യുവാവിനെ കുത്തി പരിക്കേൽപ്പിച്ച പ്രതിക്ക് വാഹനാപകടത്തിൽ പരിക്ക്
text_fieldsപ്രതീകാത്മക ചിത്രം
കോന്നി: അതുമ്പുംകുളം ഞള്ളൂരിൽ നടുറോഡിൽ യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ചയാൾക്ക് വാഹനാപകടത്തിൽ പരിക്ക്. സംഭവശേഷം ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതി വാഹനാപകടത്തിൽപെട്ടത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം. ഞള്ളൂർ വലിയകാലായിൽ വീട്ടിൽ സജു വർഗീസിനാണ് (46) കുത്തേറ്റത്.
സുഹൃത്തും പയ്യനാമൺ സ്വദേശിയുമായ പച്ചയിൽ വീട്ടിൽ ബെന്നി വർഗീസാണ് (45) പ്രതി. സജുവിനെ കുത്തി പരിക്കേൽപ്പിച്ച പ്രതി ബൈക്കിൽ പയ്യനാമണ്ണിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിനിടെ എതിരെ വന്ന ഓട്ടോറിക്ഷയുമായി ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു.
സംഭവത്തിൽ ബെന്നി വർഗീസിന് ഗുരുതര പരിക്കേറ്റു. വിദേശത്ത് ജോലി ചെയ്തിരുന്ന ഇരുവരും സാമ്പത്തിക ഇടപാടുകൾ നിലനിന്നിരുന്നു. ഇതേ തുടർന്നുണ്ടായ പ്രശ്നങ്ങളാണ് സംഭവത്തിലേക്ക് നയിച്ചത് എന്നാണ് നിഗമനം. കുത്തേറ്റ സജുവിനെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലും ബെന്നി വർഗീസിനെ കോട്ടയം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. ബെന്നി വർഗീസ് പൊലീസ് നിരീക്ഷണത്തിൽ തുടരുകയാണ്. ഇയാൾക്കെതിരെ വധ ശ്രമത്തിനടക്കം കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു.