കോന്നി സ്വന്തമാക്കാൻ ഇരുമുന്നണിയും
text_fieldsപത്തനംതിട്ട: സംസ്ഥാനത്തെ നിയമസഭ മണ്ഡലങ്ങളിൽ ഭൂവിസ്തൃതികൊണ്ട് മുന്നിലാണ് ഏെറ വനമേഖലയായ കോന്നി. കോഴഞ്ചേരി, അടൂർ, റാന്നി താലൂക്കുകളിലായി വ്യാപിച്ച മണ്ഡലത്തിൽ 11 ഗ്രാമപഞ്ചായത്താണ് ഉള്ളത്. ആദിവാസി ജനവിഭാഗങ്ങളും ഏറെയുള്ളതും ശബരിമലയോട് ചേർന്നതുമായ മണ്ഡലത്തിലാണ് രാജ്യംതന്നെ ശ്രദ്ധിച്ച ഭൂസമരം അരങ്ങേറിയ ചെങ്ങറ. 1967ലാണ് പത്തനംതിട്ട, റാന്നി, അടൂർ മണ്ഡലങ്ങളുടെ ഭാഗങ്ങൾ കൂട്ടിച്ചേർത്ത് കോന്നി നിലവിൽ വന്നത്. ഇരു മുന്നണിയുടെയും സ്ഥാനാർഥികൾ കോന്നിയിൽനിന്ന് നിയമസഭയിൽ എത്തിയിട്ടുണ്ടെങ്കിലും അടൂർ പ്രകാശിെൻറ വരവോടെ യു.ഡി.എഫ് മണ്ഡലമായി മുദ്രകുത്തപ്പെട്ടു. നാലാംവട്ടം പൂർത്തിയാക്കുംമുമ്പ് അടൂർ പ്രകാശ് ലോക്സഭയിലേക്ക് മത്സരിച്ചതിനെത്തുടർന്ന് വേണ്ടിവന്ന ഉപതെരഞ്ഞെടുപ്പിൽ യുവ സ്ഥാനാർഥിയെ രംഗത്തിറക്കി സി.പി.എം മണ്ഡലം പിടിച്ചെടുക്കുകയായിരുന്നു.
കെ.യു. ജനീഷ്കുമാറിനെതന്നെ രംഗത്തിറക്കി മണ്ഡലം നിലനിർത്താനുള്ള പരിശ്രമത്തിലാണ് ഇടതുമുന്നണി. 1996 ലാണ് അടൂർ പ്രകാശിെൻറ രംഗപ്രവേശം. പത്മകുമാർ അടൂർ പ്രകാശിനോട് തോറ്റു. 2001ൽ കവി കടമ്മനിട്ട രാമകൃഷ്ണനെ സി.പി.എം രംഗത്തിറക്കിയെങ്കിലും വലിയ ഭൂരിപക്ഷത്തിൽ അടൂർ പ്രകാശ് ജയിച്ചു. 2006 ൽ സി.പി.എമ്മിലെ വി.ആർ. ശിവരാജനായിരുന്നു എതിരാളി. അപ്പോഴും അടൂർ പ്രകാശിെൻറ ഭൂരിപക്ഷം ഉയർന്നതേയുള്ളു. 2011 എം.എസ്. രാജേന്ദ്രനെ സി.പി.എം രംഗത്തിറക്കിയെങ്കിലും ഫലമുണ്ടായില്ല. 2016 ലും ഭൂരിപക്ഷം വർധിപ്പിച്ചു. അടൂർ പ്രകാശ് ലോക്സഭയിലേക്ക് ആറ്റിങ്ങലിൽനിന്ന് മത്സരിക്കാൻ പോയതോടെയാണ് കോന്നിയിൽ സി.പി.എമ്മിെൻറ മോഹങ്ങൾ വീണ്ടും പൂവണിഞ്ഞത്.
യു.ഡി.എഫ് ക്യാമ്പിൽ സ്ഥാനാർഥിയെ ചൊല്ലി ഉടലെടുത്ത തർക്കം കോൺഗ്രസിന് വിനയായി. ബി.ജെ.പിയുടെ കെ. സുരേന്ദ്രനും രംഗത്തിറങ്ങിയതോടെ ത്രികോണ മത്സരത്തിൽ 9953 വോട്ടിെൻറ ഭൂരിപക്ഷത്തിനാണ് കെ.യു. ജനീഷ്കുമാർ പി. മോഹൻരാജനെ പരാജയപ്പെടുത്തിയത്. ജനീഷ്കുമാർ വീണ്ടും സ്ഥാനാർഥിത്വം ഉറപ്പിച്ച് മുന്നോട്ടുപോകുേമ്പാൾ മറുഭാഗത്ത് ഇത്തവണയും അനിശ്ചിതത്വത്തിന് സാധ്യത നിലനിൽക്കുന്നു. അടൂർ പ്രകാശ് കഴിഞ്ഞ തവണ നിർദേശിച്ച റോബിൻ പീറ്ററിനാണ് കൂടുതൽ സാധ്യത. കെ. സുരേന്ദ്രൻ വീണ്ടും കോന്നിയിലേക്കില്ലെന്ന് ഏറക്കുറെ ഉറപ്പിച്ച സാഹചര്യത്തിൽ ബി.െജ.പിയുടെ എ ക്ലാസ് പട്ടികയിൽ ഉൾപ്പെട്ട മത്സരത്തിൽ പ്രമുഖരായ മറ്റാരെങ്കിലും പുറത്തുനിന്ന് എത്തിയേക്കും.