാഴ്ച വെച്ചതിനുള്ള മഹാത്മപുരസ്ക്കാരം ഒന്നാം സ്ഥാനം ഓമല്ലൂർ ഗ്രാമപഞ്ചായത്തിന് ലഭിച്ചു. തുടർച്ചയായി രണ്ടാം തവണയാണ് ഓമല്ലൂരിനു പുരസ്കാരം ലഭിക്കുന്നത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ 2023-24 വർഷത്തെ പ്രവർത്തന മികവിനാണ് പുരസ്കാരം ലഭിച്ചത്. ശുചിത്വ മാലിന്യ പ്രവർത്തികൾക്ക് മുൻഗണന നൽകി ഗ്രാമീണ അടിസ്ഥാന വികസന പ്രവർത്തികൾ നടപ്പിലാക്കി. സമസ്ത മേഖലയിലും തൊഴിലുറപ്പിൽ ഇടപെടൽ നടത്തിയതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോൺസൺ വിളവിനാൽ പറഞ്ഞു. ശുചിത്വ മാലിന്യ സംവിധാനങ്ങളായ സോക് പിറ്റുകൾ, കമ്പോസ്റ്റ് പിറ്റുകൾ നിർമിച്ചു.
ഓമല്ലൂർ പഞ്ചായത്തിൽ കയർമെത്ത വിരിച്ച തോട്
കോളനികളിൽ കാർഷിക ആവശ്യത്തിനും കുടിവെള്ളത്തിനുമായി കിണറുകൾ കിണർ റീചാർജുകൾ നടപ്പാക്കി. അമൃത് സരോവർ പദ്ധതിയിൽ ഉൾപ്പെടുത്തി മുള്ളാനിക്കാട് വാർഡിൽ അര ഏക്കറിൽ ചേറ്റൂർ ചാൽ വീണ്ടെടുത്ത് ആഴം കൂട്ടി വശങ്ങൾ ബലപ്പെടുത്തി. അംഗൻവാടി കെട്ടിടങ്ങൾ സ്കൂളുകളിൽ പാചകപ്പുര ഡൈനിംഗ് ഹാളുകൾ കലുങ്കുകൾ എന്നിവ തൊഴിലുറപ്പ് പദ്ധതിയിൽ നിർമിച്ചിട്ടുണ്ട് . ഭരണസമിതിയുടെ ദീർഘവീക്ഷണത്തോടെയുളള പദ്ധതികളുടെ മേൽനോട്ടവുമാണ് അവാർഡ് ലഭിക്കാൻ സഹായിച്ചതെന്ന് പ്രസിഡന്റ് അഡ്വ. ജോൺസൺ വിളവിനാൽ പറഞ്ഞു.