കോന്നി മെഡിക്കൽ കോളജ് ഉടൻ പൂർണസജ്ജമാകും -ആരോഗ്യമന്ത്രി
text_fieldsകോന്നി: കോന്നി മെഡിക്കൽ കോളജ് ഈ വർഷം അവസാനത്തോടെ പൂർണമായി പ്രവർത്തനസജ്ജമാക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. എല്ലാ ചികിത്സ വിഭാഗങ്ങളും ആശുപത്രിയിലുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. കോന്നി മെഡിക്കൽ കോളജ് ഗൈനക്കോളജി വിഭാഗത്തിൽ ലക്ഷ്യ നിലവാരത്തിൽ നിർമിച്ച ലേബർ റൂം ആൻഡ് ഓപറേഷൻ തിയറ്റർ, എച്ച്.എൽ.എൽ ഫാർമസി എന്നിവയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു വീണ ജോർജ്.
മൂന്നരക്കോടി വിനിയോഗിച്ചാണ് കോന്നി മെഡിക്കൽ കോളജിൽ ലേബർ റൂം തയാറാക്കിയിരിക്കുന്നത്. 167.33 കോടിയുടെ നിർമാണം ഒന്നാം ഘട്ടത്തിൽ നടത്തിയിട്ടുണ്ട്. മൂന്ന് വർഷങ്ങൾ കഴിഞ്ഞാൽ പി.ജി കോഴ്സുകൾ ആരംഭിക്കാൻ കഴിയുമെന്നും അവർ പറഞ്ഞു. കാസർകോടും വയനാടും പുതിയ മെഡിക്കൽ കോളജുകൾ ആരംഭിക്കാൻ സർക്കാർ ലക്ഷ്യമിടുന്നതായും മന്ത്രി കൂട്ടിച്ചേർത്തു.
അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു. അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇൻ ചാർജ് മണിയമ്മ രാമചന്ദ്രൻ, മെഡിക്കൽ കോളജ് സൂപ്രണ്ട് എ. ഷാജി, എച്ച്.ഡി.എസ് അംഗങ്ങളായ രാജു നെടുവുംപുറം, അമ്പിളി വർഗീസ്, റഷീദ് മുളന്തറ, എ.എസ്.എം ഹനീഫ, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ.ആർ.എസ്. നിഷ , ഗൈനക്കോളജി ഡിപ്പാർട്ട്മെന്റ് എച്ച്.ഒ.ഡി ഡോ. സജിനി ബി തുടങ്ങിയവർ സംസാരിച്ചു.